കുട്ടി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പൊലിസ്
തിരൂരങ്ങാടി: കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരേ പൊലിസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്‌കൂള്‍ പരിസരത്തെ വീട്ടുടമസ്ഥരുടെ പേരിലും നടപടി വരുന്നു. കഴിഞ്ഞദിവസം തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി, എ.ആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തിരണ്ട് പേരെ പൊലിസ് കൈയോടെ പിടികൂടി.
ലൈസന്‍സ്, ഹെല്‍മെറ്റ് എന്നിവയില്ലാതെ വാഹനമോടിച്ചതിനാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പൊലിസ് പൊക്കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപകടം വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു. 2016ല്‍ തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 അപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2017ല്‍ ഒന്നര മാസത്തിനകം തന്നെ 10 അപകടമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനോടൊപ്പം അവയിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളെയും നിരീക്ഷിച്ച് നടപടിയെടുക്കുകയാണ് പൊലിസ്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നല്ലൊരുഭാഗം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതായി പൊലിസ് കണ്ടെത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഈയിടെ പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂള്‍പരിസരത്തെ വീടുകളില്‍ വാഹനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുകയാണ് പതിവ്. ഇതോടെ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ സൂക്ഷിക്കുന്ന വീട്ടുടമസ്ഥരുടെ പേരിലും കേസെടുക്കാന്‍ പൊലിസ് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കളുടെ പേരിലും കേസെടുക്കുമെന്നും ഇവരെ എടപ്പാളിലെ ക്യാംപിലേക്ക് പരിശീലനത്തിന് അയക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."