സംഭവത്തില്‍ ദുരൂഹതയേറുന്നു
കഠിനംകുളം: 24 മണിക്കൂറും സുരക്ഷാ സംവിധാനമുള്ള കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ദുരൂഹതയേറുന്നു. ദേശീയപാതയോട് ചേര്‍ന്നുള്ള കാമ്പസിന്റെ പ്രധാന കവാടത്തില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയ സ്ഥലം ഏകദേശം 500 മീറ്റര്‍ ദൂരത്താണ്. കുറ്റിക്കാട് പിടിച്ച് കിടക്കുന്ന ഇവിടെ ഉഗ്രവിഷമേറിയ ഇഴജന്തുക്കളുടെ ആവാസകേന്ദ്രം കൂടിയാണ്. ഈ പ്രദേശത്തേക്ക് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും പോകാന്‍ ഭയമാണ്.
കാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നിടത്ത് നിന്നും ഏകദേശം 300 മീറ്ററെങ്കിലുമുണ്ടാകും മൃതദേഹം കണ്ടെത്തിയ സ്ഥലം. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണില്‍പ്പെടാതെ ഒരാള്‍ക്കും ഇവിടെ എത്താന്‍ കഴിയില്ലന്ന് മാത്രമല്ല എത്ര ധൈര്യമുള്ളവനും ഇവിടെ വരുമ്പോള്‍ ഒന്ന് പതറും. അതാണ് ഈ കാമ്പസിനുള്ളിലെ കാടിന്റെ രീതി. അങ്ങനെയുള്ള ഒരിടത്ത് രണ്ട് അക്കേഷ്യ മരത്തിലായി കാവി തുണികൊണ്ട് കെട്ടിയ ഊഞ്ഞാലിലാണ് ഈ മൃതദേഹം. ഇതാണ് കാമ്പസ് അധികൃതരേയും വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും നിയമപാലകരേയും ഒരേ പോലെ ചിന്തിപ്പിക്കുന്നത്.
കാവി മുണ്ട് ധാരിയായ ഒരു നാടോടി രണ്ട് മാസം മുന്‍പ് കാര്യവട്ടം കേന്ദ്രീകരിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നു എന്നും ഒരു മാസമായി ഇയാളെ കാണാനില്ലന്നും ജനസംസാരമുണ്ടെങ്കിലും അതിനൊന്നും ഒരു വ്യക്തത പൊലിസിന് ലഭിച്ചിട്ടില്ല. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും കാംപസിനും സമീപത്തുള്ള ഈ കൊടുംകാട് പണ്ടേ ജനവാസമില്ലാത്തതാണ്. ടെക്‌നോപാര്‍ക്ക് വരുന്നതിന് മുമ്പും വന്നതിന് ശേഷവുമുള്ള കുറച്ച് വര്‍ഷങ്ങളും ഇപ്പോള്‍ മൃതദ്ദേഹം കണ്ടെത്തിയ കുറ്റിക്കാടായിരുന്നു ജില്ലയിലെ തന്നെ ഗുണ്ടകളുടെ താവളം. കൊലക്കേസ്, ബോംബേറ്, കൂലിത്തല്ല് ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികളുടെയും അവരുടെ സഹായികളുടെയും ഒളിസങ്കേതമായിരുന്നു. കുറ്റവാളികളെ പിടികൂടാനായി പൊലിസിന് പോലും പേടിയായിരുന്നു ഇവിടെ പോകാന്‍. കുറ്റിക്കാടിനെ ചുറ്റിക്കിടക്കുന്ന ചുടലി മുള്ളില്‍ പെടാതെ പരിചയമില്ലാത്തവര്‍ക്ക് ഇവിടെ വന്ന് പോകാന്‍ കഴിയില്ല.
ഗുണ്ടകളുടെ താവളം ഈ കാടാണെന്ന പത്രവാര്‍ത്തകളോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമ്പസില്‍ സെക്യുരിറ്റി സംവിധാനം ശക്തമാക്കിയത്. ഇവിടെ ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹത്തെ ചൊല്ലിയുള്ള ദുരൂഹതയിലാണ് കാംപസും ഈ നാടും. എന്നാല്‍ ഫോറന്‍സിക് വിദഗ്ദരും പൊലിസും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ ചുരുളഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."