കടല്‍പരപ്പ് കാണാന്‍ കാടിന്റെ മക്കളെത്തി
കൊല്ലം: കടലും കായല്‍പ്പരപ്പും കാണാന്‍ കാടിന്റെ മക്കളെത്തി. എം.മുകേഷ് എം.എല്‍.എ ഇവരെ മധുരം നല്കി സ്വീകരിച്ചു. ജില്ലാ കലക്ടര്‍ കുശലം പറഞ്ഞു. അച്ചന്‍കോവില്‍ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ വിനോദയാത്രയാണ് വേറിട്ട അനുഭവമായത്.
മുകേഷിനെ അറിയാമോ... കലക്ടര്‍ മിത്രയുടെ ചോദ്യത്തിന് എല്ലാവരും അറിയാമെന്ന് തലയാട്ടി. കുട്ടികള്‍ സിനിമകള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞതോടെ എം.എല്‍.എയുടെ ചുണ്ടിലും നിറഞ്ഞ പുഞ്ചിരി. ചാനലിലെ പരിപാടിയും കാണാറുണ്ടെന്നായിരുന്നു കുട്ടികളുടെ മറുപടി. ജനപ്രതിനിധിക്കപ്പുറം മുകേഷ് എന്ന സിനിമാതാരത്തെ അടുത്തറിയാനായതിന്റെ ത്രില്ലിലായിരുന്നു കുട്ടികള്‍. നന്നായി പഠിക്കണമെന്ന ഉപദേശമായിരുന്നു എം.എല്‍.എക്ക് പറയാനുണ്ടായിരുന്നത്.
തുടര്‍ന്ന് അഷ്ടമുടിക്കായലില്‍ ബോട്ട് യാത്രയും ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പ്രത്യേക സന്ദര്‍ശനവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കി. ആര്. പി മാളിലെ സിനിമയും കഴിഞ്ഞ് വൈകിട്ടോടെ തങ്കശ്ശേരി വിളക്കുമാടം സന്ദര്‍ശിച്ചു. പിന്നീട് കൊല്ലം ബീച്ചിലെ തിരകളോട് കുട്ടികള്‍ ഏറെനേരം സല്ലപിച്ചു.
കൊട്ടിയം ആനിമേഷന്‍ സെന്ററിലായിരുന്നു താമസം. ഇന്ന് കായംകുളം കൃഷ്ണപുരം കൊട്ടരവും ഓച്ചിറ ക്ഷേത്രവും കണ്ടശേഷമായിരിക്കും ഇവര്‍ അച്ചന്‍കോവിലിലേക്ക് മടങ്ങുക. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."