സംസ്ഥാനത്ത് നെല്‍കൃഷി ക്രമാതീതമായി കുറയുന്നു
സി.പി സുബൈര്‍
മലപ്പുറം: സംസ്ഥാനത്ത് നെല്‍കൃഷി ക്രമാതീതമായി കുറയുന്നു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നതും ഭീമമായ കൂലിയും കൃഷി ലാഭകരമല്ലാത്തതുമാണു നെല്‍കൃഷിയെ ബാധിക്കുന്നത്. 1974-75ല്‍ സംസ്ഥാനത്ത് 8.81 ലക്ഷം ഹെക്ടറിലായിരുന്നപ്പോള്‍ നെല്ലുല്‍പ്പാദനം 13.5 ലക്ഷം ടണ്ണായിരുന്നു. 2013ല്‍ ഇത്് 2,13,185 ഹെക്ടര്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ നെല്ലുല്‍പാദനം 5.8 ലക്ഷം മെട്രിക് ടണ്ണായി. അതായത് ഓരോ 10 വര്‍ഷത്തിലും രണ്ടുലക്ഷം ഹെക്ടര്‍ വീതം കൃഷി ഇല്ലാതാവുകയും ഉല്‍പാദനം പകുതിയിലധികം താഴുകയും ചെയ്തു.2013-14ല്‍ വിസ്തീര്‍ണം വീണ്ടുംകുറഞ്ഞ്് 1.99 ലക്ഷം ഹെക്ടറായി.
പുതിയ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെയുള്ളത് 1.80 ലക്ഷം ഹെക്ടര്‍ മാത്രമാണ്. അതായത് കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട്് 33,185 ഹെക്ടറായി കുറഞ്ഞു. മിക്ക ജില്ലകളിലും നെല്‍കൃഷി വ്യാപകമായി കുറഞ്ഞുവരികയാണ്. 1996-97 മുതല്‍ 2012-13രെയുള്ള കണക്കുപ്രകാരം കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവുണ്ടായിട്ടുള്ളത്( 93 ശതമാനം). തൊട്ടുപിന്നില്‍ എറണാകുളം (92), തിരുവനന്തപുരം (86), മലപ്പുറം (78), ഇടുക്കി (43.5) കോട്ടയം (13).
കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഓരോ സീസണ്‍ കഴിയുന്തോറും നെല്ലിന്റെ വിളവും കൃഷിയുടെ വിസ്തൃതിയും കുറഞ്ഞു വരികയാണ്. ജില്ലയില്‍ മൂന്നുവര്‍ഷം മുന്‍പ് ഒരുലക്ഷം ഹെക്ടറായിരുന്നെങ്കിലും ഇപ്പോള്‍ 75,000 ഹെക്ടറായി കുറഞ്ഞു. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 2013-14 വര്‍ഷത്തില്‍ 92,350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടന്നതെങ്കില്‍ 2014-15ല്‍ ഇത്് 85,573 ഹെക്ടര്‍ ആയി കുറഞ്ഞു.
ഇത്തവണ ഒന്നാംവിളയ്ക്ക് 34,946 ഹെക്ടറിലായിരുന്നു കൃഷി. രണ്ടാംവിളയില്‍ 41,000 ഹെക്ടറിലും. 2009-10 വര്‍ഷത്തില്‍ 1,00,522 ഹെക്ടറായിരുന്ന കൃഷിയാണ് ഇപ്പോള്‍ 75,346 ഹെക്ടറായി കുറഞ്ഞത്. നെല്‍കൃഷി കുറവുള്ള ഇടുക്കി ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ 729 ഹെക്ടര്‍ നെല്‍കൃഷിയാണ് ഇല്ലാതായത്. ലോറേഞ്ചില്‍ ഇളംദേശം, തൊടുപുഴ ബ്ലോക്കുകളിലാണ് കൂടുതലും നെല്‍കൃഷി ഉണ്ടായിരുന്നതെങ്കിലും പത്തുവര്‍ഷം മുന്‍പുണ്ടായിരുന്നതിന്റെ പകുതി പാടങ്ങളിലും നെല്‍കൃഷി ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
ജില്ലയില്‍ വന്‍തോതില്‍ നെല്ല്് ഉല്‍പാദിപ്പിച്ചിരുന്ന രാജാക്കാട്, സേനാപതി, അടിമാലി എന്നിവിടങ്ങളിലും വയലുകള്‍ വന്‍ തോതില്‍ ഇല്ലാതായി. 150 ഹെക്ടറിലധികം നെല്‍കൃഷിയുണ്ടായിരുന്ന രാജകുമാരി പഞ്ചായത്തില്‍ ഒരേക്കറില്‍പോലും നെല്‍കൃഷിയില്ല. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നെല്‍കൃഷിയില്ലാതാകുന്ന ആദ്യ ജില്ലയാകും ഇടുക്കി. മലപ്പുറം ജില്ലയില്‍ 7000 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷിയുള്ളത്. ഇവിടെ രണ്ട്്‌വര്‍ഷം കൊണ്ട്് 3758 ഹെക്ടറാണ് കുറഞ്ഞത്. 2013-14ല്‍ മുണ്ടകന്‍ 6846 ഹെക്ടറിലും വിരിപ്പ്് 1642 പുഞ്ച 2270 ഹെക്ടറിലും ഹെക്ടറിലുമാണുണ്ടായിരുന്നത്്. ഈ വര്‍ഷം ഇത് യഥാക്രമം 4460, 700, 1758 ഹെക്ടറില്‍ മാത്രമേയുള്ളൂ.
നെല്‍കൃഷിയില്‍ കുറച്ചെങ്കിലും ആശ്വാസത്തിന് വകയുള്ളത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ നെല്‍കൃഷിയുടെ വിസ്തൃതിയും നെല്ലുല്‍പ്പാദനവും വര്‍ധിച്ചുവരികയാണ്. 2009-2010ല്‍ 95,106 ഹെക്ടറായിരുന്ന കൃഷിഭൂമി 2011ല്‍ 97,700 ഹെക്ടറായി വര്‍ധിച്ചു.
സമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷവും രേഖപ്പെടുത്തി. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള അരിയുടെ 10 ശതമാനം പോലും ഉല്‍പ്പാദിപ്പിക്കാന്‍ സംസ്ഥാനത്തിനാകുന്നില്ല. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."