സഊദിയെ വെള്ളത്തിലാക്കി കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം
റിയാദ്: സഊദിയെ വെള്ളത്തിലാക്കി കനത്ത നാശം വിതച്ച് ശക്തിയായ മഴ തുടരുന്നു. ഇതിനകം തന്നെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും റോഡുകള്‍ ഒലിച്ചു പോകുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയില്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വാഹനത്തില്‍ കുടുങ്ങിക്കിടന്ന നൂറ് കണക്കിന് ആളുകളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അബഹ അല്‍മന്‍സ്‌ക് ജില്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് വിദേശിയെയും ഒരു സഊദി ബാലനെയും കാണാതായി. ബാലന്റെ മൃതദേഹം പിന്നീട് കിട്ടി. എന്നാല്‍, ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അബഹയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സും അഹദ് റുഫൈദയില്‍ 45 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സും അപകടത്തില്‍ പെട്ടു. ബസ്സുകള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു. കിഴക്കന്‍ പ്രവിശ്യയിലും മഴ കനത്ത ദുരിതമാണ് സമ്മാനിച്ചത്. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം താറുമാറായി.
രാവിലെ കനത്ത മഞ്ഞും മഴക്കാറും മൂലം കാഴ്ച പരിധി വളരെ കുറഞ്ഞത് വിവിധ സ്ഥലങ്ങളില്‍ അപകടം വ്യാപകമാക്കി. ഖത്വീഫില്‍ കനത്ത മഴയില്‍ വീടിന്റെ ബാല്‍ക്കണി പൂര്‍ണമായും തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതമായാണ് രക്ഷപ്പെട്ടത്. ഇവിടങ്ങളില്‍ സഹായം തേടിയും അപകട വിവരങ്ങള്‍ അറിയിച്ചും 914 പേര്‍ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 25 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഖമീസ് മുശൈത്തില്‍ സഹായം തേടി 314 കോളുകള്‍ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. ഇവിടെ അഞ്ചു താഴ്‌വരകള്‍ കരകവിഞ്ഞൊഴുകി. 213 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രവിശ്യയില്‍ പ്രളയക്കെടുതിയില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു.
അബഹ ഖമീസ് മുശൈത്ത് റോഡില്‍ നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി. പാറയിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ചുരം റോഡുകള്‍ സിവില്‍ ഡിഫന്‍സ് അടച്ചിട്ടു. കൂറ്റന്‍ പാറ പതിച്ച് ഹസ്‌ന ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് നിഗമനം.
വെള്ളം കയറിയതിനെ തുടര്‍ന്ന് അസീര്‍ സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റിലുണ്ടായിരുന്ന 21 രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയിലെ ചില വാര്‍ഡുകളിലും മുറികളിലും വെള്ളം കയറിയതായി അസീര്‍ ആരോഗ്യ വകുപ്പ് വക്താവ് സഈദ് അല്‍നുഖൈര്‍ പറഞ്ഞു.
റിയാദില്‍ മഴക്കിടെ അല്‍ഹായിര്‍ വാദിയില്‍ ഒഴുക്കില്‍ പെട്ട് മരിച്ച വിദേശ പെണ്‍കുട്ടിക്കു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുകയാണ്. പതിനഞ്ചുകാരിയാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തോടൊപ്പം ഒഴിവു സമയം ചെലവഴിക്കുന്നതിന് എത്തിയപ്പോഴാണ് പെണ്‍കുട്ടി താഴ്‌വരയിലെ വെള്ളത്തിലേക്ക് വീണത്. വെള്ളത്തില്‍ കുടുങ്ങിയ ഒരു കാര്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുക്കുകയും നാലു പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ജിദ്ദ, മക്ക,ജിസാന്‍ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മഴയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."