ധനകാര്യ ബില്‍ സെനറ്റ് പാസാക്കി യു.എസില്‍ സാമ്പത്തിക സ്തംഭനം ഒഴിവായി
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ വീണ്ടും ഉടലെടുത്ത സാമ്പത്തിക സ്തംഭനത്തിന് ഒടുവില്‍ അന്ത്യമായി. ധനകാര്യ ബില്‍ സെനറ്റ് പാസാക്കി.
ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും രാജ്യത്ത് ഭരണപ്രതിസന്ധിക്കിടയാക്കുന്ന സാമ്പത്തിക സ്തംഭനം ഉടലെടുത്തിരുന്നു. ഇതാണ് ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ നീങ്ങിയത്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയില്‍ സാമ്പത്തിക സ്തംഭനം വീണ്ടും ഉടലെടുത്തത്. കഴിഞ്ഞ മാസം 20ന് ഉടലെടുത്ത പ്രതിസന്ധിയുടെ തുടര്‍ച്ചയായിരുന്നു ഇത്. സെനറ്റില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്‍ അംഗീകരിക്കാന്‍ റിപബ്ലിക്കന്‍ അംഗമായ റാന്‍ഡ് പോള്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.
ഏറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പിന്നീട് പോള്‍ നിലപാട് മാറ്റിയതോടെയാണ് രാജ്യത്ത് ഉരുണ്ടുകൂടിയ കാര്‍മേഘം നീങ്ങിയത്. പിന്നീട് ബില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും പാസായി. ഇനി ഇതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുകയാണു വേണ്ടത്.
ജനപ്രതിനിധിസഭയില്‍ 186നെതിരേ 240 വോട്ടുകള്‍ക്ക് ബില്‍ പാസായി. സെനറ്റ് 28നെതിരേ 71 വോട്ടുകള്‍ക്കും പാസാക്കി. മാര്‍ച്ച് 23 വരെയുള്ള ധനവിനിയോഗ ബില്ലാണ് ഇന്നലെ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
ജനുവരിയില്‍ സെനറ്റില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്ലിനെതിരേ ഡെമോക്രാറ്റികള്‍ അംഗങ്ങള്‍ രംഗത്തെത്തിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് രാജ്യത്ത് മൂന്നു ദിവസത്തെ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കിടയാക്കി.
കുട്ടികളായിരിക്കെ അമേരിക്കയിലെക്കു കുടിയേറിയ ഏഴു ലക്ഷത്തിലേറെ വരുന്ന യുവാക്കളുടെ പൗരത്വം പിന്‍വലിച്ചതാണ് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചത്. പിന്നീട് അനുനയന ചര്‍ച്ചയിലൂടെ ഡെമോക്രാറ്റുകളുടെ വോട്ടു കൂടി നേടിയെടുത്താണ് ബില്‍ സെനറ്റില്‍ പാസായത്. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് പുതിയ ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."