ആ തിരക്കഥയുടെ പണിപ്പുര ഇങ്ങനെ
അനാട്ടമി വകുപ്പ് മേധാവി ഡോ.ഷീല എം.എസ് അവധിയിലുള്ളപ്പോഴാണു സൈമണ്‍ മാസ്റ്ററുടെ മൃതദേഹം കൈമാറ്റം ചെയ്യാന്‍ ഭാര്യയും മക്കളും ഒപ്പിട്ട സമ്മതപത്രവുമായി ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ വിഷയത്തില്‍ ഡോ.ഷീല പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും ഇതുസംബന്ധിച്ച് അവരുടെ ഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ സുപ്രഭാതത്തിനു ലഭിച്ചു. അതില്‍ പറയുന്നത് 2017 ഡിംസബര്‍ 13 നു വകുപ്പു ചുമതലയുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇതു സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചതെന്നാണ്.
ഇതിനുശേഷം 44 ദിവസം പിന്നെയും സൈമണ്‍ മാസ്റ്റര്‍ ജീവിച്ചു. ജനുവരി 27 നു ശനിയാഴ്ചയാണു മരിക്കുന്നത്. അത്രയും ദിവസം ഈ ഗൂഢാലോചന ആരുമറിഞ്ഞില്ല.
18 വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച മുഹമ്മദ്ഹാജിയെന്ന സൈമണ്‍ മാസ്റ്ററുടെ മൃതദേഹം കൈമാറുന്നതിനുള്ള ബോണ്ടു നല്‍കി രസീതിയുമായാണു ബന്ധുക്കള്‍ മടങ്ങിയതെന്ന് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിലും ആരുമറിഞ്ഞില്ല. മതംമാറ്റത്തെക്കുറിച്ചു ബന്ധുക്കളും മറച്ചുപിടിച്ചു. ഈ സമയം ആരെങ്കിലും പരാതിയുമായി വന്നിരുന്നെങ്കില്‍ മൃതദേഹം പെട്ടെന്ന് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുമായിരുന്നില്ലെന്നും പ്രശ്‌നം ഇത്ര വഷളാകുമായിരുന്നില്ലെന്നും ഡോ. ഷീല വ്യക്തമാക്കുന്നു.
എന്നാല്‍, മഹല്ലുകാരുള്‍പ്പെടെ ആരും പരാതിയുമായി എത്തിയില്ല. അതാണു വിഷയം ഗുരുതരമാക്കിയത്.
ഈ പ്രശ്‌നത്തില്‍ പല സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വന്നതായും ഡോ. ഷീല സമ്മതിക്കുന്നുണ്ട്. ബോണ്ട് സ്വീകരിച്ചപ്പോള്‍ നല്‍കിയ രശീതുമായി ചെന്നാണു മൃതദേഹം കൈമാറുന്നത്. അപ്പോഴും എന്തെങ്കിലും പ്രശ്‌നമുണ്ടോ കുടുംബത്തിലോ മറ്റോ ആര്‍ക്കെങ്കിലും കൃസ്ത്യന്‍ പള്ളിയില്‍ സംസ്‌ക്കരിക്കണമെന്ന ആവശ്യമുണ്ടോ എന്നും ബന്ധുക്കളോടു ഡോ.ഷീല ചോദിക്കുന്നുണ്ട്. ഒരു പ്രശ്‌നവുമില്ലെന്ന ഉറപ്പാണു ഡോക്ടര്‍ക്കു ബന്ധുക്കള്‍ നല്‍കുന്നത്. മരിച്ചയാളുടെ അനിയന്‍ കൂടെ വന്നിട്ടുണ്ടെന്നും അറിയിക്കുന്നു.
ആശുപത്രിയില്‍ നല്‍കിയ ബോണ്ടില്‍ സൈമണ്‍ മാസ്റ്ററുടെ ഒപ്പുണ്ടോയെന്നു ചോദിച്ചപ്പോള്‍ പേരു മാത്രമേയുള്ളുവെന്നാണ് ഓര്‍മ എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. ണ്ടണ്ടണ്ടണ്ടആദ്യത്തെ വസിയ്യത്തിന്റെ കോപ്പി അവര്‍ കണ്ടിട്ടില്ല. തന്നെ കാണിച്ചിട്ടില്ലെന്നും പറയുന്നു. അപ്പോഴും സൈമണ്‍ മാസ്റ്ററുടെ മതം മാറ്റത്തെക്കുറിച്ച് അവര്‍ സൂചന നല്‍കിയിട്ടില്ല. നേരത്തെ പിതാവ് അന്ത്യാഭിലാഷമെഴുതി വച്ച കഥയും ബോധപൂര്‍വം മറച്ചുവയ്ക്കുകയും ചെയ്തു.
മുമ്പുമുണ്ടായി തര്‍ക്കങ്ങള്‍
മുമ്പും ഇത്തരം തര്‍ക്കങ്ങള്‍ അനാട്ടമി ഡിപ്പാര്‍ട്ടുമെന്റില്‍ അരങ്ങേറിയിട്ടുണ്ട്. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനടുത്തു താമസിച്ചിരുന്ന പി.എ മാത്യു മാസങ്ങള്‍ക്കു മുന്‍പാണു മരിച്ചത്. ക്രിസ്തുമതവിശ്വാസിയായിരുന്നുവെങ്കിലും സഭാ നേതൃത്വത്തിന് അദ്ദേഹമൊരു തലവേദനയായിരുന്നു. സഭാനിലപാടുകളെ കണക്കിനു വിമര്‍ശിച്ചിരുന്നു. ചെന്നൈയിലും കോയമ്പത്തൂരുമൊക്കെയായിരുന്നു ഏറെനാള്‍.
നാട്ടില്‍ വെച്ചായിരുന്നു അന്ത്യം. സഭയ്ക്കുള്ളിലെ കൊള്ളരുതായ്മകളെക്കുറിച്ചു നിരന്തരം ശബ്ദിച്ച പി.എ മാത്യു താന്‍ മരിച്ചാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യരുതെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിനു കൈമാറണമെന്നും ബോണ്ട് എഴുതി ഭാര്യയെ ഏല്‍പ്പിച്ചിരുന്നു.
അദ്ദേഹം മരിച്ചപ്പോള്‍ സഭാവിശ്വാസികള്‍ ഇടപെട്ടു. അവസാനകാലത്ത് മാത്യു സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായി സ്ഥാപിക്കാന്‍ ശ്രമിച്ചു.
ഈ സമയം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന്റെ രേഖ ഭാര്യ വേണ്ടപ്പെട്ടവരെ കാണിച്ചു. ഒടുവില്‍ ആ ആഗ്രഹമാണ് നടന്നതെന്ന് അഡ്വ.പി.എ പൗരന്‍ ചൂണ്ടിക്കാട്ടുന്നു. ഇരിങ്ങാലക്കുടയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാകണം സൈമണ്‍മാസ്റ്ററുടെ ബന്ധുക്കളും തിടുക്കപ്പെട്ടൊരു രേഖ തട്ടിക്കൂട്ടിയതെന്നാണ് ഒരു പരിസരവാസി ചൂണ്ടിക്കാണിച്ചത്.
സൈമണ്‍ മാസ്റ്ററുടെ കാര്യത്തില്‍ അവസാന നിമിഷം എന്തുസംഭവിച്ചുവെന്ന് നമുക്കറിയില്ല. ഒരുപക്ഷേ അദ്ദേഹത്തിന് മനം മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു രേഖയുണ്ടാക്കിയതെങ്കില്‍ അതിനാണ് കൂടുതല്‍ നിയമ സാധ്യതയുള്ളത്.
ചികിത്സയിലിരിക്കുന്നയാള്‍ക്ക് എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ഒപ്പില്‍ വ്യത്യാസം വരാം. തനിക്ക് അവസാനമായി ബോധിപ്പിക്കാനുള്ളത് ആരോടെങ്കിലും പറഞ്ഞു കൊടുത്ത് എഴുതി എടുപ്പിക്കാം. അതും തെളിവായി സ്വീകരിക്കപ്പെടും. പക്ഷേ വിശ്വസ്തരായ സാക്ഷികള്‍ നിര്‍ബന്ധമാണെന്നു മാത്രം. അഡ്വ. പി.എ പൗരന്‍ പറയുന്നു.
എന്നാല്‍ പുതിയൊരു മതം സ്വീകരിച്ചു രണ്ടു പതിറ്റാണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സൈമണ്‍ മാസ്റ്റര്‍ രണ്ടാമതൊരു അന്ത്യാഭിലാഷം അറിയിക്കുകയോ അങ്ങനെ എഴുതിയുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നു മകന്‍ ജോണ്‍സന്‍ തന്നെ സമ്മതിച്ചിട്ടുള്ളതായി സൈമണ്‍ മാസ്റ്റര്‍ വിഷയത്തില്‍ ആദ്യമായി ഹൈക്കോടതിയെ സമീപ്പിച്ച പെരുമ്പാവൂരിലെ ഈസ സുപ്രഭാതത്തോട് പറഞ്ഞു.
ഈസ സൈമണ്‍ മാസ്റ്ററുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. മഹല്ലു ഭാരവാഹികളുമായി സംസാരിച്ചിരുന്നു. മകന്‍ ജോണ്‍സനുമായും ഫോണില്‍ സംസാരിച്ചു. രണ്ടായിരത്തില്‍ സൈമണ്‍ മാസ്റ്റര്‍ തയാറാക്കിയ വസിയ്യത്തില്‍ സാക്ഷികളായി ഒപ്പിട്ടത് താനും സഹോദരി ജെസിയുമാണെന്ന് ജോണ്‍സണ്‍ സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നും അന്ന് തങ്ങള്‍ നല്‍കിയ വാക്കുപാലിക്കാന്‍ ഇപ്പോള്‍ തയാറല്ലെന്നും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആശുപത്രിയില്‍ സമര്‍പ്പിച്ച രേഖയില്‍ സൈമണ്‍ മാസ്റ്റര്‍ ഒപ്പിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമല്ല അങ്ങനെയൊരു രേഖയുണ്ടാക്കിയത്.
മറിച്ച് ഞങ്ങളുടെ ആഗ്രഹപ്രകാരവും അമ്മയുടെ തീരുമാനപ്രകാരവുമാണ് നടപ്പാക്കിയതെന്നും ജോണ്‍സന്‍ തീര്‍ത്തുപറഞ്ഞതായി ഈസ പറഞ്ഞു. അത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വസ്തുത ഇതായിരിക്കേ കുടുംബം അവരുടെ താത്പര്യത്തിനോ ആരുടെ എങ്കിലും സമ്മര്‍ദത്തിനോ വഴങ്ങി സൈമണ്‍ മാസ്റ്ററുടെ അന്ത്യാഭിലാഷത്തിന് വിഘാതം നിന്നാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ മതം മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന മിക്ക മരണങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും അതിനെതിരേ നിയമനടപടി സ്വീകരിക്കുന്നത് അപൂര്‍വമാണെന്നും അഡ്വ.എ. ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്ത്യാഭിലാഷം പോലും ഇവിടെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. എന്റെ മരണാനന്തര ചടങ്ങ് മതാചാരപ്രകാരം നടത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. എന്നാല്‍ മകള്‍ ഇന്ദിരാ ഗാന്ധിയുടെ താത്പര്യപ്രകാരം ഹിന്ദു മതാചാരപ്രകാരമാണ് ആ ചടങ്ങുകള്‍ നടത്തിയത്. മതം മാറുന്ന വ്യക്തികളെ പിന്തുണക്കാന്‍ കുടുംബത്തില്‍ ആളുകളില്ലാത്തവരുടെ കാര്യത്തില്‍ സൈമണ്‍ മാസ്റ്ററുടെ അനുഭവം തന്നെയാകും മിക്കവര്‍ക്കും സംഭവിക്കുക. എന്നാല്‍ വ്യക്തികളുടെ ആഗ്രഹപ്രകാരം അന്ത്യാഭിലാഷം നടപ്പാക്കാതിരിക്കുന്നത് പൗരാവകാശ ലംഘനം തന്നെയാണെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ നിയമനടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് കാതിയാളം മഹല്ല് കമ്മിറ്റിയാണ്. ജമാഅത്തേ ഇസ്‌ലാമിക്ക് കീഴിലാണ് ഈ മഹല്ല് പ്രവര്‍ത്തിക്കുന്നത്. വൈകിയാണ് ഇവര്‍ നിയമനടപടികളിലേക്ക് നീങ്ങിയത്. കൃത്യസമയത്ത് ഇടപെടുന്നതില്‍ താമസം നേരിട്ടതാണ് സകലപ്രശ്‌നങ്ങള്‍ക്കും കാരണം.
കോടതിയിലേക്ക് സമര്‍പ്പിക്കേണ്ട തന്നെ മറവ്‌ചെയ്യുന്നത് സംബന്ധിച്ച് അദ്ദേഹം നല്‍കിയതടക്കമുള്ള രേഖകള്‍ ഇവരുടെ വശമാണ് ഉള്ളത്. മുഹമ്മദ് ഹാജിയുടെ മയ്യിത്ത് ഇസ്‌ലാം മതവിശ്വാസ പ്രകാരം മറവ്‌ചെയ്യുക എന്നത് ജീവിച്ചിരിക്കുന്ന മറ്റ് മുസ്‌ലിംകളുടെമേല്‍ ബാധ്യതയാണ്.
അത് തടയപ്പെടുമ്പോള്‍ ഭരണഘടനാപരമായി വ്യക്തിയുടെ അവകാശമാണെന്ന് സ്ഥാപിക്കാന്‍ സാധിക്കേണ്ടി വരും. മതംമാറ്റരേഖയും ഹജ്ജിന് പോയപ്പോള്‍ ഉപയോഗിച്ച പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ഇവിടെ പ്രധാനമാണ്. മതം മാറിയിട്ടും തന്റെ പഴയവിശ്വാസത്തിലുള്ള കുടുംബത്തോടൊപ്പമായിരുന്നു സൈമണ്‍മാസ്റ്ററുടെ താമസമെന്നത് ചേര്‍ത്ത് വായിക്കണം. മരണവും മൃതദേഹ കൈമാറ്റവും വിവാദം ആയിട്ടും വിഷയത്തോട് ജമാഅത്തേ ഇസ്‌ലാമി കാണിക്കുന്ന നിസംഗത ഭീതിതമാണ്.
എന്നാല്‍ സൈമണ്‍ മാസ്റ്റര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചതല്ല. ആ തീരുമാനം ചൊടിപ്പിച്ചത് ബന്ധുക്കളെ മാത്രമല്ല. പ്രകോപിപ്പിച്ചത് സഭയെ തനിച്ചല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് കോടാലിവച്ചവര്‍ക്കു ഉദ്ദേശങ്ങളും പലതായിരുന്നു. അതെക്കുറിച്ചു നാളെ....
(തുടരും)
അന്ത്യകര്‍മത്തില്‍
മറ്റുള്ളവര്‍ക്ക് ഇടപെടാമോ
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ സൈമണ്‍ മാസ്റ്ററുടെ മൃതശരീരം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുന്ന അന്നാണ് മൃതദേഹത്തിന് അവകാശം ഉന്നയിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. മതം മാറിയ അധ്യാപകന്റെ മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച് കാതിയാളം മഹല്ല് ജമാഅത്ത് കമ്മിറ്റി സമര്‍പ്പിച്ച ഹരജി സംബന്ധിച്ച് വാര്‍ത്ത വന്ന പത്രങ്ങളില്‍ തന്നെ പ്രധാനപ്പെട്ട മറ്റൊരു കോടതി വിധികൂടി സ്ഥാനം പിടിച്ചിരുന്നു.
പരസ്പര സമ്മതത്തോടെ രണ്ടു വ്യക്തികള്‍ വിവാഹിതരായാല്‍ രക്ഷിതാക്കളോ സമൂഹമോ ഉള്‍പ്പെടെ മൂന്നാമതൊരു കക്ഷിക്കും ഇടപെടാന്‍ അതില്‍ അവകാശമില്ലെന്ന സുപ്രധാനവിധി സുപ്രീം കോടതിചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉടലെടുത്താല്‍ കോടതി തീര്‍പ്പാക്കും. കുടുംബങ്ങള്‍ക്കോ ഖാപ് പഞ്ചായത്തുകള്‍ക്കോ സമൂഹത്തിനോ ആരെയും അവഹേളിക്കാനോ അപകടപ്പെടുത്താനോ അവകാശമില്ലെന്നും ഈ വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഈ വിധി പ്രസ്താവം ന്യായമാണെങ്കില്‍ അതിനേക്കാള്‍ അനുകൂലമായ വിധിയാണ് സൈമണ്‍ മാസ്റ്ററുടെ വിഷയത്തിലും നീതി പീഠത്തില്‍ നിന്നുണ്ടാകേണ്ടത്. വിവാഹം രണ്ടുപേരുടെ തീരുമാനമാണെങ്കില്‍ മരണാനന്തര കര്‍മം ഒരുവ്യക്തിയുടേത് മാത്രമാണ്. എന്നാല്‍ അതാവട്ടേ ഇതിനേക്കാള്‍ പ്രധാനവുമാണ്. വിവാഹിതര്‍ക്ക് വിവാഹമോചിതരാകാം. വീണ്ടും വിവാഹിതരാകാം. പക്ഷേ മരിച്ചവര്‍ക്ക് വീണ്ടും മരിക്കാനാവില്ല. അന്ത്യകര്‍മവും രണ്ടാമതു സാധിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."