ശുചീകരണം ജനപങ്കാളിത്തത്തോടെ
കണ്ണൂര്‍: മഴക്കാല പൂര്‍വ്വശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും വിപുലമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു.
പകര്‍ച്ചവ്യാധിയില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ഇതിനായി വാര്‍ഡ് തലത്തില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടത്തും.
ജൂണ്‍ അഞ്ചിന് സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണത്തിനായി വിപുലമായ സന്നദ്ധ പ്രവര്‍ത്തനവും ആസൂത്രണം ചെയ്യും.
വാര്‍ഡ് തലത്തില്‍ 25000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ശുചിത്വ മിഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ വിഹിതമായി 10000 രൂപയും തദ്ദേശസ്ഥാപനത്തിന്റെ വിഹിതമായി 5000 രൂപയും ലഭിക്കും. ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കും. മരുന്നും പരിശോധനാ സംവിധാനങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ലഭ്യമാണ്.
ജില്ലാ തലത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 2713437. പി.കെ ശ്രീമതി ടീച്ചര്‍ എം.പി, നിയുക്ത എം.എല്‍.എമാരായ സി കൃഷ്ണന്‍, എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മേയര്‍ ഇ പി ലത, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എഡിഎം എച്ച് ദിനേശന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."