നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ സര്‍ക്കാരിന് താല്‍പര്യമില്ല
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാരിനെ സ്വാധീനിച്ച് നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം മൂലം സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായിരിക്കുകയാണ്.
കേരള സര്‍ക്കാറിന്റെ താല്‍പ്പര്യമില്ലായ്മ മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 30 സംയുക്ത സംരംഭങ്ങളില്‍പ്പെടുത്തി 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചിരുന്ന നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതക്ക് കഴിഞ്ഞ കേന്ദ്രബജറ്റിലും പിങ്ക് ബുക്കിലും തുക അനുവദിക്കാന്‍ സാധിക്കാതെ വന്നത്. എറണാകുളം-ബംഗളൂര്‍ നേരിട്ടുള്ള റെയില്‍പാത എന്ന ആശയം കേന്ദ്ര സര്‍ക്കാരും തത്വത്തില്‍ അംഗീകരിച്ചതിന്റെ തെളിവാണ് എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തിയത്. കേരളം ആവശ്യപ്പെടാതെ തന്നെ കേന്ദ്രം ഈ പാതക്ക് അനുമതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ മൈസൂര്‍ വരെയുള്ള റയില്‍പാത നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത കൂടി വരുന്നതോടെ സുഗമമാവും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്ര അനുമതി ലഭിച്ച നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതയെ തഴഞ്ഞ് പകരം ഇതുവരേയും അനുമതി ലഭ്യമാകാത്ത തലശേരി-മൈസൂര്‍ പാത ഉള്‍പ്പെടുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡിഎംആര്‍സി തലശേരി-മൈസൂര്‍ പാതയുടെ വിശദമായ സാധ്യതാപഠനം നടത്തി പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാതെ കൊങ്കണ്‍ റെയില്‍വേയെക്കൊണ്ട് ഒന്നരക്കോടി രൂപ നല്‍കി വീണ്ടും ഒരു സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കിച്ചു. 2017 ഡിസംബര്‍ 21 നാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ഡിസംബര്‍ 30 ന് കൊങ്കണ്‍റെയില്‍വേ റിപ്പോര്‍ട്ട് നല്‍കി.
ട്രാഫിക് സര്‍വെയോ ഫീല്‍ഡ് സര്‍വെയോ നടത്താതെ ഗൂഗിള്‍ മാപ്പ് പരിശോധിച്ച് അലൈന്‍മെന്റ് തയ്യാറാക്കുക മാത്രമാണ് കൊങ്കണ്‍ റയില്‍വേ ചെയ്തത്. മൈസൂറില്‍നിന്ന് 80 കി.മീ ദൂരെയുള്ള പെരിയപട്ടണം വരെയാണ് തലശേരി-മൈസൂര്‍ പാതയുടെ സര്‍വേ നടത്തിയത്. പെരിയപട്ടണത്തില്‍നിന്ന് തലശേരിയിലേക്ക് 240 കി.മി ആണ് സര്‍വെയില്‍ കണ്ടെത്തിയ ദൂരം. പെരിയപട്ടണത്ത് നിലവില്‍ റെയില്‍പാതയില്ല. മൈസൂറില്‍നിന്ന് പെരിയപട്ടണം വഴി മടിക്കേരിയിലേക്ക് പുതിയ പാത സംയുക്ത സംരംഭമായി അനുമതി നല്‍കിയിരുന്നെങ്കിലും സര്‍വെയില്‍ വന്‍നഷ്ടമായതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതാണ്.
കുടകിന്റെ ജൈവ വൈവിധ്യത്തേയും കാപ്പിത്തോട്ടങ്ങളേയും കാവേരി നദിയുടെ ജലശ്രോതസുകളേയും നശിപ്പിക്കുന്ന തരത്തിലാണ് പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ചത് എന്ന് ആരോപിച്ച് തലശേരി പാതക്കെതിരെ കുടക് ജില്ലയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
ഈ പാതക്കെതിരെ കര്‍ണാടകയില്‍ കുടകിന്റെ ചാര്‍ജുള്ള മന്ത്രിയും കുടക്-മൈസൂര്‍ എംപി യും പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. തലശേരി-മൈസൂര്‍ പാതയുടെ ഡിപിആര്‍ തയാറാക്കാന്‍ പോലും അനുമതി നല്‍കില്ലായെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ആര്‍.വി.ദേശ്പാണ്‌ഡേ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുമായി നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതക്ക് പകരമായി തലശേരി-മൈസൂര്‍ പാത നിര്‍ദേശിച്ച് കേന്ദ്രത്തെ കബളിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് കേരളത്തിന് വിനയായത്.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ബംഗളൂരിലേക്ക് ആറുമണിക്കൂര്‍ ലാഭിക്കാന്‍ കഴിയുന്നതും കേരളത്തിന് മുഴുവന്‍ ഗുണം ലഭിക്കുന്നതുമായ നഞ്ചന്‍കോഡ്-നിലമ്പൂര്‍റെയില്‍പാതയെ ചില ലോബികള്‍ക്കുവേണ്ടി ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് കേന്ദ്ര ബജറ്റിലും പിങ്ക് ബുക്കിലും നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണം.
സംസ്ഥാന ബജറ്റിലും തലശേരി-മൈസൂര്‍ പാതക്ക് യാതൊരു തുകയും അനുവദിക്കാതിരിക്കാന്‍ കാരണം ഈ പാത പ്രായോഗികമല്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ധനമന്ത്രിയും തിരിച്ചറിഞ്ഞതിനാലാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടെ നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ്‌റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തടഞ്ഞുവെച്ച രണ്ടുകോടി രൂപ നല്‍കി ഡിഎംആര്‍സിയെക്കൊണ്ട് വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി കേന്ദ്രത്തെ സമീപിച്ച് അനുവദിച്ച 3000 കോടി രൂപ ലഭ്യമാക്കുകയും ബാക്കി പണം സ്വകാര്യ സംരംഭകരില്‍നിന്നും ലഭ്യമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാറിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ നാലു വര്‍ഷം കൊണ്ട് നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുന്നവരെ അകറ്റിനിര്‍ത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി.വേണുഗോപാല്‍, പി.വൈ. മത്തായി, വി. മോഹനന്‍, എം.എ. അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, മോഹന്‍ നവരംഗ്, ഡോ. തോമസ് മോടിശേരി, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, അനില്‍, ജേക്കബ് ബത്തേരി, സംഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."