ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമായ 'ഇന്ത്യാനാ' എക്‌സിബിഷന്‍ മാര്‍ച്ച് 16ന്
ദോഹ: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രഥമ ഇന്ത്യാന എക്‌സിബിഷന്‍ മാര്‍ച്ച് 16 മുതല്‍ 22 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ഖത്തര്‍ ചേംബറിന്റെയും സഹകരണത്തോടെയാണ് ഇന്ത്യാന എക്‌സിബിഷന്‍. ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കു(ഐബിപിഎന്‍)മായി ചേര്‍ന്ന് സ്‌ക്വയര്‍ എക്‌സിബിഷന്‍സ് മാനേജ്‌മെന്റാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.
ഖത്തര്‍, ഇന്ത്യന്‍ വ്യവസായ വാണിജ്യ മേഖലയുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത ഉറപ്പുവരുത്തുന്നതാണ് പ്രദര്‍ശനം. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രദര്‍ശനം സഹായിക്കുമെന്ന് ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ക്കും വാണിജ്യമേഖലയില്‍ നിരവധി സാധ്യതകളുണ്ട്. ഇത് ഫലപ്രദമാക്കാന്‍ ഇന്ത്യാന എക്‌സിബിഷന്‍ സഹായിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. പ്രഥമ ഇന്ത്യാന എക്‌സിബിഷന്റെ പ്രതികരണം മനസിലാക്കി വാര്‍ഷികാടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ്സില്‍ നിന്ന് ബിസിനസ്സ് ഉണ്ടാക്കാനും (ബി2ബി), ബിസിനസ്സില്‍ നിന്ന് ഉപഭോക്താക്കളെ സൃഷ്ടിക്കാനുമുള്ള (ബി2സി) അവസരങ്ങളാണ് പ്രദര്‍ശനത്തിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണിത്. വ്യാപാരികള്‍, വിതരണക്കാര്‍, നിര്‍മാതാക്കള്‍, നിക്ഷേപകര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങളും സാധ്യതകളും പ്രദര്‍ശനത്തില്‍ ലഭിക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി സെമിനാറുകളും ശില്‍പ്പശാലകളും നടക്കും. മുന്നൂറോളം ഇന്ത്യന്‍ നിര്‍മാതാക്കളും സേവനദാതാക്കളും പങ്കെടുക്കും. ഐ.ബി.പി.എന്‍ ജനറല്‍ സെക്രട്ടറി സുമിത് മല്‍ഹോത്രയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."