റേഡിയോക്കാലം
വളരെ കോലാഹലം സൃഷ്ടിച്ച ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ലോകഗതിയെ തന്നെ മാറ്റിമറിച്ച അഞ്ചു കണ്ടുപിടിത്തങ്ങളില്‍ ഒന്നായി പില്‍ക്കാലത്ത് റേഡിയോയും എണ്ണപ്പെട്ടു. 1874 ഏപ്രില്‍ 25നു ജനിച്ച ഇറ്റലിക്കാരനായ ഗുഗ്ലിയെല്‍മോ മാര്‍ക്കോണിയാണ് റേഡിയോയുടെ ഉപജ്ഞാതാവ്്. 1909ല്‍ ഫിസിക്‌സില്‍ നൊബേല്‍ പുരസ്‌കാരം നേടിയ മാര്‍ക്കോണി 1920 ഓഗസ്റ്റ് 31നാണ് റേഡിയോ കണ്ടുപിടിക്കുന്നത്. ഇറ്റലിയുടെ സെനറ്റിലേക്ക് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെടുന്നേടത്തേക്കു വരെ കാര്യങ്ങള്‍ എത്തി. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്രബോസും റേഡിയോയുടെ കണ്ടുപിടിത്തത്തില്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ല.
റേഡിയോ വന്ന വഴി
സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണെങ്കിലും അതിന്റെ ഉത്ഭവത്തിലേക്കു നയിച്ചത് മറ്റൊരാളുടെ കണ്ടുപിടിത്തമാണ്. 1904ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ അംബ്രോസ് ഫ്‌ളെമിങ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതാണ് ആ വഴിത്തിരിവ് സൃഷ്ടിച്ചത്.
പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാനുള്ള വഴി കണ്ടെത്തിയതോടെ ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്കു വളരാന്‍ സാധിച്ചു. അങ്ങനെ 1920ല്‍ എസെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്‌സില്‍നിന്നു വിശ്വപ്രസിദ്ധ ഗായിക ആയിരുന്ന ഡെയിം നെല്ലി മെല്‍ബയുടെ പാട്ട് പ്രക്ഷേപണം ചെയ്തു. അത് അവിടെ തടിച്ചുകൂടിയ ശ്രോതാക്കള്‍ക്കു പുതിയ അനുഭവമായിത്തീര്‍ന്നു. 1922ല്‍ ആദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയില്‍ എത്തുന്നു
1923ലാണ് ഇന്ത്യയില്‍ റേഡിയോ എത്തുന്നത്. 'റേഡിയോ ക്ലബ് ഓഫ് ബോംബെ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കൂട്ടായ്മയിലൂടെയായിരുന്നു അതിന്റെ തുടക്കം. 1927 ജൂലൈ 23ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയായി റേഡിയോ ക്ലബ് ഓഫ് ബോംബെ മാറി. 1930ല്‍ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ദേശസാല്‍ക്കരിക്കുകയും ഇന്ത്യാ പ്രക്ഷേപണ നിലയം എന്ന പേരില്‍ പുതിയൊരു റേഡിയോ സംരംഭം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 1956 വരെ ഓള്‍ ഇന്ത്യാ റേഡിയോ എന്നറിയപ്പെട്ടിരുന്ന റേഡിയോ പ്രക്ഷേപണത്തിന്റെ പേര് പില്‍ക്കാലത്ത് ആകാശവാണി എന്നായി മാറി. രവീന്ദ്രനാഥടാഗോര്‍ ആണ് ആകാശവാണി എന്ന പേര് റേഡിയോക്കു സംഭാവന ചെയ്തത്.
നിലവില്‍ 414 പ്രക്ഷേപണ നിലയങ്ങളാണ് ഇന്ത്യയിലൊട്ടുക്കുമുള്ളത്. 24 ഭാഷകളില്‍ രാജ്യത്ത് റേഡിയോ പ്രക്ഷേപണം ചെയ്യുന്നുണ്ട് . 1957ല്‍ തിരുവനന്തപുരത്തുനിന്നും മലയാള പ്രക്ഷേപണവും തുടങ്ങി.
സംഗീത, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളിലൂടെ ആകാശവാണി ഇന്നും നമ്മുടെ ഹൃദയം കീഴടക്കുന്നു. കാതങ്ങള്‍ കടന്നു നമ്മിലേക്ക് എത്തുന്ന സ്വരമാധുര്യമായി ഇന്നും റേഡിയോ നിലനില്‍ക്കുന്നു. ദിവസവും വാര്‍ത്തകള്‍ക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കുമായി റേഡിയോയുടെ മുന്നില്‍ ഇരുന്ന കാലഘട്ടം മുതിര്‍ന്നവര്‍ മറക്കാന്‍ സാധ്യതയില്ല. ഒരു കാലത്ത് മലയാളികള്‍ നേരം വെളുത്തത് അറിയുന്നതുപോലും റേഡിയോ പരിപാടികള്‍ കേട്ടായിരുന്നു. ഒരു കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഹൃദയം കീഴടക്കി എങ്ങോട്ടോ പോയ റേഡിയോ വീണ്ടും വീടുകളിലേക്കും കാറുകളിലേക്കുമെല്ലാം തിരികെയെത്തുന്നു എന്ന കാര്യം ഏറെ സന്തോഷകരമാണ്.
പ്രക്ഷേപണത്തിലെ സാങ്കേതിക പദങ്ങള്‍
ആംപ്ലിറ്റിയൂഡ് മോഡുലേഷന്‍ (അങ), ഫ്രീക്വന്‍സി മോഡുലേഷന്‍ (എങ), ഫേസ് മോഡുലേഷന്‍ എന്നിവ പ്രക്ഷേപണത്തിന്റെ സാങ്കേതികപദങ്ങള്‍ ആണ്. ഇതില്‍ ആംപ്ലിറ്റിയൂഡ് മോഡുലേഷനാണ് കൂടുതല്‍ പ്രചാരം. ഹ്രസ്വതരംഗം (ഷോര്‍ട്ട് വേവ്), മധ്യതരംഗം (മീഡിയം വേവ്) എന്നീ ഫ്രീക്വന്‍സികളില്‍ ആംപ്ലിറ്റിയൂഡ് മോഡുലേഷന്‍ ആണു കൂടുതല്‍ ഉപയോഗിക്കുന്നത്. നാവിക വ്യോമഗതാഗതത്തില്‍ സ്ഥല നിര്‍ണയത്തിന് ഉപയോഗിക്കുന്ന ബീക്കണുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയത്തിനും ദീര്‍ഘതരംഗങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങള്‍ ഉള്‍പ്പെടെ 145ല്‍പരം റേഡിയോ സ്റ്റേഷനുകളില്‍നിന്നു പ്രക്ഷേപണത്തിനു മധ്യതരംഗങ്ങള്‍ ഉപയോഗിക്കുന്നു.
ഇപ്പോള്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ വ്യക്തതയാര്‍ന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകള്‍ക്ക് എളുപ്പം വിധേയമാകുന്നില്ല എന്നതും ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടാന്‍ കാരണമായി. ടെലിവിഷന്‍ രംഗത്തേക്കു ചേക്കേറിയവരെ റേഡിയോയിലേക്കു തിരികെ എത്തിക്കാനും ഫ്രീക്വന്‍സി മോഡുലേഷന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
റേഡിയോ ദിനം
പലതരം ദിനങ്ങള്‍ പോലെ നമ്മുടെ മനസില്‍ ആനന്ദത്തിന്റെ കുളിര്‍മഴ പെയ്യിച്ച റേഡിയോയ്ക്കും ഒരു ദിനമുണ്ട്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്രസഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു. 2013ല്‍ നടന്ന സമ്മേളനമാണ് ഇതേ കുറിച്ച് തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."