തീയണയ്ക്കാന്‍ തൃക്കരിപ്പൂരില്‍ നിന്നു ബദിയടുക്കയിലേക്ക്
ചെറുവത്തൂര്‍: തീയണയ്ക്കാനായി തൃക്കരിപ്പൂര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഫോഴ്‌സ് ജീവനക്കാര്‍ ഇന്നലെ ഓടിയത് ബദിയടുക്ക വരെ. ജില്ലയുടെ തെക്കേഅറ്റത്തുള്ള ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കാണ് വടക്കേ അറ്റത്തുള്ള ഫയര്‍ സ്റ്റേഷന്‍ പരിധിയിലേക്ക് തീയണയ്ക്കാന്‍ പോകേണ്ടിവന്നത്. ഫയര്‍ സ്റ്റേഷനിലെ ഫോണുകള്‍ക്ക് ഇന്നലെ വിശ്രമമേ ഉണ്ടായിരുന്നില്ല.
എല്ലായിടങ്ങളിലേക്കും ഒരേ സമയം എത്തിയത് ഒന്നിലധികം വിളികള്‍. തൃക്കരിപ്പൂരിലെ ഫയര്‍ സ്റ്റേഷനിലേക്ക് ഇന്നലെ ആദ്യമെത്തിയതു ചെറുവത്തൂരില്‍ നിന്നുള്ള വിളി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീപിടിച്ചതായിരുന്നു സംഭവം. വൈദ്യുത ഷോട്ട് സര്‍ക്കീട്ടില്‍ നിന്നുള്ള തീ കുറ്റിക്കാട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. ഇവിടുത്തെ തീയണക്കുമ്പോഴേക്കും അടുത്ത വിളിയെത്തി. ബദിയടുക്കയിലെ സ്വകാര്യ വ്യക്തിയുടെ കശുമാവില്‍ തോട്ടത്തില്‍ പടര്‍ന്ന തീയണക്കാനുള്ള വിളിയായിരുന്നു അത്. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരമെടുത്തു ഇവിടെയെത്താന്‍.
കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട്, ഉപ്പള എന്നീ ഫയര്‍ സ്റ്റേഷനുകളിലേക്ക് ഒരേ സമയം ഒന്നിലധികം വിളികള്‍ എത്തിയതിനാലാണു തൃക്കരിപ്പൂരില്‍ നിന്നു യൂനിറ്റ് ബദിയടുക്കലേക്കു പോകേണ്ടി വന്നത്. പിന്നാലെ കുറ്റിക്കോലില്‍ നിന്നു മറ്റൊരു വിളി എത്തി.
തൃക്കരിപ്പൂരില്‍ വാഹനം പുറപ്പെട്ടുവെങ്കിലും കാലിക്കടവ് എത്തുമ്പോഴേക്കും തീ നിയന്ത്രണ വിധേയമായെന്ന വിവരം ലഭിച്ചതോടെ വാഹനം കാലിക്കടവില്‍ നിന്നു തിരികെ മടങ്ങി. വേനല്‍ കടുത്തു തുടങ്ങിയതോടെ ജില്ലയിലെ പലയിടങ്ങളിലും ഒരേ സമയം തീ പടര്‍ന്നു പിടിക്കുമ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണു ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."