ചവറ മേഖലയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങള്‍
ചവറ: കനത്ത ചൂടില്‍ മണ്ഡലത്തിലെ കിണറുകളിലെ ജലവിതാനം താണുതുടങ്ങി. നീണ്ടകര, പന്മന, ചവറ, തേവലക്കര , തെക്കുംഭാഗം പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിത്യോപയോഗത്തിനുപോലും ജലത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് പ്രദേശത്തുകാര്‍. തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് ഇരട്ടിക്ഷാമമാണ് അനുഭവിക്കുന്നത്. ചെറുശ്ശേരിഭാഗം, തട്ടാശ്ശേരി, തോട്ടിന് വടക്ക്, കുളങ്ങര ഭാഗം, കരിത്തുറ, പുത്തന്‍കോവില്‍ എന്നിവടങ്ങളില്‍ കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുകയാണ്. തീരദേശമായതിനാല്‍ ഇവിടങ്ങളിലെ കിണറുകളില്‍ ഉപ്പ് രസം കൂടുതലായിരിക്കുകയാണ്. ജലനിധി വഴി ടാപ്പിലൂടെ ലഭിക്കുന്ന ജലമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ആശ്രയം. വാട്ടര്‍അതോറിറ്റിയും ജലനിധിയുമാണ് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചവറ, പന്മന പഞ്ചായത്തുകളില്‍ രണ്ട് ടാങ്കുകളാണ് ജലനിധി പദ്ധതിക്കായ് നിര്‍മിച്ചിട്ടുള്ളത്. പന്മന കോലത്ത് മുക്കിലെ 17 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും കൊറ്റന്‍കുളങ്ങര കോട്ടയ്ക്കത്ത് വാര്‍ഡിലെ 14 ലക്ഷം സംഭരണ ശേഷിയുള്ള ടാങ്കുമാണ് ഇവ. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും പമ്പിങിന് മുടക്കം വരുന്നതിനാല്‍ ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പിലൂടെ വെള്ളത്തിന് മുടക്കം വരുന്നതും നാട്ടുകാരെ വലക്കുകയാണ്. അഷ്ടമുടിക്കായലിന്റെ തീരമായതിനാല്‍ കിണറുകളിലെ വെള്ളം കലങ്ങിയതും ഉപ്പ് രസമുള്ളതുമാണ്. ഇതുമൂലം വാട്ടര്‍ അതോറിറ്റിയാണ് ഇവിടെ ജനങ്ങളുടെ ആശ്രയം.
തേവലക്കരയില്‍ പടിഞ്ഞാറ്റക്കര ,പുത്തന്‍സങ്കേതം, കോയിവിള , ചന്ദ്രാസ് എന്നിവടങ്ങളില്‍ കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇവിടെയും വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നവര്‍ തന്നെയാണ് വലയുന്നത്. ചവറയില്‍ നാല് പതിറ്റാണ്ടായി അധികാരികള്‍ക്ക് മുന്നില്‍ ആവശ്യപ്പെടുന്ന ആശയമാണ് പട്ടക്കടവ് ശുദ്ധജല പദ്ധതി. പടിഞ്ഞാറെ കല്ലട , മണ്‍റോതുരുത്ത്, തേവലക്കര പഞ്ചായത്തുകളില്‍ അതിര്‍ത്തി പങ്കിടുന്ന കായലാണ് പട്ടക്കടവ് കായല്‍. സ്വഭാവികമായും നീരുറവകള്‍ കരകളില്‍ ഉള്ളതിനാല്‍ ഒരു ശുദ്ധജല സംഭരണിയായി ഇതിനെ മാറ്റാന്‍ കഴിയുമെന്ന് ശുദ്ധജല ഓര്‍ഗനൈസിങ് കമ്മിറ്റി വിലയിരുത്തുന്നു. മലിനീകരണമോ കൈയേറ്റമോ ഇല്ലാത്ത ഈ കായല്‍ കല്ലടയാറുമായി ചേരുന്ന ഭാഗത്ത് 30 മീറ്റര്‍ പടിഞ്ഞാറെ കല്ലടയില്‍ വെട്ടിയ തോടുമായി സംബന്ധിക്കുന്ന ഭാഗത്ത് 10 മീറ്റര്‍ തടയണ കെട്ടിയാല്‍ ഉപ്പ് വെള്ളം കയറുന്നത് തടയാനാകും. അങ്ങനെയെങ്കില്‍ 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തടാകമായി കായല്‍ മാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."