ഹജ്ജ്: ചൂഷണം ചെയ്യപ്പെടുമ്പോള്‍
പരിശുദ്ധ ഹജ്ജ്കര്‍മം നിര്‍വഹിക്കുകയെന്നത് ഏതൊരു വിശ്വാസിയുടെയും സ്വപ്‌ന സാക്ഷാല്‍ക്കാരമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശുദ്ധ മക്കയിലും മദീനയിലും എത്താനുള്ള അഭിനിവേശത്തിലാണ് എല്ലാവരും. പോയവര്‍ വീണ്ടുംവീണ്ടും പോകാന്‍ കൊതിക്കുന്നു. സമ്പത്തും ആരോഗ്യവുമൊക്കെ ഒത്തുവന്നവര്‍ക്കേ ഹജ്ജ് നിര്‍ബന്ധമുള്ളുവെങ്കിലും എങ്ങനെയെങ്കിലും ആ മണ്ണിലെത്താന്‍ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ കൊതിക്കുന്നു.
വിശ്വാസിയുടെ ഈയൊരു മാനസികാവസ്ഥയെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ഗവേഷണത്തിലേര്‍പെട്ടിരിക്കയാണു ചിലര്‍. വന്‍ ലാഭമുണ്ടാക്കാന്‍ പറ്റുന്ന വ്യവസായമെന്ന നിലയിലേയ്ക്ക് ഹജ്ജ് ഇന്നു മാറ്റപ്പെട്ടിരിക്കുന്നു. ഹാജിമാരെ കൊണ്ടുപോകാന്‍ സര്‍ക്കാരില്‍നിന്നു ക്വാട്ട തരപ്പെടുത്തിയ സ്വകാര്യ ഹജ്ജ്‌സംഘങ്ങള്‍ക്കു മുതല്‍ എയര്‍ ഇന്ത്യക്കുവരെ ഹജ്ജ്‌യാത്ര ചാകരയാണ്.
ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നുമെത്തിച്ചേരുന്ന ലക്ഷങ്ങളുടെ മഹാസംഗമവേദിയാണു ഹജ്ജ്. എല്ലാ വിഭാഗം ജനങ്ങളും ഈ സംഗമത്തെ ആദരവോടെയാണു കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ബ്രിട്ടിഷ് കാലഘട്ടം മുതല്‍ ഹജ്ജ്‌യാത്രയ്ക്കു പ്രത്യേകപരിഗണന നല്‍കിപ്പോരുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതവും ഇതേ നയം തന്നെയാണു തുടര്‍ന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഹജ്ജ് വകുപ്പും മന്ത്രിമാരും പ്രത്യേക കമ്മിറ്റികളുമൊക്കെ ഉണ്ടായത് ഹജ്ജിനു രാജ്യം നല്‍കിയ പ്രത്യേക പരിഗണന കൊണ്ടു തന്നെയാണ്.
മുന്‍ കാലങ്ങളിലെ ഈ നിലപാടു കാരണം കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാന്‍ സാധിച്ചിരുന്നു. യാത്രാസൗകര്യം ഇന്നത്തെപ്പോലെ പര്യാപ്തമല്ലാതിരുന്നിട്ടും സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് ഹാജിമാരെ മക്കയിലേക്കു യാത്രയാക്കാന്‍ കാണിച്ചിരുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്.
എന്നാല്‍, സമീപകാലത്തായി ഹജ്ജ്‌യാത്രക്കാരെ ഏതെല്ലാം വിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ പറ്റുമോയെന്ന അന്വേഷണത്തിലാണു കേന്ദ്രസര്‍ക്കാരും ഇതുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും. ഇതിന് പുറമെ, സഹസ്രകോടീശ്വരന്മാരായ വന്‍ ബിസിനസ് ലോബിയും. എല്ലാവരുടെയും കച്ചവടക്കണ്ണ് പാവപ്പെട്ട ഹാജിമാരുടെ മടിശ്ശീലയിലേക്കാണ്.
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഹജ്ജ് ചെയ്യുകയെന്നത് ഇക്കാലത്ത് വലിയ സാമ്പത്തികബാധ്യതയുള്ള കാര്യമാണ്. സാധാരണഗതിയില്‍ സഊദിയിലേക്കു സന്ദര്‍ശകവിസയോ ഉംറ വിസയോ എടുത്ത് ഒരു മാസം മക്കയിലും മദീനയിലും താമസിച്ചു തിരിച്ചുവരാന്‍ ഒരാള്‍ക്കു പരമാവധി ഒരു ലക്ഷം രൂപ പോലും ചെലവു വരില്ല. ഈ സ്ഥാനത്താണു ഹജ്ജ് യാത്രക്കായി ഒരു ഹാജിയില്‍നിന്നു രണ്ടരലക്ഷത്തോളം രൂപ ഈടാക്കുന്നത്.
ഇതില്‍ മൂന്നിലൊന്നു വിമാനചാര്‍ജിനത്തിലാണ് ഈടാക്കുന്നത്. നേരത്തെ സബ്‌സിഡിയെന്ന ഓമനപ്പേരില്‍ ലഭിച്ചിരുന്ന ആനുകൂല്യമുള്ളതിനാല്‍ വിമാനചാര്‍ജിലെ കൊള്ളയടി അത്ര കനത്ത ഭാരമായി തോന്നിയിരുന്നില്ല. സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ചുവരുന്നതോടെ ഹജ്ജ് യാത്രികരില്‍നിന്നു മാത്രം വാങ്ങുന്ന അമിതമായ വിമാനചാര്‍ജിന്റെ ഭാരം ഹാജിമാരുടെ തലയില്‍ കൂടുതല്‍കൂടുതലായി അടിച്ചേല്‍പിക്കുകയാണ്.
സബ്‌സിഡി തീര്‍ത്തും ഇല്ലാതാക്കാനും വിമാനടിക്കറ്റ് നിരക്കു തോന്നിയപോലെ ഈടാക്കാനും അങ്ങനെ പരിശുദ്ധമായ ഹജ്ജ് തീര്‍ഥാടനത്തെ കൊള്ളടയിക്കുള്ള ഉപാധിയാക്കാനുമാണു ഭരണകൂടവും വിമാനക്കമ്പനികളും മറ്റും ശ്രമിക്കുന്നത്. സാധാരണഗതിയില്‍ ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനുമിടയില്‍ ചാര്‍ജ് ഈടാക്കാവുന്ന യാത്രയ്ക്കു യാത്രക്കാര്‍ ഹാജിമാരാവുമ്പോള്‍ ഇരട്ടിയും അതിലധികവും പിടിച്ചുവാങ്ങുകയാണ്. ഹജ്ജ് യാത്രക്കാരെ സഹായിക്കുന്നതിനു പകരം പകല്‍കൊള്ള നടത്തി പരമാവധി തടിച്ചുകൊഴുക്കാനാണു ബന്ധപ്പെട്ടവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. ഇതു കടുത്ത അനീതിയാണ്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയതിലും ദുരൂഹതയുണ്ട്. കേരളത്തിലെ ഹജ്ജ് യാത്രികരില്‍ 82 ശതമാനവും മലബാര്‍ മേഖലയില്‍നിന്നുള്ളവരായിരിക്കെ നെടുമ്പാശ്ശേരിയിലേക്കു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റിയതിനു പിന്നില്‍ വന്‍ വഞ്ചനയാണു നടന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രധാനസേവനം ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടാണു കോടികള്‍ മുടക്കി ഹജ്ജ് ഹൗസ് ഉള്‍പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. എന്നാല്‍, വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണിയുടെ മറവില്‍ തന്ത്രപരമായി അത് നെടുമ്പാശ്ശേരിയിലേക്കു മാറ്റുകയായിരുന്നു. റണ്‍വേ അറ്റകുറ്റപ്പണി ഒച്ചിഴയുന്നതിലും മന്ദഗതിയിലാണു നടന്നത്. ഇപ്പോള്‍ നവീകരണപ്രവൃത്തി പൂര്‍ത്തിയായി. റണ്‍വേയുടെ നീളവും വര്‍ധിപ്പിച്ചു. എല്ലാം പരിഹരിക്കപ്പെട്ടാലും വീണ്ടും സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞു കരിപ്പൂരിന്റെ ചിറകരിയാനുള്ള അവസരമായാണു തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞു വിമാനത്താവളം സജ്ജമായിട്ടും പഴയ പല്ലവി ആവര്‍ത്തിക്കുമ്പോള്‍ റണ്‍വേ വികസനത്തിന്റെ പേരു പറഞ്ഞ് എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റിയതു ചതിയായിരുന്നുവെന്നു ന്യായമായും സംശയിക്കേണ്ടി വരികയാണ്.
ഒന്നരപ്പതിറ്റാണ്ടു കാലം ഹജ്ജ് വിമാനം പറന്നുയര്‍ന്ന കരിപ്പൂര്‍ വിമാനത്താവളം ഇപ്പോള്‍മാത്രം 'കൊള്ളാതായ'തിനു പിന്നില്‍ കള്ളക്കളികളുണ്ട്. ഹജ്ജ് സര്‍വിസിനു തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്‍ുകളില്‍ എട്ടെണ്ണം കരിപ്പൂരിന്റെയത്ര പോലും സൗകര്യമില്ലാത്തവയാണ്. റണ്‍വേയുടെ നീളക്കുറവും സൗകര്യക്കുറവുമുള്ള ഇവ പരിഗണിക്കപ്പെടുകയും അവയേക്കാള്‍ മെച്ചപ്പെട്ട കരിപ്പൂര്‍ തഴയപ്പെടുകയും ചെയ്യുന്നതില്‍ ന്യായമില്ല. മംഗലാപുരം, ഗയ, ലഖ്‌നൊ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരാണാസി, റാഞ്ചി, ഔറംഗാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്നു ഹജ്ജ് വിമാനം പൊങ്ങാമെങ്കില്‍ കരിപ്പൂരില്‍ മാത്രം പാടില്ലെന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
മാത്രമല്ല, നാനൂറു പേര്‍ക്കു സഞ്ചരിക്കാവുന്ന ബോയിങ് 747 വിമാനം തന്നെ വേണമെന്ന നിബന്ധനയും കരിപ്പൂരിന്റെ കാര്യത്തില്‍ മാത്രമാണുള്ളത്. വലിയ വിമാനങ്ങളിറങ്ങാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളില്‍നിന്നുപോലും എ 310, എ 320 തുടങ്ങിയ ചെറിയവിമാനങ്ങളുപയോഗിച്ചു സര്‍വിസ് നടത്താന്‍ അനുമതി കൊടുക്കുന്നുണ്ട്. എന്നിട്ടും കരിപ്പൂര്‍ തഴയപ്പെടുന്നുവെന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍നിന്നു ഹജ്ജ് യാത്രികര്‍ കൂടുതലുള്ളതുകൊണ്ടു വലിയവിമാനം തന്നെ വേണമെന്നാണു വാദമെങ്കില്‍ കേരളത്തേക്കാള്‍ യാത്രക്കാരുള്ള ഡല്‍ഹിയില്‍ നിന്നുള്‍പെടെ ചെറിയവിമാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ലേയെന്ന ചോദ്യത്തിനു മറുപടി പറയേണ്ടിവരും.
കരിപ്പൂരിനെ തകര്‍ക്കാന്‍ ചില ലോബികള്‍ ഡല്‍ഹി കേന്ദ്രീകരിച്ചും കൊച്ചി കേന്ദ്രീകരിച്ചും കരുനീക്കം നടത്തുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളോരോന്നും. കച്ചവടത്തിലെ കൊള്ളലാഭത്തിനു മുന്നില്‍ ധാര്‍മികതയ്ക്കും സമുദായ സ്‌നേഹത്തിനും പുല്ലുവിലപോലും കല്‍പിക്കേണ്ടതില്ലെന്ന ചില വമ്പന്‍മുതലാളിമാരുടെ അവസരവാദനിലപാടു കൂടി ഇതിനിടയില്‍നിന്നു തിരിച്ചറിയാന്‍ കഴിയും.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇക്കാര്യത്തിലെ താല്‍പര്യമില്ലായ്മയും മൗനവും നിസ്സംഗതയും മേല്‍പറഞ്ഞ ലോബികളോടുള്ള വിധേയത്വത്തിന്റെ ഭാഗമാണെന്ന അടക്കം പറച്ചിലുകളിലും ശരിയുണ്ടെന്നു ബോധ്യമാവുകയാണ്.
ഇവിടെ സംസ്ഥാനസര്‍ക്കാരിനും ഹജ്ജ് കമ്മിറ്റിക്കും വലിയ ബാധ്യതയുണ്ട്. നിലവില്‍ ഹജ്ജ് യാത്രയ്ക്കു സര്‍ക്കാര്‍ ഈടാക്കുന്ന സംഖ്യ വളരെ കൂടുതലാണ്. സാധാരണയാത്രക്കാരോടു വാങ്ങുന്നതിന്റെ ഇരട്ടി ചാര്‍ജിലും അധികമുള്ള സംഖ്യയാണു വിമാനചാര്‍ജിനത്തില്‍ ഈടാക്കുന്നത്.
നൂറുശതമാനം ചാര്‍ജ് അധികമിട്ട് അതിന്റെ പാതി സബ്‌സിഡിയായി നല്‍കുന്ന കച്ചവടത്തിലെ ദുഷ്ടതന്ത്രമായിരുന്നു ഇക്കാലമത്രയും സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തന്ത്രപരമായി സബ്‌സിഡിയും എടുത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്.
ഹാജിമാര്‍ക്ക് ആനുകൂല്യം ഒന്നുംനല്‍കിയില്ലെങ്കിലും അവരെ കൊള്ളയടിക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കണം. അതോടൊപ്പം, എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നടപടിയുമുണ്ടാവണം. ഏറ്റവും ചുരുങ്ങിയത് ഈ രണ്ടുകാര്യങ്ങള്‍ക്കും പരിഹാരം കാണാനുള്ള അടിയന്തരമായ നടപടിയാണ് ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നു മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."