ഈ നിശ്ശബ്ദത എന്നെ ഭയപ്പെടുത്തുന്നു
ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ പുനരധിവാസ പ്രശ്‌നങ്ങളില്‍ വളരെ ഗൗരവമായി പരിഗണിക്കേണ്ട പല വിഷയങ്ങളുമുണ്ട്. മുസ്‌ലിം സമൂഹം അവരെ നന്നായി ആഘോഷിക്കുകയും അവരുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്യാറുണ്ടെന്നത് ഒരു പച്ചപ്പരമാര്‍ഥമാണ്.
എന്നാല്‍, പലപ്പോഴും അവഗണിക്കപ്പെട്ട് പോവുകയോ അശ്രദ്ധമാക്കപ്പെട്ടുപോവുകയോ ചെയ്യുന്ന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് 'സത്യത്തിലേക്ക് എന്റെ ജീവിതയാത്ര' എന്ന എന്റെ ആത്മകഥ അവസാനിപ്പിച്ചിരിക്കുന്നത്. സത്യമതം സ്വീകരിച്ച ഞാന്‍ യൗവനകാലം മുതല്‍ക്കുതന്നെ യഥാര്‍ഥ ദൈവം എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി ക്രിസ്തുമതത്തില്‍ എത്തുകയായിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം ഞാനന്വേഷിച്ച ദൈവത്തെ കണ്ടെത്താനാകാതെ ക്രിസ്തുമതം ഉപേക്ഷിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ എനിക്ക് ഹിദായത്ത് ലഭിച്ചു. മുസ്‌ലിം ആയി ജീവിക്കാനുള്ള സാഹചര്യവും ലഭിച്ചു. എന്നാല്‍, പല കാരണങ്ങളാല്‍ ഈ വക സൗകര്യം ലഭിക്കാതെ വിഷമത്തിലകപ്പെടുന്നവര്‍ ഒരുപാടുണ്ട്. ജീവിത ഭൗതിക സാഹചര്യങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ ഉപേക്ഷിച്ചുവന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിച്ച് കൊടുക്കേണ്ടതുണ്ട്. സുരക്ഷിതത്വവും ആത്മാഭിമാനവുമുള്ള ബന്ധങ്ങളും കുടുംബജീവിതവും അവര്‍ക്ക് പുനഃസ്ഥാപിച്ച് കൊടുക്കണം. അക്കാര്യത്തില്‍ വീഴ്ച വരുത്തരുത് എന്ന സന്ദേശമാണ് ഞാന്‍ ആ പുസ്തകത്തിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, സൈമണ്‍ മാസ്റ്ററുടെ വിഷയം എന്നെ ഭയപ്പെടുത്തുന്നു. ജാമിദയുടെ ജുമുഅ എടുത്ത് അമ്മാനമാടിയവര്‍ ഇന്നെവിടെയുണ്ട്? സൈമണ്‍ മാസ്റ്ററുടെ മയ്യിത്തിനോട് നിങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലേ സമൂഹമേ? ഈ നിശ്ശബ്ദത തന്നെയാവില്ലേ നാളെ നിങ്ങള്‍ എന്നെപ്പോലുള്ളവരുടെ മയ്യിത്തിനോടും കാണിക്കുക? 'സത്യവിശ്വാസികള്‍ ഒരു ശരീരം പോലെയാണെന്നും ഏതെങ്കിലുമൊരവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ച് അതിനോട് സഹകരിക്കുംപോലെയായിരിക്കണം എന്നുള്ള ഹദീസ് ഓരോ വിശ്വാസിയും എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യമല്ലേ? രക്തബന്ധത്തേക്കാള്‍ വിലമതിക്കുന്നത് എന്ന് പ്രവാചകന്‍ പഠിപ്പിച്ച ആദര്‍ശ ബന്ധുക്കളേ...നിങ്ങളുടെ നിസ്സംഗത എന്നെ വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്.
സൈമണ്‍ മാസ്റ്ററുടെ മരണവും അതിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒന്നാമതായി പരിഗണിക്കേണ്ട വിഷയം ഇതൊരു തര്‍ക്കപ്രശ്‌നമല്ല എന്നതാണ്. ഒരു മനുഷ്യന്‍ ജീവിച്ച് മരിച്ചുപോകുമ്പോള്‍ അവന് ലഭിക്കേണ്ട അവസാനത്തെ അവകാശമാണ് തന്റെ മൃതശരീരം താന്‍ ജീവിച്ചുപോന്ന, വിശ്വസിച്ചുപോയ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചാകണം എന്നത്.
ജന്മംകൊണ്ട് തനിക്ക് ലഭിച്ച ക്രൈസ്തവ മതവിശ്വാസത്തേയും ആചാരത്തേയും ബുദ്ധിയും ചിന്തയും പഠനവുമുപയോഗിച്ച് അദ്ദേഹം വിശകലനം ചെയ്തു.
അതിന്റെ അടിസ്ഥാനത്തില്‍ ചിന്താഗതിക്ക് തൃപ്തിപ്പെടുന്ന രൂപത്തില്‍ ജീവിതശൈലി മാറ്റി. ഏകനായ ദൈവത്തെ ആരാധിക്കണമെന്ന് അദമ്യമായ ആഗ്രഹത്താല്‍ ഇസ്‌ലാം മതം ജീവിത വ്യവസ്ഥയായി സ്വീകരിച്ചു. ഇതാണ് അദ്ദേഹം ചെയ്തത്. അതിനായി വിശുദ്ധ ഖുര്‍ആനും ബൈബിളും താരതമ്യപഠനം നടത്തുകയും നെല്ലും പതിരും വേര്‍തിരിച്ചെടുക്കുകയുമായിരുന്നു ആദ്യം.
ശേഷം തനിക്ക് മനസിലായ സത്യങ്ങള്‍ കുടുംബത്തിലും സഭയിലും അറിയിച്ചു. പൊതുസമൂഹത്തിന്റെ അറിവിനും തിരിച്ചറിവിനുമായി മനസിലാക്കിയ സത്യങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി.
ജീവിതം ഒരു തുറന്ന പുസ്തകംപോലെ കേരളക്കരയുടെ മുന്നില്‍ തുറന്നുവച്ച അദ്ദേഹം താന്‍ ജനിച്ച് ജീവിച്ച മണ്ണില്‍ തന്നെയാണ് തന്റെ ആദര്‍ശ വിശ്വാസവുമായി ജീവിച്ച് മരിച്ചത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍നിന്നും പൂര്‍ണമായി ഉപേക്ഷിച്ച ആശയങ്ങളിലേക്ക് അദ്ദേഹത്തെ മടക്കിക്കൊണ്ടുപോകുന്നതോ അദ്ദേഹത്തിന്റെ ആദര്‍ശ ജീവിതത്തില്‍ എന്തെങ്കിലും നിഷേധിക്കുന്നതോ അനുയോജ്യമായ സംഗതിയല്ല. സൈമണ്‍ മാസ്റ്ററുടെ മയ്യിത്തുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹത്തില്‍ തര്‍ക്കം ഉടലെടുക്കേണ്ട ആവശ്യമില്ല. ഇത് സംബന്ധമായി കൂടിയാലോചനയോ നിലപാട് സ്ഥിരീകരണമോ ആവശ്യമായി വരുന്നില്ല. തന്റെ ആഗ്രഹം ആദര്‍ശ സ്വീകരണ സമയത്തുതന്നെ അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിക്കുകയും എഴുതി ഒപ്പിട്ട് കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം നിലനിര്‍ത്തിയിരുന്ന ആചാരക്രമങ്ങള്‍ക്കും ആരാധനാ രീതികള്‍ക്കും തുടര്‍ച്ചയായി തന്നെയാണ് മരണാനന്തരകര്‍മം നിര്‍വഹിക്കേണ്ടിയിരുന്നത്.
ഇവിടെ സൈമണ്‍ മാസ്റ്ററുടെ വിഷയം മറ്റൊരു തലമാണ്. ജീവിച്ചിരുന്നപ്പോള്‍ ലഭിച്ച സ്‌നേഹവും ബഹുമാനവും പരിഗണനയും അദ്ദേഹത്തിന്റെ മയ്യിത്തിനും അര്‍ഹതപ്പെട്ടതാണ്. ആ അവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ആരില്‍ നിന്നുണ്ടായാലും മനസ്സാക്ഷിക്ക് നിരക്കുന്നതല്ല.
മാതാപിതാക്കളില്‍ നിന്ന് അനന്തരമായി കിട്ടിയ വിശ്വാസ ആദര്‍ശത്തെയും ആചാരാനുഷ്ഠാനങ്ങളെയും ഉപേക്ഷിച്ച് അല്ലാഹുവിനെ ആരാധിക്കുവാനും പ്രവാചകചര്യകളെ ഏറ്റെടുത്ത് മുസ്‌ലിമായി മാറുന്ന ഏതൊരു വ്യക്തിക്കും തന്റെ അന്ത്യകര്‍മങ്ങള്‍ ഏത് വിധത്തിലാണ് തന്റെ ആദര്‍ശ സഹോദരങ്ങള്‍ നിര്‍വഹിക്കുക എന്ന വിശ്വാസമുണ്ടാകും.
ഇസ്‌ലാമിലേക്ക് കടന്നുവന്ന വ്യക്തികളെ മുസ്‌ലിം സമൂഹം ആദരിക്കുന്നുണ്ടെങ്കില്‍, അവരുടെ ആഗ്രഹ അഭിലാഷങ്ങളെ പരിഗണിക്കുന്നുണ്ടെങ്കില്‍, പരമ്പരാഗത മുസ്‌ലിംകളേക്കാള്‍ മഹത്വമുള്ളവരാണെന്ന് മനസിലാക്കുന്നുവെങ്കില്‍ അതിനുയോജ്യമായ നിലപാടാണ് വിശ്വാസി സമൂഹത്തില്‍ നിന്നുണ്ടാവേണ്ടത്.
ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ഒരു വ്യക്തി എന്നാല്‍ അല്ലാഹുവിന്റെ തണലിലേക്കും പ്രവാചകന്റെ മാതൃകയിലേക്കും കടന്നുവന്നു എന്നാണ്. അല്ലാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെയോ സംഘടനയുടെയോ ചട്ടക്കൂടിലേക്കല്ല വരുന്നത്. ഈ വിശാല കാഴ്ചപ്പാട് ഇസ്‌ലാമിക സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്.
സാന്ദര്‍ഭികമായ അടിയന്തര ആവശ്യങ്ങള്‍ സഹായിക്കാന്‍ തയാറാവുക തുടങ്ങിയവ തങ്ങളുടെ ഔദാര്യമായോ നന്ദി നിര്‍ബന്ധമാക്കുന്ന കര്‍മമായോ ചിന്തിക്കാതെ തങ്ങളുടെ കടമയായി പരിഗണിക്കപ്പെടേണ്ടത് ആവശ്യമാണ്. അല്ലാതെ ഏതെങ്കിലും ഒരു സംഘടനയുടെ ലേബലിലേക്ക് ഒരു വിഭാഗം കൈയേല്‍ക്കുകയോ ചേര്‍ക്കുകയോ ചെയ്യുകയും ബാക്കിയുള്ളവര്‍ അധിക്ഷേപിക്കുകയും ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സൗഹൃദവും സാഹോദര്യവും അദ്ദേഹത്തിന് നിഷേധിക്കുന്നതിന് തുല്യമാണ്.
ഇസ്‌ലാമിന്റെ വിശാലതയിലേക്ക് കടന്നുവരുന്ന ഒരാളെ സംഘടനകളുടെ എണ്ണപ്പെരുപ്പവും സഹോദരങ്ങളുടെ സങ്കുചിതത്വ മനോഭാവവും ഞെട്ടിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത് അടിസ്ഥാനപരമായ വിഷയമാണ്. നവ മുസ്‌ലിംകള്‍ ഏതെങ്കിലുമൊരു സംഘടനയുടെയോ വിഭാഗത്തിന്റെയോ പൊതുസ്വത്തല്ല. ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുസ്വത്താണ്. അവരുടെ വിഷയങ്ങളില്‍ അത്തരം വിശാല കാഴ്ചപ്പാട് അനിവാര്യമാണ്.
സത്യത്തില്‍ സൈമണ്‍ മാസ്റ്റര്‍ വിഷയവും ഹാദിയ വിഷയവും മറ്റും മുസ്‌ലിം സമൂഹത്തിന്റെ ആദര്‍ശഭദ്രതയെ അളക്കാന്‍ വേണ്ടി അല്ലാഹു നല്‍കുന്ന ഓരോ പരീക്ഷണങ്ങളാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഞാന്‍ വിശന്നുവന്നപ്പോള്‍ നീ എനിക്ക് ആഹാരം തന്നില്ല. ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സംരക്ഷിച്ചില്ല എന്നൊക്കെ അല്ലാഹു നമ്മെ ചോദ്യം ചെയ്യും എന്ന് ഹദീസുകളില്‍ നിന്നു പഠിച്ചിട്ടുണ്ട്. ഇതേ ചോദ്യം ഞാന്‍ മയ്യിത്തായി കിടന്നപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് എന്നോട് ഇവ്വിധം പെരുമാറി എന്ന ചോദ്യമുണ്ടായാല്‍ ഞാനുള്‍പ്പെടുന്ന നമ്മള്‍ ഓരോരുത്തരും ഉത്തരം പറയേണ്ടിവരും. യാതൊരധ്വാനമോ യാതൊരു പ്രതിസന്ധിയോ അനുഭവിക്കാതെ ജന്മനാ ഇസ്‌ലാം ലഭിച്ച സമൂഹം അവരുടെ വിലപ്പെട്ട ഇസ്‌ലാമിക ആദര്‍ശത്തോട് എത്രത്തോളം ആത്മാര്‍ഥമായും ഗൗരവത്തോടെയുമാണ് പ്രതികരിക്കുന്നത് എന്നറിയുന്നതിനുള്ള അല്ലാഹുവിന്റെ പരീക്ഷണങ്ങളാകും ഓരോ വിഷയവും. ഡോക്ടര്‍ ഹാദിയയും സൈമണ്‍ മാസ്റ്ററും വ്യത്യസ്ത തലത്തിലുള്ള പരീക്ഷണങ്ങളാണ്.
ഹാദിയയുടേത് സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ചാണെങ്കില്‍ സൈമണ്‍ മാസ്റ്ററുടേത് മുസ്‌ലിം ആയി ജീവിച്ച് മരിച്ച വ്യക്തിയോട് നിര്‍വഹിക്കേണ്ട സാമൂഹിക ബാധ്യതയാണ്.
ഇത്തരം വിഷയത്തില്‍ ഓരോ വ്യക്തിയും എടുക്കുന്ന നിലപാട് സ്വന്തം വിശ്വാസത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ വിശ്വാസവും നിസ്വാര്‍ഥതയും നിഷ്‌കളങ്കതയും ബോധ്യപ്പെടുത്താനുള്ള അവസരമായിട്ടാണ് വിശ്വാസികള്‍ ഇത്തരം വിഷയങ്ങളെ കാണേണ്ടത്.
അല്ലാഹു അവ നിശ്ചയിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായി അറിയുന്നവനാണവന്‍. (സൂറ:അല്‍ഖസ്വസ 56).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."