ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷമായി തിരിച്ചെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിരമിക്കും വരെ അവധിയില്‍ പോകാന്‍ നിര്‍ദേശം. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനാണ് മാനേജ്‌മെന്റ് ഇന്നലെ നിര്‍ദേശം നല്‍കിയത്. ഇദ്ദേഹം വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കെയാണ് നടപടി.
അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് വ്യക്തമാക്കിയ മാനേജ്‌മെന്റ് പ്രതിസ്ഥാനത്തുള്ള അധ്യാപികമാരായ സിന്ധുപോള്‍, ക്രസന്റ് നെവിസ് എന്നിവര്‍ക്ക് താക്കീതും നല്‍കി.
എന്നാല്‍ പ്രിന്‍സിപ്പലിനെതിരായ മാനേജ്‌മെന്റിന്റെ നടപടി ഒത്തുകളിയാണെന്ന് ഗൗരി നേഹയുടെ പിതാവ് പ്രസന്നന്‍ പ്രതികരിച്ചു. വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കേ ശമ്പളത്തോടെയുള്ള അവധി പ്രിന്‍സിപ്പലിന് നല്‍കിയത് ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടിസയച്ചിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പല്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.
കുറ്റക്കാരായ അധ്യാപികമാരെ തിരിച്ചെടുത്തതിനു പുറമെ അവര്‍ക്ക് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളവും നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കിയാണ് മാനേജ്‌മെന്റ് ശമ്പളം നല്‍കിയത്.
ഇത് വിവാദമായതോടെയാണ് വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്. അതിനിടെ തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്‌കൂള്‍ മാനേജര്‍ക്കാണ് അധികാരമെന്നും പ്രിന്‍സിപ്പല്‍ ജോണ്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."