പുലാമ്പുഴ കടവില്‍ ചകിരി കമ്പനിയുടെ മറവില്‍ കനോലികനാല്‍ കയ്യേറ്റം
യഥാര്‍ഥത്തില്‍ പുഴയുടെ അര ഏക്കറോളം ഭാഗം ഇന്ന് മനുഷ്യനിര്‍മ്മിത ദ്വീപിന് തുല്യമായി
വാടാനപ്പള്ളി: തളിക്കുളം പുലാമ്പുഴ കടവില്‍ ചകിരി കമ്പനിയുടെ മറവില്‍ കനോലികനാല്‍ കയ്യേറ്റം. കയ്യേറ്റം തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഉദ്യോഗസ്ഥ വൃത്തങ്ങളും സ്വകാര്യവ്യക്തിയും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലമാണെന്നാണ് ആരോപണം.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന പുലാമ്പുഴകടവിലാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെക്കാലമായി സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ കനോലികനാല്‍ കയ്യേറിയിരിക്കുന്നത്. പുലാമ്പുഴ തെക്കുഭാഗത്ത് വര്‍ഷങ്ങളായി ചകിരി കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്. പച്ച ചകിരിയും അഴുകിയ ചകിരിയുമെല്ലാം മറ്റിടങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ച് നാരാക്കി മാറ്റിയെടുക്കും.
ഉത്പാദിപ്പിക്കുന്ന ചകിരിനാര് പിന്നീട് മറ്റിടങ്ങളിലേക്ക് വില്‍പ്പനയും നടത്തും. ചകിരി നാരാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിചോറ് കമ്പനിക്ക് മുന്‍പില്‍ പുഴയോരത്ത് തന്നെ തള്ളുകയാണ് പതിവ്. വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടെ കമ്പനി വക കരഭൂമിയില്‍ നിന്ന് പുഴയുടെ ഒരുഭാഗം വരെ ചകിരിചോറും ചരല്‍ മണ്ണുമിട്ട് നികത്തിയെടുത്ത നിലയിലാണ്. യഥാര്‍ഥത്തില്‍ പുഴയുടെ അര ഏക്കറോളം ഭാഗം ഇന്ന് മനുഷ്യനിര്‍മ്മിത ദ്വീപിന് തുല്യമായി.
ചകിരിയുടെ അവശിഷ്ടങ്ങള്‍ ആദ്യം പുഴയില്‍ തള്ളുകയും പിന്നീട് ഇവക്കുമീതെ മണ്ണും നിറച്ച് ഉറപ്പുവരുത്തിയെടുക്കുകയാണ് കയ്യേറ്റക്കാര്‍ ചെയ്യുന്നത്. കനോലികനാലിന്റെ നടുഭാഗം വരെ എത്തിയതിനാല്‍ പുഴയില്‍ കമ്പിവല കെട്ടി തിരിച്ച് കയ്യേറ്റം ഇപ്പോഴും തുടരുകയാണ്.
ചകിരി വെള്ളത്തില്‍ ഒഴുകിപോകാതിരിക്കാനെന്ന വ്യാജേനയാണ് ഇത് ചെയ്യുന്നതെന്നാണ് പറയുന്നത്. ചകിരിചോറ് നിറച്ച് മലിനമാക്കുന്നുവെന്ന് മാത്രമല്ല പ്രധാന ഉള്‌നാടന്‍ ജലസംഭരണിയായ കനോലി കനാലിന്റെ സംഭരണശേഷി ഇല്ലാതാക്കുകയും ചെയ്യുന്നതാണ് കയ്യേറ്റം. ഇക്കാലയളവില്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് മാറിമാറി ഭരിച്ച യു.ഡി.എഫ് എല്‍.ഡി.എഫ് വിമത സി.പി.എം നേതൃത്വം പുലാമ്പുഴ കടവിലെ കയ്യേറ്റം അറിഞ്ഞും അറിയാതെയും കണ്ടില്ലെന്ന് നടിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്തിന് പുറമേ റവന്യൂ ഇറിഗേഷന്‍ വകുപ്പുകളും കയ്യേറ്റത്തിനെതിരെ നടപടി എടുക്കുന്നതില്‍ കൃത്യവിലോപം തുടരുകയാണ്. കയ്യേറ്റത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും സര്‍വേ പോലും നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ല. കനോലി കനാലിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 7ന് തൃപ്രയാറില്‍ നടന്ന മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സിറ്റിങ്ങില്‍ പരാതി ലഭിച്ചിരുന്നു.
പുഴക്കൊപ്പം കരഭൂമിയും കയ്യേറിയിട്ടുണ്ടെങ്കില്‍ സര്‍വേയിലൂടെ തിരിച്ചുപിടിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."