യൂറോ തട്ടിപ്പ്: പ്രതികള്‍ റിമാന്റില്‍
ആലുവ : കോടികള്‍ വിലയുള്ള യൂറോയും, പുഷ്യരാഗവും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പിനൊരുങ്ങി പിടിയിലായ ദമ്പതികള്‍ റിമാന്റിലായി.
ചെന്നൈ കേന്ദ്രീകരിച്ചുള്ള നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയെന്നവകാശപ്പെടുന്ന ആലുവ കടുങ്ങല്ലൂര്‍ പോളക്കുളം വീട്ടില്‍ കവിതാ ജാസ്മിന്, ഇവരുടെ ഭര്‍ത്താവ് സുബാഷ് എന്നിവരാണ് റിമാന്റിലായത്.
സുപ്രീം കോടതിയിലെ അഭിഭാഷകയെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ആലുവ മുപ്പത്തടം സ്വദേശിയായ സണ്ണിയില്‍ നിന്നും അഡ്വാന്‍സായി 10000 രൂപ കൈപ്പറ്റിയത്. അതിനുശേഷം യൂറോയുടെ ഫോട്ടോസ്റ്റാറ്റ് നല്കി. ഇവര്‍ക്ക് കടുങ്ങല്ലൂരില്‍ വീടെടുത്ത് നല്കാന് ബ്രോക്കറായി പ്രവര്‍ത്തിച്ചയാളാണ് സണ്ണി.
തുടര്‍ന്ന് യൂറോ ഏതുവിധത്തില്‍ മാറാന്‍ കഴിയുമെന്ന അന്വേഷണത്തിനിടയിലാണ് ചില സുഹൃത്തുക്കള്‍ യൂറോ വ്യാജനാണെന്ന് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ആലുവ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.7.5 കോടി രൂപയുടെ ഇന്ത്യന്‍ മൂല്യമുള്ള യൂറോ 10 ലക്ഷം രൂപയ്ക്ക് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്.
മധുര സ്വദേശിയായ ഒരു വരദരാജന്റെ കൈവശം 20 കിലോ പുഷ്യരാഗമുണ്ടെന്നും, ഇത് വാങ്ങുന്നതിന് ആളെ കണ്ടെത്തിയാല്‍ കമ്മീഷന് നല്‍കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. പുഷ്യരാഗത്തിന്റെ ചെറിയ ഏതാനും കഷണങ്ങളും ഇവരുടെ കൈയ്യിലുണ്ടായിരുന്നു. പരിശോധനയില്‍ പുഷ്യരാഗം യഥാര്‍ത്ഥമാണെന്ന് വെളിപ്പെട്ടു.
ഏതാനും മാസം മുമ്പാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശിയായ സുബാഷ് ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് കവിതയെ വിവാഹം കഴിച്ചത്.
മധുര സ്വദേശിയായ വരദരാജനുള്പ്പടെ ഈ റാക്കറ്റില്‍ ഇനിയും പ്രതികളുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."