ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ചെറുവത്തൂര്‍: ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പരീക്ഷയില്‍ ഇംഗ്ലീഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതുന്നതിനും, പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ക്കെതിരേ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ നിര്‍ദേശങ്ങള്‍ പിന്‍വലിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്ന രീതി ഈ വര്‍ഷവും തുടരണം എന്നതാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം വരെ ക്ലാര്‍ക്സ് ലോഗരിതം ടേബിള്‍ പരീക്ഷാ ഹാളില്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോപ്പിയടി ഒഴിവാക്കാന്‍ എന്ന പേരിലാണ് ഇപ്പോള്‍ ടേബിള്‍ പുസ്തകം ഒഴിവാക്കിയത്. ഹാള്‍ ടിക്കറ്റ് വിതരണത്തിനെത്തിയപ്പോഴാണ് ഇതേക്കുറിച്ച് അധ്യാപകരും വിദ്യാര്‍ഥികളും അറിഞ്ഞത്. ഒരേ വിഷയം രണ്ടു ഭാഷ ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്ന നിര്‍ദേശവും ഹാള്‍ ടിക്കറ്റിലൂടെയാണ് നല്‍കിയത്.
ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം എഴുതാന്‍ എളുപ്പം ഇംഗ്ലീഷാണെങ്കില്‍ ഇംഗ്ലീഷും മലയാളമെങ്കില്‍ അതും ഉപയോഗിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."