സ്ലോവാക്യയില്‍ അടിതെറ്റി ജര്‍മനി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലിനും ഇറ്റലിക്കും പോര്‍ച്ചുഗലിനും മികച്ച ജയം. എന്നാല്‍ യൂറോ കപ്പിന് മുമ്പുള്ള പോരാട്ടത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് അടിതെറ്റി. സ്ലോവാക്യയോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെട്ടത്. ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് പനാമയെയും ഇറ്റലി എതിരില്ലാത്ത ഒരു ഗോളിന് സ്‌കോട്‌ലന്‍ഡിനെയും പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്നു ഗോളിന് നോര്‍വെയെയുമാണ് വീഴ്ത്തിയത്.
കോപ അമേരിക്കയ്ക്ക് മുന്‍പുള്ള ടീമിന്റെ അവസാന പരിശീലന മത്സരം എന്ന നിലയ്ക്കാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്. പ്രമുഖ താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി ഗബ്രിയേല്‍ മിന്നും താരമായി. ജോനാസാണ് മറ്റൊരു സ്‌കോറര്‍. 2011 നവംബറിന് ശേഷം ജോനാസ് നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്. റിക്കാര്‍ഡോ ഒലിവേരയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ടീമിലെത്തിയത്.
സ്‌കോട്‌ലന്‍ഡിനെതിരേ ഗ്രേഷ്യാനോ പെല്ലെയുടെ ഗോളാണ് ഇറ്റലിയെ വിജയത്തിലെത്തിച്ചത്. 57ാം മിനുട്ടിലാണ് ഗോള്‍ പിറന്നത്. നോര്‍വെയ്‌ക്കെതിരേ റിക്കാര്‍ഡോ ക്വാറെസ്മ, ഗൊറെയ്‌റോ, ഈഡര്‍ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
എന്നാല്‍ സ്ലോവാക്യയ്‌ക്കെതിരേ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ജര്‍മനി തോല്‍വി വഴങ്ങിയത്. 13ാം മിനുട്ടില്‍ മരിയോ ഗോമസ് പെനാല്‍റ്റിയിലൂടെ ടീമിന് ലീഡ് സമ്മാനിച്ചെങ്കിലും ഹാംസിക്, മൈക്കല്‍ ഡുറിസ്, കുസ്‌ക എന്നിവരുടെ ഗോളാണ് സ്ലോവാക്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്.
മറ്റു മത്സരങ്ങളില്‍ സ്‌പെയിന്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയേയും കൊളംബിയ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഹെയ്തിയെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."