കേരള, കര്‍ണാടക ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു
ന്യൂഡല്‍ഹി: വെള്ളിയാഴ്ച സുപ്രിംകോടതിയില്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയത് കര്‍ണാടക ഹൈക്കോടതിയിലെ പത്തും കേരളാ ഹൈക്കോടതിയിലെ അഞ്ചും ജഡ്ജിമാര്‍. ഇതുമൂലം കേരളാ ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ പകുതിയോളവും കര്‍ണാടകാ ഹൈക്കോടതിയിലെ 70 ശതമാനത്തോളവും തടസപ്പെട്ടു. കേരളാ ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍, കര്‍ണാടക ഹൈക്കോടതി ജഡ്ജ് എസ്. അബ്ദുല്‍ നസീര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ചുമതലയേറ്റത്. ഇരുവരും നേരത്തെ സേവനമനുഷ്ഠിച്ച ഹൈക്കോടതികളിലെ ജഡ്ജിമാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയില്‍ വന്നതിനാലാണ് കേരള, കര്‍ണാടക ഹൈക്കോടതികളിലെ നടപടികള്‍ തടസപ്പെട്ടത്.
ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനായി ഹൈക്കോടതി ജഡ്ജിമാര്‍ അവധിയെടുത്ത് ഡല്‍ഹിയിലെത്തിയ നടപടിയെ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എം ലോധ വിമര്‍ശിച്ചു. ഇതു പൂര്‍ണമായും ഒഴിവാക്കപ്പെടേണ്ട നടപടിയാണെന്നും ഒരു ജഡ്ജിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം നിയമനടപടികള്‍ ആവണമെന്നും ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."