മന്ത്രി സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്; ചന്ദ്രശേഖരന്‍ വാ പോയ കോടാലി
തൊടുപുഴ: കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വാ പോയ കോടാലിയാണെന്നും സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സ്വന്തം മന്ത്രിമാരെ കണക്കിനു വിമര്‍ശിച്ചാണ് നെടുങ്കണ്ടത്ത് നടക്കുന്ന സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍ സംസാരിച്ചത്.
പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേ ഗൗരവതരമായ ആരോപണങ്ങളും പ്രതിനിധികള്‍ ഉന്നയിച്ചു. വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ് ഭരണം നടത്തുന്നത്. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നതാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ജില്ലാ സമ്മേളനം ഇന്ന് സമാപിക്കുമെങ്കിലും പ്രതിനിധികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം.എം മണിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും സമ്മേളത്തില്‍ അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച എല്‍.ഡി.എഫ് ജനജാഗ്രതാ യാത്ര അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രചാരണത്തിലും ജനങ്ങളെ പങ്കെടുപ്പിക്കുന്നതിലും സി.പി.എം ഒരു താല്‍പര്യവും കാണിച്ചില്ല. കാനത്തിന്റെ നേതൃത്വത്തിലുള്ള ജാഥ വിജയിക്കരുതെന്ന് സി.പി.എം ആഗ്രഹിച്ചത് പങ്കാളിത്തക്കുറവില്‍ നിന്ന് വ്യക്തമായതാണ്. എം.എം മണി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ സി.പി.ഐയെ മുഖ്യശത്രുവായി കാണുന്ന സമീപനമായിരുന്നു. ഒരുകാര്യവുമില്ലാതെ സി.പി.ഐയെ ആക്രമിക്കാന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന പ്രശ്‌നം വരുമ്പോള്‍ സി.പി.എമ്മിന്റെ, പ്രത്യേകിച്ച് എം.എം മണിയുടെ മട്ടും ഭാവവും മാറുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."