മലയിറങ്ങി ആനവണ്ടിയില്‍ അവര്‍
ഒക്‌ടോബറിലെ ചെറുതണുപ്പുള്ള വൈകുന്നേരം. എങ്കിലും എല്ലാവരും ബസിന്റെ ഷട്ടര്‍ ക്ലിപ്പുകള്‍ പൊടുന്നനെ ഉയര്‍ത്തിവയ്ക്കാന്‍ തുടങ്ങി. അവര്‍ ചുരത്തിലേക്കു പ്രവേശിക്കുകയാണ്. ചുരക്കാഴ്ചകള്‍ ആര്‍ക്കാണു മടുക്കുക! വിശേഷിച്ച് തെളിഞ്ഞ മനസുള്ള രാത്രിയില്‍. പ്രകൃതിയുടെ ഭിന്നസൗന്ദര്യങ്ങള്‍ കാണാം ആ നേരത്ത്. മുകളില്‍ ചന്ദ്രനും താരങ്ങളും മിന്നിനില്‍ക്കുന്ന ആകാശം. താഴോട്ടു നോക്കിയാല്‍ വീടുകളിലും കെട്ടിടങ്ങളിലും പ്രകാശിച്ചു നില്‍ക്കുന്ന വൈദ്യുത ദീപങ്ങള്‍. ഇരുട്ടിന്റെ കടലില്‍ വിതറിയിട്ട വെളിച്ചത്തിന്റെ പൊട്ടുകള്‍.
അവര്‍ 13 പേര്‍. 11 കുട്ടികളും രണ്ടു മുതിര്‍ന്നവരും ഒരു യാത്രയിലാണ്. രാജ്യത്തിന്റെ തെക്കേ അറ്റമായവയനാട്ടിലെ, ഒരു കൊച്ചു നാട്ടിന്‍പുറത്തുനിന്ന് വടക്ക് രാജ്യാതിര്‍ത്തിയിലെ വാഗാകവാടം വരെ നീളുന്ന ഒരു നീണ്ട യാത്രയുടെ തുടക്കത്തില്‍.
മലമുകളിലെ ഗ്രാമം വിട്ട് ഏറെയൊന്നും സഞ്ചരിച്ചിട്ടുള്ളവരല്ല അവരാരും. ചുരുക്കം ചില കുട്ടികള്‍ മാത്രം കോഴിക്കോടും തൃശൂരും തിരുവനന്തപുരവുമൊക്കെ കണ്ടിട്ടുണ്ട്. മറ്റുള്ളവര്‍ ജില്ലയയുടെ അതിര്‍ത്തിക്കപ്പുറത്തേക്കു യാത്രപോയിട്ടേ ഇല്ലാത്തവര്‍. ബസിലോ ഓട്ടോയിലോ സഞ്ചരിച്ചിട്ടുണ്ടെന്നല്ലാതെ ഒരിക്കലുമൊരു തീവണ്ടി യാത്രയുടെ ആസ്വാദ്യത അറിഞ്ഞിട്ടുള്ളവരല്ല പലരും. എന്തിന് സിനിമയിലും ചിത്രങ്ങളിലുമല്ലാതെ ഒരു തീവണ്ടി നേരില്‍ കണ്ടിട്ടുപോലുമില്ല ചിലര്‍.
അവര്‍ക്കു രാജ്യതലസ്ഥാനം പിന്നിട്ടു പോകുന്ന ഒരു യാത്ര എന്നത് ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ മാത്രം കടന്നുവരുന്ന ഒന്നായിരുന്നു ഇതുവരെയും. പക്ഷേ ഇപ്പോഴവര്‍ ആ സ്വപ്നം പിന്തുടര്‍ന്നു കീഴടക്കാനാരംഭിക്കുകയാണ്.
അവധി ദിവസത്തെ വൈകുന്നേരങ്ങളില്‍ മാത്രം പതിവുള്ള ട്യൂഷന്‍ ക്ലാസിന്റെ ഇടവേളകളില്‍ ജീവന്‍ മാഷാണ് അതു പറഞ്ഞത്. എത്ര കണ്ടാലും മതിവരാത്ത ഒരു ഭൂഭാഗമാണ് ഡല്‍ഹി. അവസരം കിട്ടിയാല്‍ ഞാന്‍ ഇനിയും പോകും അവിടെ!. അത്രമേല്‍ ഡല്‍ഹി എന്നെ മോഹിപ്പിക്കുന്നുണ്ട്.
രാജഭരണ കാലത്തെ സംബന്ധിച്ച ഏതോ സംശയങ്ങള്‍ കുട്ടികളിലാരോ ഉന്നയിച്ചപ്പോഴാണ് മറുപടിയായി മാഷത് പറഞ്ഞത്. അതായിരുന്നു തുടക്കം. മാഷിന്റെ വാക്കുകള്‍ കുട്ടികളിലും ആഗ്രഹത്തിന്റെ വിത്തു വീഴ്ത്തി. രണ്ടു ദിവസം കഴിഞ്ഞൊരു രണ്ടാം ശനിയാഴ്ച ഉച്ചയ്ക്ക് കുട്ടികളെത്തുന്നത് ഒരു ചോദ്യവുമായാണ്.
'മാഷേ ഒരാള്‍ക്ക് ഡല്‍ഹി കണ്ടു മടങ്ങിവരാന്‍ എത്ര രൂപ വേണ്ടിവരും?' ജീവന്‍ മാഷ് അത്ഭുതപ്പെട്ട് തെല്ലിട നിന്നു. പിന്നെ പറഞ്ഞു.
'ഒരഞ്ചായിരം - ആറായിരം രൂപ'
അത്രയും രൂപയാവും എന്നറിഞ്ഞപ്പോള്‍ കുട്ടികളുടെ മുഖം മങ്ങി. 'എന്തേ ദില്ലിയ്ക്കു പോവാന്‍ ആലോചനയുണ്ടോ... ?' മാഷ് ചോദിച്ചു.
'ആഗ്രഹമുണ്ട് മാഷേ. പക്ഷേ അത്ര വലിയ തുക...' കുട്ടികളില്‍ മുതിര്‍ന്നയാള്‍ വിവേക് സംശയത്തില്‍ നിര്‍ത്തി. 'ആഗ്രഹമുണ്ടെങ്കില്‍ പറയൂ. പണത്തിനൊക്കെ വഴിയുണ്ടാവും. ആഗ്രഹമുണ്ടെങ്കില്‍ വഴിയുമുണ്ടാവുമെന്നേ... ആവശ്യം സൃഷ്ടിയുടെ മാതാവാണ് എന്നു കേട്ടിട്ടില്ലേ നിങ്ങള്‍?' ജീവന്‍ മാഷ് പ്രോത്സാഹിപ്പിച്ചു. അതോടെ കുട്ടിസംഘത്തിന് ഉത്സാഹം കൂടി.
'പോണമെന്ന് കുറച്ചു പേരൊക്കെ പറഞ്ഞിരുന്നു മാഷെ' അക്ഷര പറഞ്ഞു. 'ഞാന്‍ എല്ലാവരോടും ഒന്നു ചോദിക്കെട്ട'.
ഒന്‍പതാം ക്ലാസു മുതല്‍ പ്ലസ്ടു വരെയുള്ള 30 കുട്ടികളാണ് ജീവന്‍ മാഷുടെയടുത്ത് ട്യൂഷന്‍ ക്ലാസിനു വരുന്നത്. റവന്യു വകുപ്പില്‍ ജീവനക്കാരനായ ജീവന്‍ അവധിദിവസങ്ങളില്‍ വന്നെത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഗ്രാമറും സ്വല്‍പം കണക്കും ഒപ്പം ആശയവിനിമയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും പാഠങ്ങളും ഫീസൊന്നും കൂടാതെ പകര്‍ന്നുനല്‍കുന്നു. ചെറുപ്രായത്തിലേ കണ്ടുപരിചയമുള്ള കുട്ടികളില്‍നിന്നു ദക്ഷിണയായി സ്വീകരിച്ചതാണ് മാഷ് എന്ന പ്രിയപ്പെട്ട സ്ഥാനപ്പേര്.
30 കുട്ടികളില്‍ മുഴുവന്‍ പേര്‍ക്കും യാത്രയ്ക്കു താല്‍പര്യമുണ്ടായിരുന്നു, സ്വാഭാവികം. പക്ഷേ വീട്ടിലെ അനുവാദം ചോദിക്കലിന്റെയും സാമ്പത്തികം കണ്ടെത്തലിന്റെയും കടമ്പ കടക്കാനായത് ആറു പേര്‍ക്കാണ്. വേറെ കുറച്ചുപേര്‍ക്ക് പകുതി പണം ലഭിക്കും. അങ്ങനെയുള്ളവര്‍ക്കു ബാക്കി കണ്ടെത്താന്‍ വഴിപറഞ്ഞത് മാഷുടെ ഭാര്യ ചിന്തച്ചേച്ചിയാണ്. അവരുടെ ഒരു കൂട്ടുകാരി നടത്തുന്ന മെഴുകുതിരി നിര്‍മാണ യൂനിറ്റില്‍ ഒഴിവു സമയം പാക്കിങ് ജോലി ചെയ്യാന്‍ ചേച്ചി അവസരമുണ്ടാക്കി. പള്ളിക്കുന്ന് പെരുന്നാള്‍ അടുത്ത സമയമായതിനാല്‍ നിര്‍മാണ യൂനിറ്റില്‍ എത്ര പേരുടെ സേവനമുണ്ടെങ്കിലും അധികമല്ലായിരുന്നു.
അങ്ങനെ ജീവന്‍ മാഷും ചിന്തച്ചേച്ചിയും 13 കുട്ടികളുമുള്‍പ്പടെ 15 പേര്‍ക്കാണു ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ പോകാനുള്ള തിയതി അടുത്തതോടെ ഒന്നുരണ്ടു പേര്‍ക്ക് അസൗകര്യങ്ങളുണ്ടായി. ഒടുവില്‍ മാഷും ചേച്ചിയും ഉള്‍പ്പടെ 13 പേര്‍.
പൂജാ അവധിയും ഒപ്പം രണ്ടാം ശനിയും ഞായറും മുഹര്‍റവും കൂടി വരുന്ന സമയമാണ് യാത്രയ്ക്കു തിരഞ്ഞെടുത്തത്. ബസ് ഒട്ടൊരു സമയമെടുത്തു ചുരമിറങ്ങിത്തീര്‍ന്നു. അടിവാരമെത്തിയതോടെ ഗതിവേഗം കൂടി. രാത്രിയായതിനാല്‍ ഇടയ്‌ക്കേറെയൊന്നും ആരും കയറാനും ഇറങ്ങാനുമുണ്ടായിരുന്നില്ല. പെട്ടെന്ന് പിന്നില്‍ നിന്നൊരു പാട്ടുയര്‍ന്നു.
'കൂ കൂ തീവണ്ടി
കൂകിപ്പായും തീവണ്ടി...'
ജീവന്‍ മാഷും ചിന്തച്ചേച്ചിയുമുള്‍പ്പെടെ മുന്‍ഭാഗത്തിരുന്നവരെല്ലാം പിന്നാക്കം തിരിഞ്ഞുനോക്കി, കൗതുകത്തോടെ. ആരാണ് കെ.എസ്.ആര്‍.ടി.സി ബസിലിരുന്നു തീവണ്ടിയെക്കുറിച്ച് പാടുന്നത്!
പിറകിലെ സീറ്റിലിരുന്ന് ഫിദലും അലനും വിവേകുമാണ് സംഘഗാനം ആലപിക്കുന്നത്. പാവം കുട്ടികള്‍. ആദ്യമായി തീവണ്ടിയില്‍ കയറാന്‍ പോകുന്നതിന്റെ ആവേശത്തിലാണവര്‍. ആര്‍ക്കും ശല്യമാവാത്തവിധം അവര്‍ പാടിക്കൊള്ളട്ടെ. ജീവന്‍ മാഷ് വിചാരിച്ചു.
'കൂ കൂ തീവണ്ടി' കഴിഞ്ഞപ്പോള്‍ അടുത്ത പാട്ട് തുടങ്ങി.
'വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണെ..'
വീണ്ടും തീവണ്ടിയെക്കുറിച്ച് തന്നെ ! മുന്‍പിലെ സീറ്റിലായിരുന്ന മിലനും ശ്രദ്ധയും നദിയും കൂടി പിന്നോട്ടു ചെന്ന് അവരോടൊപ്പം പാട്ടുപാടാന്‍ കൂടി. അങ്ങനെ പാട്ടും തകര്‍പ്പുകളുമായി അവര്‍ കോഴിക്കോട് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വന്നണഞ്ഞു. നീലക്കുപ്പായമണിഞ്ഞ ഡ്രൈവറും കണ്ടക്ടറും ദില്ലിയ്ക്ക് പോകുന്ന കുട്ടിസംഘത്തിനു ശുഭയാത്ര നേര്‍ന്നു. നന്ദി പറഞ്ഞു പുറത്തിറങ്ങിയ ശേഷം ജീവന്‍ മാഷ് സമയം നോക്കി. എട്ടര. വണ്ടി വരാന്‍ ഇനിയുമുണ്ട് രണ്ടു മണിക്കൂറിലേറെ സമയം.
'പൈക്കിഞ്ചോ, പൈക്കിഞ്ചോ പൈക്കിഞ്ചോ...'
എന്ന സിനിമാപാട്ട് വയറ്റില്‍ താളം തട്ടിപ്പാടി വിവേക് ജീവന്‍ മാഷുടെ അടുത്തേക്കു വന്നു. 'കഴിക്കാമെടാ, കരയാതെ...' മാഷ് തമാശയ്ക്ക് അവന്റെ തലയില്‍ കിഴുക്കി. കുട്ടികളുടെ കൂട്ടത്തിലെ ഒരു സവിശേഷ കഥാപാത്രമാണവന്‍. വിശപ്പ് തെല്ലും സഹിക്കാനാവില്ല. മറ്റുള്ളവരെ അനുകരിക്കാനും നാടന്‍പാട്ട് പാടാനുമൊക്കെ കഴിവുള്ള മിടുക്കന്‍. അവര്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന് വെജിറ്റേറിയന്‍ ഹോട്ടലായ രുചിഭവനില്‍ കയറി.
'എല്ലാവരും നന്നായിട്ട് കഴിച്ചോളൂ. ഇനി നാളെ രാവിലെ ട്രെയിനിലാവും നമ്മുടെ ഭക്ഷണം'. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാഷ് എല്ലാവരോടുമായി പറഞ്ഞു. 'ട്രെയിനിലതിന് ഹോട്ടലുണ്ടോ...?' അക്ഷരയുടേതാണ് സംശയം. 'പിന്നില്ലാതെ! ഇല്ലെങ്കില്‍ യാത്ര ചെയ്യുന്നവര്‍ പട്ടിണി കിടന്ന് മരിച്ചുപോവില്ലേ...' നെയ്‌റോസ്റ്റ് ചട്ട്‌നിയില്‍ മുക്കി വായില്‍ വയ്ക്കുന്നതിനിടെ വിവേകതിനു മറുപടി പറഞ്ഞു. അവന്‍ മുന്‍പ് ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്.
'ആ ഹോട്ടലിന്റെ ട്രെയിനിലെ ഭക്ഷണശാലയുടെ പേരാണ് പാന്‍ട്രികാര്‍' ജീവന്‍ മാഷ് കൂട്ടിച്ചേര്‍ത്തു. അന്നേരം ചിന്തച്ചേച്ചിയുടെ ഫോണ്‍ ബെല്ലടിച്ചു. അവര്‍ സംസാരിച്ചു തീരുവോളം കുട്ടികള്‍ നിശബ്ദരായി ഇരുന്നു. 'ആഷ്‌ലിയാണ് വിളിച്ചത്'. ഫോണ്‍ വച്ചശേഷം ചിന്തച്ചേച്ചി പറഞ്ഞു. 'മാമന്റെ കൂടെ പുറപ്പെട്ടു കഴിഞ്ഞു. ഏറെ വൈകാതെ എത്തും'.
ആഷ്‌ലി അവരുടെ കൂടെയുള്ള കുട്ടിയാണ്. മഞ്ചേരിയിലെ ഉമ്മവീട്ടില്‍ സ്‌കൂള്‍ അടച്ച ദിവസം പോയ അവള്‍ അവിടെ നിന്നാണു യാത്രയില്‍ ചേരാനെത്തുന്നത്. ഭക്ഷണം കഴിച്ച് അവര്‍ പുറത്തിറങ്ങി. ഇനിയുമുണ്ട് ഒന്നൊന്നര മണിക്കൂര്‍. ജീവന്‍ മാഷ് ഒരു നിര്‍ദേശം വച്ചു.
'ഒന്നുകില്‍ നമുക്ക് രണ്ടുമൂന്ന് ഓട്ടോകളിലായി റെയില്‍വേ സ്റ്റേഷനിലേക്കു നീങ്ങാം. അല്ലെങ്കില്‍ നടക്കാം. മാനാഞ്ചിറയും മിഠായിത്തെരുവും ചുറ്റി പതിയെ അങ്ങനെ. ഒന്‍പതു കഴിഞ്ഞതിനാലിനി ബസ് കിട്ടാനിടയില്ല. മാഷ് വാച്ചില്‍ നോക്കി. 'നടക്കാം മാഷെ, രസമായി കഥയും പറഞ്ഞു നടക്കാം' ശ്രദ്ധ പറഞ്ഞു. മറ്റുള്ളവരും അവളോടു യോജിച്ചു.
'പക്ഷെ ഒന്നുരണ്ട് കിലോമീറ്ററുണ്ട് ഈ ഭാരവും തൂക്കി...' മാഷ് സംശയത്തില്‍ അര്‍ധോക്തിയില്‍ നിര്‍ത്തി. 'ഇതൊക്കെയൊരു ഭാരമാണോ ?! ഇതിലും വലിയ പുസ്തകക്കെട്ട് എന്നും ചുമക്കുന്നവരല്ലേ ഞങ്ങള്‍.! 'അങ്ങനെ പറഞ്ഞ് തന്റെ ബാഗെടുത്ത് ചുമലില്‍ തൂക്കി മുന്‍പേ നടന്നുതുടങ്ങി വിവേക്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."