പടിയിറങ്ങും മുന്‍പ് ജില്ലയുടെ ഇ-മുഖവും മാറ്റി 'കലക്ടര്‍ ബ്രോ'
കോഴിക്കോട്: പടിയിറങ്ങുന്നതിന് തൊട്ടുമുന്‍പ് കലക്ടര്‍ എന്‍. പ്രശാന്ത് ജില്ലയുടെ ഇ-മുഖത്തിന്റെ മുഖച്ഛായയും മാറ്റി. കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുതിയമുഖം നല്‍കിയാണ് കലക്ടര്‍ ബ്രോയുടെ പടിയിറക്കം.
കഴിഞ്ഞ ദിവസമാണ് വെബ്‌സൈറ്റിന്റെ പുതിയ രൂപകല്‍പ്പന പൂര്‍ത്തിയായത്. ഇപ്പോള്‍ പതിവ് സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ശൈലിയിലല്ല കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.
കലക്ടര്‍ തന്നെ ഈ വെബ്‌സൈറ്റിനെ വിശേഷിപ്പിക്കുന്നത് കേരളത്തിലെ ആദ്യത്തെ ഡൈനാമിക്, റെസ്‌പോണ്‍സീവ് ജില്ലാ വെബ്‌സൈറ്റ് എന്നാണ്. ഒരു കൂട്ടം സുമനസുകളുടെ പ്രയത്‌നവും എന്‍.ഐ.സിയുടേയും പിക്‌സല്‍ബേര്‍ഡിന്റെയും സാങ്കേതിക സഹകരണവുമാണ് വെബ്‌സൈറ്റും കണ്ടന്റും തയാറാക്കിയിട്ടുള്ളത്. വെബ്‌സൈറ്റ് രൂപകല്‍പ്പനക്കാകട്ടെ ഒരു രൂപപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചിട്ടുമില്ല.
കോഴിക്കോടിന്റെ സാംസ്‌കാരികവും മാനുഷികവുമായ മുഖങ്ങളുടെ പ്രതിഫലനം തന്നെ വെബ്‌സൈറ്റില്‍ ദര്‍ശിക്കാനാകും. കലക്ടറുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കും ഹോംപേജിലുണ്ട്. ജില്ലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹോംപേജില്‍ തന്നെ പ്രത്യേകം നല്‍കിയിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങളെയും പൊതുസ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന സൈറ്റ് നല്‍കുന്നത് സമഗ്രമായ ഒരു കോഴിക്കോടന്‍ ചിത്രമാണ്. അതും മികച്ച സാങ്കേതികവിദ്യയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."