ഡീസല്‍ വാഹനങ്ങളുടെ നിരോധനം: പ്രത്യാഘാതങ്ങള്‍ ഏറെ
അന്തരീക്ഷമലിനീകരണത്തിന്റെ തോതു കുറയ്ക്കുന്നതിനായി ദേശീയ ഹരിതട്രൈബ്യൂണല്‍ നല്‍കിയ വിധി ഇതിനകം വ്യാപകമായ വിവാദങ്ങള്‍ക്ക് ഇടംനല്‍കിയിരിക്കുകയാണ്. പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ നിരത്തില്‍നിന്നു പിന്‍വലിക്കണമെന്നാണു കോടതി വിധിച്ചിരിക്കുന്നത്.
2000 സി.സിയും അതിനുമുകളില്‍ ശേഷിയുള്ളതുമായ, പൊതുഗതാഗതത്തിനുപയോഗിക്കുന്നവ ഒഴികെയുള്ള, ഡീസല്‍വാഹനങ്ങള്‍ക്കാണു നിരോധനം. ഡീസല്‍വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നാണു സര്‍ക്കാരിനോടു ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ത്തന്നെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്കു വന്‍തിരിച്ചടിയാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണു ട്രൈബ്യൂണലിന്റെ വിധി ബാധകമാകുക.
കേരളത്തിലെ വാഹനങ്ങളില്‍ പ്രകൃതിവാതകം (സി.എന്‍.ജി) ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോയെന്നു സംസ്ഥാനസര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹരിതട്രൈബ്യൂണലിന്റെ ഉത്തരവിന്റെ ലക്ഷ്യത്തെ സംശയിക്കുന്നില്ലെങ്കിലും അതിന്റെ ഫലത്തെക്കുറിച്ചു ചില സംശയങ്ങളുയരുന്നുണ്ടെന്നതു പറയാതിരിക്കാന്‍ നിവൃത്തിയില്ല.
രാജ്യത്തെ സി.എന്‍.ജി ഉല്‍പാദകരിലെ കുത്തക സ്ഥാപനമാണു റിലയന്‍സ്. ഡീസല്‍ വാഹനങ്ങളുടെ പിന്‍വലിക്കല്‍ നടപ്പായാല്‍ റിലയന്‍സിന്റെ പ്രകൃതിവാതകം വന്‍തോതില്‍ വിറ്റഴിക്കാനുള്ള അവസരം കൈവരും. ബി.ജെ.പിയുമായി വളരെ അടുപ്പമുള്ള പ്രസ്ഥാനമാണ് റിലയന്‍സ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോടിക്കണക്കിനു രൂപയാണ് ബി.ജെ.പി പച്ചവെള്ളംപോലെ ഒഴുക്കിയത്. ഇങ്ങനെ ഒഴുക്കാനുള്ള പണം അവര്‍ക്കു ലഭിച്ചത് റിലയന്‍സും അദാനിയും വഴിയാണെന്ന ആരോപണം ശക്തമാണ്.
ഡീസല്‍ വാഹനനിരോധന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക മാഗി നൂഡില്‍സ് നിരോധനമാണ്. ആരോഗ്യത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു മാഗി നിരോധിച്ചത്. മാഗി നിരോധിച്ചയുടനെ മറ്റൊരു നൂഡില്‍സ് ഉടനെ വിപണി കൈയടക്കി. അതു പതഞ്ജലി നൂഡില്‍സായിരുന്നു. സംഘ്പരിവാര്‍ സഹയാത്രികനും യോഗാചാര്യനുമായ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍നിന്നാണു ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. അതിന്റെ ഗുണനിലവാരപരിശോധന ആരും നടത്തിയിട്ടില്ല.
നാളെ ഡീസലിനുപകരം റിലയന്‍സിന്റെ പ്രകൃതിവാതകം വ്യാപകമാകുമ്പോള്‍ അതിനുള്ളിലെ തിരിമറികള്‍ അറിയപ്പെടാതെ പോയേക്കാം. ഡീസല്‍വാഹനങ്ങളില്‍നിന്നുള്ള പുകമൂലം അന്തരീക്ഷമലിനീകരണം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലീഫ് എന്ന സംഘടന നല്‍കിയ ഹരജിയെത്തുടര്‍ന്നാണു പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ക്കു കോടതിനിരോധനം വന്നിരിക്കുന്നത്. ഡീസല്‍വാഹനങ്ങളെ സംബന്ധിച്ച ദേശീയഹരിത ട്രൈബ്യൂണലിന്റെ വിധീ ഏകപക്ഷീയമായിപ്പോയെന്ന നിയമജ്ഞരുടെ അഭിപ്രായത്തെ തിരിച്ചറിയേണ്ടതുണ്ട്.
ഇരുപക്ഷവും കേള്‍ക്കണമെന്നു ദേശീയ ഹരിതട്രൈബ്യൂണല്‍ നിയമത്തില്‍ പറയുന്നുണ്ട്. അത് ഇവിടെ പാലിച്ചിട്ടില്ല. എതിര്‍കക്ഷിയായ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗം ട്രൈബ്യൂണല്‍ കേള്‍ക്കണമായിരുന്നു. അതുണ്ടായില്ല. അടിയന്തിരഘട്ടങ്ങളില്‍ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കണമെന്നില്ല. കേരളത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു അടിയന്തിരസാഹചര്യമില്ല. ജനങ്ങളുടെ യാത്രയെ വലിയതോതില്‍ ബാധിക്കുന്ന വിധിയായതിനാല്‍ അതിനുമുമ്പു സര്‍ക്കാരിന്റെ നിലപാടുകൂടി ട്രൈബ്യൂണല്‍ ആരായേണ്ടതുണ്ടായിരുന്നു.
25 ലക്ഷം മുടക്കിയാണു ബസുടമ ബസ് വാങ്ങുന്നത്. 10 വര്‍ഷംകൊണ്ട് അതിന്റെ തിരിച്ചടവു തീരില്ല. അങ്ങനെയുള്ളവര്‍ എന്തുചെയ്യും വാഹനനിരോധന ഉത്തരവിനെ സാധൂകരിക്കുന്ന രേഖകളൊന്നും കോടതിക്കുമുന്നില്‍ വന്നില്ല. എന്തിനധികം ലീഫിന്റെ പരാതിയില്‍ കൂടുതല്‍ വാദപ്രതിവാദങ്ങളുമുണ്ടായില്ല. ഡീസല്‍ വാഹനങ്ങള്‍ പൊതുനിരത്തില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ അതു സാധാരണജനങ്ങളെ എങ്ങനെ ബാധിക്കുമെന്നുകൂടി ട്രൈബ്യൂണല്‍ പരിശോധിക്കേണ്ടതായിരുന്നു.
പൊതുവാഹനങ്ങളെ ആശ്രയിക്കുന്ന തൊഴലാളികളും സാധാരണജീവനക്കാരും എന്തുചെയ്യും. വമ്പിച്ച സാമൂഹ്യപ്രശ്‌നങ്ങളായിരിക്കും നിരോധനംനിലവില്‍ വരുമ്പോള്‍ ഉണ്ടാവുക. ഇപ്പോള്‍ത്തന്നെ കുതിച്ചുയരുന്ന സാധനവില, ചരക്കു ഗതാഗതത്തിനുപയോഗിച്ച ലോറികള്‍ റോഡുകളില്‍നിന്നു പിന്‍വാങ്ങുമ്പോള്‍, പിടിതരാതെ മേല്‍പ്പോട്ടുയരും. റേഷന്‍ കടകളിലേയ്ക്കുള്ള ലോറി മുടങ്ങുമ്പോള്‍ റേഷന്‍വിതരണം മുടങ്ങും. പാവപ്പെട്ടവന്റെ വയറ്റത്തടിയായി പരിണമിക്കുകയാണിവിടെ ട്രൈബ്യൂണലിന്റെ വിധി. ഡീസല്‍ വാഹനങ്ങള്‍ നഗരങ്ങളില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ അതിലെ തൊഴിലാളികളാണു തെരുവാധാരമാകുന്നത്. മാത്രമല്ല, നഗരങ്ങളില്‍നിന്നു പിന്‍വലിയുന്ന ഡീസല്‍വാഹനങ്ങള്‍ ഗ്രാമങ്ങളിലേയ്ക്കു വരും. അവിടെയും അന്തരീക്ഷമലിനീകരണം സംഭവിക്കില്ലേ ഇതരസംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറിയും പലവ്യഞ്ജനവുമായി വരുന്ന ലോറികള്‍ ഇല്ലാതാകുമ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ ഇരുട്ടിലേയ്ക്കായിരിക്കും പതിക്കുക. സാമൂഹികതലത്തില്‍ ബാധിക്കുന്ന വിധിപ്രസ്താവം നടത്തുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍കൂടി പരിഗണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."