പൊതുവിദ്യാലയങ്ങള്‍ പുരോഗതിയുടെ സാംസ്‌കാരിക കേന്ദ്രം: സ്പീക്കര്‍
കോഴിക്കോട്: സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളായി നില്‍ക്കുന്ന പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിന് സാംസ്‌കാരിക പ്രതിരോധം ഉയര്‍ന്നുവരണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരികയാണ്.
മുബൈ പോലുള്ള നഗരങ്ങളില്‍ അധോലോകമുണ്ടാകാന്‍ കാരണം പൊതുവിദ്യാലയങ്ങളുടെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 130ാം വാര്‍ഷികം ആഘോഷിക്കുന്ന ഗവ.ഗണപത് ബോയ്‌സ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ മലബാറിന്റെ ചരിത്രത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത സ്‌കൂളായിരുന്നു ഗണപത് ഹൈസ്‌കൂള്‍. കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഗവ.ഗണപത് ബോയ്‌സ് സ്‌കൂളിന്റെ പങ്ക് വലുതാണ്. ഇത്തരം വിദ്യാലയങ്ങള്‍ നിലനില്‍ക്കണം. സമൂഹത്തില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന കാഴ്ച്ചപ്പാടുള്ള കാലഘട്ടമുണ്ടായിരുന്നു. അതിനുള്ള തിരിച്ചുവരവുണ്ടായത് കോഴിക്കോട്ടുനിന്നാണ്. കേരളത്തിലെ പൈതൃക വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ ബി.കെ ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 'വീട്ടില്‍ എല്‍.ഇ.ഡി' പദ്ധതിയുടെ പ്രൊജക്ട് സമര്‍പ്പണം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ കെ.എം റോസ, സി.എം ശശിധരന്‍ എന്നിവരെ ആദരിച്ചു.
അഡ്വ.പി.എം നിയാസ്, അജിത് കുമാര്‍, നരേന്ദ്രനാഥ്, കെ.ജെ സാബു, എന്‍. ജോബിഷ് കുമാര്‍, ഷെര്‍മിന, ടി.പി സുനീതി, എം. വസന്ത കുമാര്‍, ഗോപിനാഥന്‍, മനോജ്, എം. അക്ഷയ് സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പി. ചന്ദ്രശേഖരന്‍ സ്വാഗതവും പി. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."