ശുഹൈബ് വധത്തിന് മുന്‍പ് കൊടിസുനിയടക്കമുള്ള 19 തടവുപുള്ളികള്‍ പരോളില്‍
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് പരോള്‍ അനുവദിച്ചത് 19 തടവുപുള്ളികള്‍ക്ക്. കൊടിസുനി അടക്കം ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഇതിലുള്‍പ്പെടും. ഇവര്‍ക്കു പരോള്‍ നല്‍കിയതിന്റെ രേഖകള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ടി.പി വധക്കേസ് പ്രതികളായ അനൂപ്, പി.കെ രജീഷ് എന്നിവര്‍ക്കും പരോള്‍ ലഭിച്ചിട്ടുണ്ട്. ടി.പിയെ വധിച്ച അതേരീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. പരിശീലനം നേടിയവരാണ് ശുഹൈബിനെ വധിച്ചതെന്ന് വ്യക്തമാണ്. പരോളിലിറങ്ങിയ പ്രതികള്‍ക്ക് ശുഹൈബ് വധത്തിലെ പങ്ക് അന്വേഷിക്കണം. ശുഹൈബിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലെത്തിച്ച് കൊലപ്പെടുത്താന്‍ നീക്കംനടന്നതിനും തെളിവുണ്ട്.
മുഖ്യമന്ത്രിയുടെ വീടിനു 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ശുഹൈബ് കൊലചെയ്യപ്പെട്ടത്. എന്നിട്ടും മുഖ്യമന്ത്രി അനുശോചിക്കുക പോലും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്കു പ്രോത്സാഹനം നല്‍കുകയാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഭീകരസംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടു നടത്തിയ കൊലയാണിതെന്നു വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇതില്‍നിന്ന് പൊലിസിന്റെ കള്ളക്കളി വ്യക്തമാണ്. സി.പി.എം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാവില്ല. കൊലയ്ക്കു മുന്‍പ് നടന്ന പ്രകടനം ആസൂത്രണത്തിനു തെളിവായുണ്ട്. സി.പി.എം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്താല്‍ പൊലിസിനു പ്രതികളെ കിട്ടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."