നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങി സിറില്‍
കേപ്ടൗണ്‍: കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റ സിറില്‍ രാമഫോസ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. നേരത്തെ ജേക്കബ് സുമ നിര്‍വഹിക്കേണ്ടിയിരുന്ന പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗമായ സ്റ്റേറ്റ് ഓഫ് നേഷന്‍ പ്രസംഗമാണ് സിറില്‍ നിര്‍വഹിക്കാനിരിക്കുന്നത്.
കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ജേക്കബ് സുമ രാജിവച്ച് ഒഴിഞ്ഞതിനാലാണ് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസി(എ.എന്‍.സി)ന്റെ പുതിയ പ്രസിഡന്റ് കൂടിയായ സിറില്‍ അധികാരമേറ്റത്. അഴിമതി കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ നടക്കേണ്ടിയിരുന്ന നയപ്രഖ്യാപന പ്രസംഗം നീട്ടിവച്ചത്.
ജേക്കബ് സുമ പ്രസംഗത്തിനൊരുങ്ങിയിരുന്നെങ്കിലും ഭരണകക്ഷിയായ എ.എന്‍.സി ഇടപെട്ടു തടയുകയായിരുന്നു. ഒന്‍പതു വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് സുമയ്ക്ക് രാജിവച്ച് ഒഴിവാകേണ്ടി വന്നത്. നേരത്തെ, ചൊവ്വാഴ്ച ചേര്‍ന്ന എ.എന്‍.സിയുടെ പ്രത്യേക എക്സിക്യൂട്ടിവ് യോഗം സുമയ്ക്ക് 48 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാമാണു പ്രഥമ പരിഗണനയിലുള്ളതെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ മാധ്യമങ്ങളോട് സിറില്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."