നിന്നെയോര്‍ത്തു കരയാന്‍ ആരുണ്ടാകുമീ ലോകത്ത്...
'വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാള്‍ അയച്ചുതന്നതാണ്... വല്ലാതെ ചിന്തിപ്പിക്കുന്നതാണ് ഈ സന്ദേശം...' എന്ന മുഖവുരയോടെ കഴിഞ്ഞദിവസം കിട്ടിയതാണ് താഴെ കൊടുക്കുന്ന കുറിപ്പ്.
ആ വിവരണത്തിലെ അവസാനഭാഗമാണ് മനസ്സിലിപ്പോഴും തങ്ങിനില്‍ക്കുന്നത്. അതിങ്ങനെയാണ്:
'ഈ മഹാപ്രപഞ്ചത്തിലെ, ഒരു പൊട്ടുപോലെ കിടക്കുന്ന ഭൂമിയിലെ ,കോടിക്കണക്കിനു ജീവജാലങ്ങളിലൊന്നായ മനുഷ്യവംശത്തിലെ ജീവിച്ചിരിക്കുന്ന 700 കോടികളില്‍ നിസ്സാരനായ ഒരാള്‍ മാത്രമാണു ഞാന്‍, എന്ന് ആര് തിരിച്ചറിയുന്നുവോ അവനാണു യഥാര്‍ഥ മനുഷ്യന്‍...'
ഈ തിരിച്ചറിവ് എത്രപേര്‍ക്കുണ്ടാകുന്നുണ്ട്. അതില്ലാത്തതു കൊണ്ടാണല്ലോ സാമൂഹ്യപ്രവര്‍ത്തനവുമായി നാട്ടുകാര്‍ക്കിടയില്‍ നിറഞ്ഞുനിന്ന ഒരു യുവാവിനെ 37 വെട്ടുവെട്ടി കൊലപ്പെടുത്തിയത്. അത്തരമൊരു തിരിച്ചറിവില്ലാത്തതുകൊണ്ടാണല്ലോ ആ അരുംകൊലയെ ന്യായീകരിച്ചുകൊണ്ടു സംസാരിക്കുന്നത്.
ഈ പ്രപഞ്ചത്തിലെ ഒരു പുല്‍ക്കൊടിയെപ്പോലും താന്‍ സൃഷ്ടിച്ചതല്ലെന്നും അതിനുള്ള ത്രാണി തനിക്കില്ലെന്നും തിരിച്ചറിയാത്തവരാണ് 'ഞങ്ങള്‍ വിചാരിച്ചാല്‍ എല്ലാം തകര്‍ത്തുകളയും' എന്ന വീമ്പിളക്കല്‍ നടത്തുന്നത്.
അവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ് ഈ വാട്‌സ് ആപ്പ് സന്ദേശം.
തികഞ്ഞ നിഷ്‌കളങ്കതയില്‍ പിറവിയെടുക്കുന്ന മനുഷ്യന്‍ പില്‍ക്കാലത്തു ക്രൂരനും കുടിലനും അഹങ്കാരിയും വിനാശകാരിയുമായി മാറുന്നുവെന്നും എത്രയെല്ലാം നേടിയാലും ഒടുവില്‍ നരകയാതനയനുഭവിച്ച് ഈ ലോകത്തുനിന്നു നിഷ്‌കാസിതനാക്കപ്പെടുന്നുവെന്നും ഈ കുറിപ്പു നമ്മെ ബോധ്യപ്പെടുത്തുന്നു. കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കാതെ അതിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ അവതരിപ്പിക്കട്ടെ:
'ഗര്‍ഭപാത്രത്തിന്റെ സുഖശീതളിമയില്‍ ചുരുണ്ടുകൂടി അവന്‍ കിടന്നു. പൊക്കിള്‍ക്കൊടിയിലൂടെ അവന് അന്നപാനീയങ്ങള്‍ യഥേഷ്ടം കിട്ടിക്കൊണ്ടിരുന്നു. ക്രമേണ അവനു പുറംലോകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനായി. താന്‍ കിടക്കുന്ന കൂട്ടിനു പുറത്തൊരു ലോകമുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. പരിചിതമല്ലാത്ത പുറംലോകം അവനെ പ്രലോഭിപ്പിച്ചു.
പുറംലോകം കാണാനുള്ള വ്യഗ്രത വര്‍ധിച്ചു. അവനെ ചുമക്കുന്ന അമ്മയ്ക്ക് അതു സുഖകരമായ വേദനയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്റെ പരാക്രമത്തിനു ഫലമുണ്ടായി.
അവന്‍ ഭൂമിയില്‍ അവതരിച്ചു .
കണ്ണു മിഴിച്ചപ്പോള്‍ കണ്ട അപരിചിതലോകം അവനെ പരിഭ്രാന്തനാക്കി. അവന്‍ ഭയന്നു വാവിട്ടു കരഞ്ഞു.
പിന്നെ, ആരോ കാതില്‍ മന്ത്രിച്ച താരാട്ടില്‍ ശാന്തനായുറങ്ങി...
പതിയെ അവന്‍ വളരാന്‍ തുടങ്ങി.
പലതും പഠിച്ചു...
ഗുരുക്കന്മാര്‍ പലതായിരുന്നു. അമ്മ, ചുറ്റിലുമുള്ള മനുഷ്യര്‍, മറ്റു ജീവജാലങ്ങള്‍, പ്രകൃതി...
ശുദ്ധമായ അമ്മിഞ്ഞപ്പാല്‍ കുടിച്ചവന്‍ പിന്നീടു മായം കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതനായി. അവന്റെ ശരീരത്തിലും മനസ്സിലും ചിന്തയിലും വിഷംകലരാന്‍ തുടങ്ങി. ശരീരത്തോടൊപ്പം അഹങ്കാരവും വളര്‍ന്നു.
പണമെന്ന കടലാസു കഷണമാണ് ഈ ലോകത്തു കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന വലിയ വിഡ്ഢിത്തം അവന്റെ തലച്ചോറില്‍ നിറഞ്ഞു. കുട്ടിക്കാലത്തു മാതാവും പ്രകൃതിയും പഠിപ്പിച്ച നന്മയുടെ പാഠങ്ങള്‍ മറന്നു. പണം...പണം... അതുമാത്രമായിരുന്നു മനസ്സു നിറയെ.
കുട്ടിക്കാലത്തു പ്രകൃതിയെ സ്‌നേഹിച്ചവന്‍ പില്‍ക്കാലത്തു മലകളടിച്ചും ജലാശയങ്ങള്‍ നികത്തിയും അംബരചുംബികളായ രമ്യഹര്‍മ്യങ്ങള്‍ പണിതു. വിശപ്പിന്റെ വിളിയുമായി മുന്നിലെത്തിയവരെ ആട്ടിപ്പായിച്ചു. അന്യന്റെ ഭൂമി വെട്ടിപ്പിടിച്ചു. തന്റെ പുതിയ ബന്ധങ്ങള്‍ക്കൊത്ത അന്തസ്സില്ലാത്ത മാതാപിതാക്കള്‍ ശല്യവും അധികപ്പറ്റുമായി തോന്നി.
കാലം കടന്നു പോകവേ, പ്രായവും അവശതകളും അവനെയും പിടികൂടി. ഒരു ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ അവനെ ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു.
ശരീരം തളര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന ആ കിടപ്പിലും അവന്റെ ബോധം നശിച്ചിരുന്നില്ല. തന്റെ മരണത്തിനു മുന്‍പേ സ്വത്തിനുവേണ്ടി തമ്മില്‍ കലഹിക്കുന്ന മക്കളുടെ ശബ്ദം അവന്‍ കേട്ടു. അതിലേറെയും തനിക്കെതിരേയുള്ള പരുഷവാക്കുകളുമാണെന്നു വേദനയോടെ തിരിച്ചറിഞ്ഞു. ഉറ്റവര്‍പോലും ആഗ്രഹിക്കുന്നത് താന്റെ രോഗമുക്തിയല്ല, എത്രയും പെട്ടെന്നുള്ള മരണമാണെന്ന് അവനു ബോധ്യമായി.
ഒടുവില്‍ ശരീരത്തില്‍ നിറക്കാനുള്ള തണുപ്പുമായി മരണത്തിന്റെ മാലാഖ പറന്നിറങ്ങി. ജീവിക്കണമെന്ന അവന്റെ കരച്ചില്‍ ആ മാലാഖയും കേട്ടില്ല.'
ഇതാണു മനസ്സില്‍ തറയ്ക്കുന്ന ആ കുറിപ്പ്.
അതവസാനിക്കുന്നത് ഓരോ മനുഷ്യനു മുന്നിലും നാലു ചോദ്യങ്ങള്‍ നിരത്തിക്കൊണ്ടാണ്.
നീ എന്തിന് ഈ ഭൂമിയില്‍ വന്നു.
ഇവിടെ നീ എന്തു ചെയ്തു.
ഇനി എവിടേയ്ക്കു പോകുന്നു.
അന്ത്യയാത്രയില്‍ നിന്നെയോര്‍ത്തു കരയാന്‍ ഈ ഭൂമിയില്‍ ആരെങ്കിലുമുണ്ടോ.
മരിച്ചവരാരും തിരിച്ചുവന്നു മരണത്തിന്റെ കഥ പറയാത്തിടത്തോളം കാലം മനുഷ്യനെന്ന അല്‍പ്പപ്രാണിയുടെ അഹങ്കാരം ശമിക്കില്ലെന്നു പറഞ്ഞ് ഒരു ഉപദേശത്തോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്,
'നന്മ ചെയ്യാം, നമുക്ക്... ഉള്ളതില്‍ നിന്ന് '
ഈ കുറിപ്പ് അയച്ചുതന്ന പ്രിയപ്പെട്ട ഹമീദ് ഫൈസീ..., താങ്കള്‍ അഭിപ്രായപ്പെട്ടതു തീര്‍ത്തും ശരിയാണ്. വല്ലാതെ ചിന്തിപ്പിക്കുന്നതാണ് ഈ സന്ദേശം.
താന്‍ എന്തെല്ലാമൊക്കെയോ ആണെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ഓരോരുത്തരും പല തവണ വായിച്ചിരിക്കേണ്ടതാണ് ഈ കുറിപ്പ്. ഹൃദയത്തില്‍ ചേര്‍ത്തുള്ള വായനയുണ്ടാകുമ്പോള്‍ ഓരോരുത്തരും തിരിച്ചറിയും താന്‍ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന്. അപ്പോള്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ള എല്ലാ കുടിലതകളും പകയും ഇല്ലാതാകും.
എല്ലാം വെട്ടിപ്പിടിച്ചുവെന്നു നല്ല കാലത്ത് അഹങ്കരിക്കുന്ന പലരുടെയും അരികില്‍ മരണമെത്തുന്ന നേരത്ത് സാന്ത്വനവാക്കും തഴുകലുമായി ഇത്തിരി നേരമിരിക്കാന്‍ ആരുമുണ്ടാകില്ല. അതിനു പകരം ബോധം നശിക്കാത്ത തലച്ചോറിലേയ്ക്കു പതിക്കുന്നതു ജീവിതത്തില്‍ താന്‍ ചെയ്തുകൂട്ടിയ പാപങ്ങളെ സംബന്ധിച്ച പ്രാകലുകളായിരിക്കും. രാഷ്ട്രീയത്തിന്റെയും മതഭ്രാന്തിന്റെയും പണാധിപത്യത്തിന്റെയും പകയില്‍ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ അന്ധതയോടെ പാഞ്ഞു നടക്കുന്നവര്‍ ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."