മാലദ്വീപില്‍ പ്രതിപക്ഷ വേട്ട തുടരുന്നു; 25 പേര് അറസ്റ്റില്‍
മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരേ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 25 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അബ്ദുല്ല യമീന് രാജിവയ്ക്കണമെന്നും അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനു പ്രതിപക്ഷ പ്രവര്‍ത്തകരാണു കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്.
രാജ്യത്തെ 15 നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിരവധി പേര്‍ക്കു പരുക്കേറ്റു. അറസ്റ്റിലായവരെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം നല്കാന് പൊലിസ് തയാറായിട്ടില്ല.
അടിയന്തരാവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് ഭാഷ്യമെന്ന് പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ അഹമ്മദ് മഹ്ലൂഫ് പറഞ്ഞു.
ഫെബ്രുവരി അഞ്ചിനാണു രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം ഒന്‍പതു പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ ചുമത്തിയിരുന്ന ഭീകരവിരുദ്ധ കുറ്റം പിന്‍വലിക്കുകയും ജയിലിലടച്ചവരെ വിട്ടയക്കുകയും ചെയ്യണമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."