കൊടുങ്കാറ്റായി ഭുവി
ജൊഹന്നാസ്ബര്‍ഗ്: അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച ടി20 പ്രകടനം പുറത്തെടുത്ത് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വാണ്ടറേഴ്‌സില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് തോല്‍വി. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ പുതുമുഖങ്ങളുമായി കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍ 175 റണ്‍സില്‍ ഒതുക്കിയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്.
ആദ്യ സ്‌പെല്ലില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഭുവി തന്റെ രണ്ടാം സ്‌പെല്ലിനെത്തി 18ാം ഓവറില്‍ മൂന്ന് വിക്കറ്റുകളടക്കം അഞ്ച് വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 17ാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 18ാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ഈ ഓവര്‍ സംഭവ ബഹുലമാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളും ആറ് പന്തുകള്‍ക്കുള്ളില്‍ തീരുന്ന കാഴ്ച.
ഈ ഓവറില്‍ വീണത് നാല് വിക്കറ്റുകള്‍. ആദ്യ പന്തില്‍ ഹെന്‍ഡ്രിക്‌സിനെ മടക്കി തുടങ്ങിയ ഭുവി അടുത്ത രണ്ട് പന്തുകളില്‍ നാല് റണ്‍സ് വഴങ്ങി. നാലാം പന്തില്‍ ക്ലാസനെ മടക്കിയ ഭുവി തൊട്ടടുത്ത പന്തില്‍ ക്രിസ് മോറിസിനേയും കൂടാരം കയറ്റി. ആറാം പന്തില്‍ പാറ്റേഴ്‌സന്‍ റണ്ണൗട്ടായതോടെ 18ാം ഓവര്‍ കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക നാലിന് 154 എന്ന നിലയില്‍ നിന്ന് എട്ടിന് 159 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. ഈ ഷോക്കില്‍ നിന്ന് കരകയറാനുള്ള സമയം അപ്പോഴേക്കും തീര്‍ന്നിരുന്നു. രണ്ടോവര്‍ ബാക്കി നില്‍ക്കേ തന്നെ ഇന്ത്യ വിജയം ഉറപ്പാക്കി.
204 റണ്‍സ് വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന്റെ മാരക ബൗളിങ് കരുത്തിലാണ് ഇന്ത്യ ചുരുട്ടിക്കൂട്ടിയത്. ഉനദ്കട്, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 50 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സെടുത്ത് ഹെന്‍ഡ്രിക്‌സ് ഒരറ്റത്ത് പൊരുതി. മധ്യനിരയില്‍ ബെഹാര്‍ദീന്‍ 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സെടുത്ത് ഹെന്‍ഡ്രിക്‌സിനെ പിന്തുണച്ചു. മറ്റൊരാള്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പിന് അവസരം ലഭിച്ചില്ല. ഒരുവേള ഹെന്‍ഡ്രിക്‌സ്- ബെഹാര്‍ദീന്‍ സഖ്യം പിടിമുറുക്കുമെന്ന് തോന്നിച്ചെങ്കിലും ബെഹാര്‍ദ്ദീനെ പുറത്താക്കി ചഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു. പിന്നാലെ തന്റെ രണ്ടാം വരവില്‍ ഹെന്‍ഡ്രിക്‌സിനെ മടക്കി ഭുവനേശ്വര്‍ ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ച വേഗത്തിലാക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജെ.പി ഡുമിനിയുടെ തീരുമാനം പിഴച്ചു.
ഒന്‍പത് പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും തൂക്കി 21 റണ്‍സുമായി മിന്നലായി പടര്‍ന്നുകയറി തുടങ്ങിയ രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ മടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചെങ്കിലും ഒരറ്റത്ത് ശിഖര്‍ ധവാന്‍ തന്റെ വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു.
ഏഴ് പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 15 റണ്‍സുമായി ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌ന ഫോമിലേക്ക് ഉയര്‍ന്ന ഘട്ടത്തില്‍ താരത്തേയും മടക്കി ദക്ഷിണാഫ്രിക്ക പിടിമുറുക്കി എന്നു തോന്നിപ്പിച്ചു. എന്നാല്‍ ധവാനൊപ്പം ക്യാപ്റ്റന്‍ കോഹ്‌ലി ചേര്‍ന്നതോടെ ഇന്ത്യ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് പോരാട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാംപിലേക്ക് നയിച്ചു. ഒരറ്റത്ത് ധവാന്‍ തകര്‍ത്താടി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ നൂറ് കടത്തിയതിന് പിന്നാലെ കോഹ്‌ലി 20 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 26 റണ്‍സെടുത്ത് മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെ ഒരറ്റം കാത്തതോടെ ധവാന്‍ ടോപ് ഗിയറിലായി.
സ്‌കോര്‍ 155ല്‍ എത്തിയപ്പോള്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 39 പന്തില്‍ 72 റണ്‍സ് വാരി ഇന്ത്യക്ക് മികച്ച അടിത്തറ സമ്മാനിച്ച് ധവാന്‍ മടങ്ങി. ആറാമനായി ക്രീസിലെത്തിയ ധോണി (16) പുറത്തായെങ്കിലും മനീഷ് പാണ്ഡെ (പുറത്താകാതെ 29), ഹര്‍ദിക് പാണ്ഡ്യ (പുറത്താകാതെ 13) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 203ല്‍ എത്തിച്ചു.
ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍. രണ്ടാം ടി20 പോരാട്ടം ഈ മാസം 21ന് സെഞ്ചൂറിയനില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."