പി.എന്‍.ബി തട്ടിപ്പ്: എന്തുകൊണ്ട് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 11,500 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നിട്ടും എന്തുകൊണ്ട് അക്കാര്യം അറിയാതെ പോയെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം ആര്‍.ബി.ഐക്ക് കത്തയച്ചു.
കുറ്റമറ്റ ബാങ്കിങ് സംവിധാനം ഉണ്ടായിരിക്കെ ഇത്തരമൊരു ക്രമക്കേട് എന്തുകൊണ്ട് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കേന്ദ്രം ആര്‍.ബി.ഐയോട് ചോദിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എന്‍.ബിയോടും കേന്ദ്രസര്‍ക്കാരിനോടും വിശദമായ റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ (സി.വി.സി) ഉത്തരവിട്ടു.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ഇന്നലെ സി.വി.സിയും സി.ബി.ഐയും വിലയിരുത്തി.
അതിനിടെ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും എതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 13 വ്യവസായികളും 24 സ്ഥാപനങ്ങളുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2013- 17 കാലയളവില്‍ ഇവരുടെ ജ്വല്ലറിയായ ഗീതാഞ്ജലിയുടെ ശാഖകള്‍ ആരംഭിച്ചവരാണ് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാരോപിച്ച് രംഗത്തെത്തിയത്.
ഇവരുടെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനുള്ള രത്‌നങ്ങള്‍ക്കായി മൂന്നു കോടി മുതല്‍ 20 കോടിവരെ വാങ്ങിച്ചുവെന്നാണ് പരാതി.
അതിനിടയില്‍ വായ്പാ തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സ്വകാര്യ ഹരജിയെത്തി. നീരവ് മോദിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ച വൈഭവ് കുറാനിയയാണ് ഹരജിക്കാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."