ഹാദിയ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി: ഞാന്‍ മുസ്‌ലിം, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം
ന്യൂഡല്‍ഹി: താന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചിട്ടുണ്ടെന്നും ഹാദിയ സുപ്രിംകോടതിയില്‍. ഇന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ അറിയിച്ചു.
താന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ആയി ജീവിക്കണമെന്നും ഹാദിയ പറഞ്ഞു. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ സുപ്രിം കോടതി കഴിഞ്ഞമാസം കക്ഷി ചേര്‍ത്തിരുന്നു. മതം മാറ്റം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് 27 ഖണ്ഡികകള്‍ ഉള്ള 25 പേജ് ദൈര്‍ഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ സത്യവാങ്മൂലത്തിലാണ് താന്‍ മുസ്‌ലിം ആണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കുന്നത്. മുസ്‌ലിം ആയി ജീവിക്കണം. അവകാശപ്പെട്ട സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലില്‍ ആയിരുന്നു. ഇപ്പോഴും പൊലിസ് നിരീക്ഷണത്തിലാണ് ജീവിതം. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി നിയമിക്കണമെന്ന് ഹാദിയ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. ഷെഫിന്‍ ജഹാന്‍ ഭര്‍ത്താവാണ്. ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഫിന്‍ ജഹാന്‍ വിദ്യാസമ്പന്നനാണ്. നല്ല കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയില്‍ തന്നെ വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. നിരീശ്വരവാദിയായ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ മതം മാറിയതിനെയും മറ്റൊരു മതത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിര്‍ക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ സന്ദര്‍ശിക്കാന്‍ വന്നവരുടെ വിശദംശങ്ങള്‍ സന്ദര്‍ശകപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പരിശോധിച്ചാല്‍ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ ഭീഷണിപ്പെടുത്തിയവരുടെയും സമ്മര്‍ദം നടത്തിയവരുടെയും വിശദശാംശം മനസിലാകും. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയും, തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
മാതാപിതാക്കളോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാന്‍ കഴിയാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകര്‍ത്താക്കളെ തള്ളിപ്പറയില്ല. ഇസ്‌ലാമിനെ കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല. കാരണം ഇസ്‌ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് മാതാപിതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹാദിയ തന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അപരിഹാര്യമായ നഷ്ടമാണ് തനിക്ക് ഉണ്ടായത്. അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം തനിക്കെതിരെ ഉണ്ടായി. മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമവിചാരണ നടന്നു. ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ഭാവിയെ ഇത് ബാധിക്കും. ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ഈ അനുഭവിച്ച പീഡനങ്ങള്‍ ഒന്നും തെറ്റ് ചെയ്തതിനല്ല. മറിച്ച് ഭരണഘടന ഉറപ്പാക്കുന്ന മൗലികഅവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടം നടപ്പിലാക്കിയതിനുമാണ്. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകളോടും ഉത്തരവാദിത്തപ്പെട്ടവരോടും നിര്‍ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."