യതീംഖാനകള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേചെയ്തില്ല
ന്യൂഡല്‍ഹി: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ക്കുമേല്‍ ബാലനീതി നിയമപ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കവെ കേസിലെ അമിക്കസ്‌കൂറി അപര്‍ണാ ഭട്ട് ആണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേചെയ്യാന്‍ ആവശ്യപ്പെട്ടത്.
അമികസ്‌കൂറിയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് ബദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച്, യതീംഖാനകള്‍ ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ആണോ അല്ലയോ എന്നത് വലിയ നിയമപ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ വിശദമായ വാദംകേള്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച കേസ് പരിഗണിക്കവെ, 1960ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം രൂപീകരിച്ച ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ചെയ്യേണ്ടതില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അന്വേഷണം നടത്തി ശിക്ഷിക്കാന്‍ അധികാരമുള്ള വ്യവസ്ഥപ്രകാരമുള്ള സമിതിയാണ് ബോര്‍ഡ് എന്നും യതീംഖാനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും ഹുസൈഫ അഹ്മദിയും വാദിച്ചു.
യതീംഖാനകള്‍ വഖ്ഫ് സ്വത്തുക്കളാണ്. മുസ്‌ലിംസമുദായത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. അവയില്‍ മതഭൗതിക വിദ്യാഭ്യാസവും നല്‍കുന്നു. അന്തേവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവ നല്‍കുന്നുവെന്നും സമസ്തയുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, ബാലനീതി നിയമത്തില്‍ പറയുന്ന ശിശുസംരക്ഷണസ്ഥാപനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങളും വ്യവസ്ഥകളും 1960ലെ ആക്ടില്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും യതീംഖാനകളിലെ സൗകര്യങ്ങളും സാഹചര്യങ്ങളും ബോര്‍ഡ് യഥാസമയം സന്ദര്‍ശിച്ച് വിലയിരുത്തുന്നുണ്ടെന്നും സിബല്‍ മറുപടി പറഞ്ഞു.
ഈസമയം സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തതിന്റെ രേഖയുടെ പകര്‍പ്പ്, കുട്ടികളുടെ എണ്ണം, കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ മറ്റുസൗകര്യം എന്നിവ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നാലാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ യതീംഖാനകള്‍ക്കു കോടതി നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ യതീംഖാനകള്‍ ശിശുസംരക്ഷണകേന്ദ്രത്തിന്റെ പരിധിയില്‍ വരില്ലെന്നു കേരളാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബാലനീതിനിയമപ്രകാരം പ്രത്യേക പരിഗണനയും ജാഗ്രതയും ആവശ്യമുള്ളതോ കുറ്റവാസനയുള്ളതോ ആയ കുട്ടികളല്ല യതീംഖാനയില്‍ ഉള്ളത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യതീംഖാനകള്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ അല്ലെങ്കിലും അവ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ചെയ്യണമെന്ന ഉത്തരവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മാര്‍ച്ച് 31നു മുമ്പായി എല്ലാ ശിശുസംരക്ഷണകേന്ദ്രങ്ങളും യതീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്നും ഇതുസംബന്ധിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാര്യം അറിയിച്ച് യതീംഖാനകള്‍ക്ക് കത്തയക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
യതീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ഈ കേസില്‍ കക്ഷിയായ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എതിര്‍ത്തില്ല. ഇതോടെ, അമികസ്‌കൂറിയുടെ ആവശ്യം കൂടി പരിഗണിച്ച് എല്ലാ ധര്‍മസ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കേസ് നാലാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. യതീംഖാനകള്‍ക്കു വേണ്ടി അഭിഭാഷകരായ കെ.എ ജലീല്‍, പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."