മന്ത്രിയുടെ നാട്ടില്‍ ശാപമോക്ഷം കാത്ത് ഒരു സഹകരണ സ്ഥാപനം
വടക്കാഞ്ചേരി: സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ജന്മ നാട്ടില്‍ ശാപമോക്ഷം കാത്ത് ഒരു സഹകരണ സ്ഥാപനം. മച്ചാട് പവര്‍ലൂം വ്യവസായ സഹകരണ സംഘമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അടച്ച് പൂട്ടികിടക്കുന്നത്. തെക്കുംകര പഞ്ചായത്തിന്റെ വ്യവസായ കുതിപ്പില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത് 1981 ലാണ് പുന്നംപറമ്പിനടുത്ത് സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
മാര്‍ച്ച് 14നായിരുന്നു. അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.സി ചാക്കോ സംഘം ഉദ്ഘാടനം ചെയ്തത്. കുഴി നൂലില്‍ നിന്ന് മുണ്ടുകളും മറ്റ് തുണി തരങ്ങളും ഉല്‍പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ മികച്ച ഉല്‍പാദനവും ലാഭവും സംഘത്തിനുണ്ടായി. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ വില കുറഞ്ഞ തുണി ഉല്‍പന്നങ്ങള്‍ കേരളത്തിലെത്താന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്റെ അസ്തമയത്തിനും തുടക്കമായി.
പവര്‍ ലൂമില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ കഴിയാതെ വന്നതോടെ പത്ത് വര്‍ഷം മുമ്പ് സ്ഥാപനം അടച്ച് പൂട്ടേണ്ട അവസ്ഥയായി. 48 തറികളുമായി പ്രവര്‍ത്തനമാരംഭിച്ച പവര്‍ലൂം കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു. 96 തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്ന സ്ഥാപനം മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഏക്കര്‍ എട്ട് സെന്റ് സ്ഥലമുള്ള സ്ഥാപനത്തിന് സ്വന്തമായി കെട്ടിടവുമുണ്ട്.
എന്നാല്‍ കെട്ടിടം ശോചനീയാവസ്ഥയിലാണ്. ഉപ കെട്ടിടങ്ങളെല്ലാം ഇടിഞ്ഞ് വീണ് നാശത്തിന്റെ വക്കിലാണ്. മുന്‍ പഞ്ചായത്ത് മെമ്പര്‍ എം.എന്‍ രാജപ്പന്‍ പ്രസിഡന്റായ ഭരണ സമിതിയാണ് സ്ഥാപനം അടച്ച് പൂട്ടുന്ന സമയത്ത് ഭരണം നടത്തിയിരുന്നത്. നിലവിലെ ഉല്‍പാദന രീതി മാറാതെ സ്ഥാപനത്തെ രക്ഷപ്പെടുത്താനാവില്ല എന്ന നിലപാടാണ് ഭരണ സമിതിക്കുള്ളത്. മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പവര്‍ലൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
സ്ഥാപനത്തിന്റെ കടബാധ്യതയായ 56 ലക്ഷം രൂപ അടച്ച് തീര്‍ത്തെങ്കിലും സ്ഥാപനം തുറക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. നാട്ടുകാരന്‍ മന്ത്രിയായതോടെ സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."