ഹാദിയ: സത്യവാങ്മൂലത്തില്‍ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങള്‍
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാതാപിതാക്കള്‍ക്കും കോട്ടയം പൊലിസിനുമെതിരേ ഗുരുതര ആരോപണങ്ങള്‍.
വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെ മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നു.
തന്റെ രക്തത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലിസ് മേധാവി അത് അവഗണിച്ചു. താന്‍ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
രാഹുല്‍ ഈശ്വര്‍ എത്തി ഹിന്ദുമതത്തിലേക്കു തിരികെ വരാന്‍ നിര്‍ബന്ധിച്ചു. മതംമാറില്ലെന്ന് അറിയിച്ചതോടെ ഏതു സമയവും കൊല്ലപ്പെട്ടേക്കാമെന്ന് ഭയപ്പെടുത്തിയിരുന്നു.
അങ്ങനെ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്്ലാമിക ആചാരപ്രകാരമാണ് അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.
പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിനെതിരേ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്.
ക്രിമിനലുകളോട് എന്നതു പോലെയാണ് അദ്ദേഹം പെരുമാറിയത്. വീട്ടില്‍ വച്ചുള്ള പീഡനത്തെ കുറിച്ച് അറിയിച്ചെങ്കിലും പൊലിസ് കൈയൊഴിയുകയായിരുന്നു. എന്‍.ഐ.എ മുന്‍കൂട്ടി തയാറാക്കിയ കഥയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.
ഷെഫിനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമങ്ങളുണ്ടായി. മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ഒരിക്കലും പൊലിസ് അനുവദിച്ചില്ല. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ ആയിരുന്നില്ല.
ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കേണ്ടി വന്നു.
ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ തന്നെ സന്ദര്‍ശിച്ച ശേഷം താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നും ഹാദിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."