ബാങ്ക് തട്ടിപ്പ്; പ്രധാനമന്ത്രി 'മൗനി മോദി'യെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അപ്രധാന വിഷയങ്ങള്‍ക്കുപോലും പ്രതികരണം നടത്തുന്ന പ്രധാനമന്ത്രി മോദി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. നീരവ് മോദി, വിക്രം കോത്താരി തുടങ്ങിയ വ്യവസായികളുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നിട്ടും പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചു.
മദ്യവ്യവസായി വിജയ്മല്യയെ പോലെ നീരവ് മോദിയും കോടികളുമായി നാടുവിട്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എവിടെയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയുടെ മൗനത്തിന്റെ രഹസ്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനായും അറിയണം. അദ്ദേഹത്തിന് രാജ്യത്തോട് എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് ഈ മൗനം വിളിച്ചുപറയുന്നുണ്ട്. ആദ്യം ലളിത് മോദി, പിന്നെ വിജയ്മല്യ, ഇപ്പോള്‍ നീരവ് മോദിയും രാജ്യംവിട്ടിരിക്കുന്നു. അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ എവിടെയാണെന്ന് രാഹുല്‍ ട്വിറ്റ് ചെയ്തു.
പ്രധാനമന്ത്രിയെ 'മൗനി മോദി'യെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശേഷിപ്പിച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പല വിഷയങ്ങളിലും പ്രതികരിക്കാതിരുന്നപ്പോള്‍ പ്രതിപക്ഷം വിളിച്ചിരുന്നത് മൗനി സിങ് എന്നായിരുന്നു. ഇതിനെ മോദിക്കെതിരേ തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്.
മൗന്‍ മോദി; ഒരു നിശബ്ദ കല എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. രാജ്യത്ത് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെ നേരിടാനുള്ള സൂത്രങ്ങള്‍ തയാറാക്കുകയായിരുന്നു. പിന്നാലെ ബി.ജെ.പിയുടെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനവും ചെയ്തു. പ്രധാനമന്ത്രി ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം ഒഴിവാകുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
നീരവ് മോദിയെയും അദ്ദേഹത്തിന്റെ വ്യവസായ പങ്കാളി മെഹുല്‍ ചോക്‌സിയെയും രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ആരാണ് സഹായിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രണ്ടുപേരും കുറ്റവാളികളാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടും എങ്ങനെയാണ് അവര്‍ രക്ഷപ്പെട്ടത്. പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് 2017 ഓഗസ്റ്റ് നാലിന് ഗീതാഞ്ജലി മാനേജിങ് ഡയരക്ടര്‍ മെഹുല്‍ ചോക്‌സി കുറ്റവാളിയാണെന്ന്‌കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അദ്ദേഹം രാജ്യംവിട്ടത്. കോടതി കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചിട്ടും അദ്ദേഹം രാജ്യം വിട്ടതില്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും ഇക്കാര്യമാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളതെന്ന് മനീഷ് തിവാരി പറഞ്ഞു.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധവളപ്പത്രം പുറത്തിറക്കണം. പൊതുമേഖലാ ബാങ്കുകളുടെ സ്ഥാവര ജംഗമ വസ്തുക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പ്രസിദ്ധീകരിക്കണം. രാജ്യ വ്യാപകമായി റെയ്ഡ് നടത്തുന്നുവെന്ന പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരെയാണ് അന്വേഷകര്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടപടിയെടുക്കുന്നുവെന്ന കേവല പ്രതീതിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും മനീഷ് തിവാരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."