പണം നല്‍കിയാല്‍ ഡോക്ടറേറ്റ്; പ്രവാസികളെ വല വീശി തട്ടിപ്പുസംഘങ്ങള്‍
ജിദ്ദ: പണം വാങ്ങി ഡോക്ടറേറ്റ് നല്‍കുന്ന സംഘങ്ങള്‍ പ്രവാസികളെ വഞ്ചിക്കുന്നു. അമേരിക്കയിലെ കിങ് യൂനിവേഴ്‌സിറ്റിയുടെ പേര് ഉപയോഗപ്പെടുത്തിയാണു തട്ടിപ്പ് നടക്കുന്നത്. കിങ് യൂനിവേഴ്‌സിറ്റിക്കു പകരം കിങ്‌സ് യൂനിവേഴ്‌സിറ്റി എന്നാണ് ഡോക്ടറേറ്റ് നല്‍കുന്ന സ്ഥാപനത്തിനു പേരു നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും ബ്രോഷറുകളിലും നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിലെ ഹവായിയിലെ ഹൊനോലുലു എന്ന സ്ഥലത്തുള്ള ഒരു ഫ്‌ളാറ്റിന്റെ വിലാസമാണ് ഇവയില്‍ ഉള്ളത്. ആ സ്ഥലത്ത് ഇത്തരമൊരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റേതെന്ന പേരില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുമില്ല. ഹൊനോലുലുവില്‍നിന്ന് കി.മീറ്ററുകള്‍ അകലെയുള്ള വാഷിങ്ടണ്‍ സ്റ്റേറ്റിലുള്ള മെരിലാന്‍ഡ് എന്ന സ്ഥലത്തെ ഏരിയ കോഡ് ആണ് ഇവര്‍ നല്‍കിയ ഫോണ്‍മ്പറില്‍ ഉള്ളത്. അമേരിക്കയിലെ നിയമപ്രകാരം ആര്‍ക്കും വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാം. ഈ അവസരമാണു തട്ടിപ്പു സംഘം മുതലെടുത്തിരിക്കുന്നത്.
അമേരിക്കയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം സ്ഥാപനത്തിന് ഇല്ലെന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. ഇതു നിയമനടപടികളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ആയിട്ടാണു വിലയിരുത്തുന്നത്. സ്ഥാപനത്തിലെ ജീവനക്കാരില്‍ അധികവും തമിഴ്‌നാട് സ്വദേശികള്‍ ആണെന്നാണു രേഖപ്പെടുത്തിരിക്കുന്നത്. ഇതില്‍ പലരുടെയും ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോള്‍ ദുബൈയിലും സിംഗപ്പൂരിലും ആണ് ഇവര്‍ താമസിക്കുന്നത് എന്നാണു കാണുന്നത്.
2,000 മുതല്‍ 3,000 വരെ അമേരിക്കന്‍ ഡോളര്‍ ആണ് ഡോക്ടറേറ്റ് ലഭിക്കാന്‍ സംഘം ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ യോഗ്യത പോലും ആവശ്യപ്പെടാത്ത അപേക്ഷാഫോം പൂരിപ്പിച്ചുനല്‍കിയാല്‍ ആവശ്യമായ പ്രൊഫൈല്‍ അവര്‍ നിര്‍മിക്കും. ചെന്നൈ പോലുള്ള ഇന്ത്യന്‍ നഗരങ്ങളിലെ ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകളില്‍ വച്ചാണ് ബിരുദം കൈമാറുന്നത്. ഡോക്ടറേറ്റ് ലഭിച്ചവര്‍ക്ക് അവരുടെ നാടുകളില്‍ സ്വീകരണം ഒരുക്കാന്‍ വരെ സംഘം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."