യൂറോപ്പിലും വില്ലനായി മീസല്‍സ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ മടി
ലണ്ടന്‍: നമ്മുടെ നാട്ടില്‍ ഏറെ നാളായി ഭീതിപടര്‍ത്തുന്ന മീസല്‍സ്(അഞ്ചാംപനി) യൂറോപ്യന്‍ രാജ്യങ്ങളെയും കീഴടക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ മീസല്‍സ് ബാധയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ലോക ആരോഗ്യ സംഘടനയായ ഡബ്ല്യു.എച്ച്.ഒ ആണ് കണക്ക് പുറത്തുവിട്ടത്. 2017ല്‍ മുന്‍ വര്‍ഷത്തെക്കാളും നാലിരട്ടി വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം 20,000ത്തിലേറെ ജനങ്ങളെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 35 മരണവും സംഭവിച്ചു. റൊമാനിയ, ഇറ്റലി, ഉക്രൈന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. റൊമാനിയയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 5,562 മീസല്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍ അടക്കം മറ്റ് 15 രാജ്യങ്ങളിലും വന്‍തോതില്‍ രോഗം പടരുന്നുണ്ട്.
ജനങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ വിമുഖത കാണിക്കുന്നതു തന്നെയാണ് രോഗം പടരാന്‍ കാരണമെന്നാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചു പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കു കുത്തിവയ്പ്പില്‍ വിശ്വാസം കുറവാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."