സെവിയ്യ കടക്കാന്‍ മാഞ്ചസ്റ്റര്‍ യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന്
സെവിയ്യ: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെവിയ്യയുമായി ഏറ്റുമുട്ടും. മറ്റൊരു പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ റോമ ഷാക്തര്‍ ഡൊനെട്‌സ്‌കിനെ എവേ പോരാട്ടത്തില്‍ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.15നാണ് രണ്ട് മത്സരങ്ങളും അരങ്ങേറുന്നത്.
സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് മാഞ്ചസ്റ്റര്‍ മത്സരിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഇ-യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെവിയ്യയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ലാ ലിഗയില്‍ അഞ്ചാം സ്ഥാനത്തുള്ള സെവിയ്യ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നേടിയ തുടര്‍ച്ചയായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്ററിനെ നേരിടാനൊരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുമെന്ന് പ്രതീക്ഷിക്കുന്ന ടീമുകളിലൊന്നാണ്. ലോകത്തെ തന്നെ വിലപിടിപ്പുള്ള താരങ്ങളുമായി മത്സരത്തിനിറങ്ങുന്ന മാഞ്ചസ്റ്ററിന് സെവിയ്യ കടക്കുകയെന്ന കടമ്പ അത്ര എളുപ്പമാകില്ല. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുക്കുകയാവും സെവിയ്യ ലക്ഷ്യം വയ്ക്കുന്നത്. മധ്യനിരയിലേക്ക് റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ കരുത്തായ ടോണി ക്രൂസിനെ മാഞ്ചസ്റ്റര്‍ കോച്ച് ഹോസെ മൗറീഞ്ഞോ നോട്ടമിടുന്നതായി വാര്‍ത്തകള്‍ വരുന്നതിനിടെയിലാണ് അവര്‍ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ എഫ്.എ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ആഴ്‌സണലില്‍ നിന്ന് അലക്‌സിസ് സാഞ്ചസിനെ എത്തിച്ച് സൂപ്പര്‍ താരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച പോര്‍ച്ചുഗല്‍ പരിശീലകന്റെ തന്ത്രം ഫലം കാണുമോ എന്ന് കാണാനിരിക്കുന്നതേ ഉള്ളു.
ഇറ്റാലിയന്‍ കരുത്തരായ റോമ സമാന ഫോമില്‍ നില്‍ക്കുന്ന ഉക്രൈന്‍ ടീം ഷാക്തറിനെ നേരിടുമ്പോള്‍ പ്രവചനങ്ങള്‍ ഏതാണ്ട് തുല്ല്യാവസ്ഥയിലാണ്. ഉക്രൈനിയന്‍ പ്രീമിയ ര്‍ ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നതിന്റേയും സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റേയും ആനുകൂല്യത്തില്‍ വിശ്വസിച്ചാണ് ഷാക്തര്‍ ഇറങ്ങുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ നിലവില്‍ റോമ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."