ബാങ്കുകളുടെ വായ്പാകുടിശ്ശിക ഈടാക്കല്‍ പണയഭൂമി വിലകുറച്ച് വില്‍ക്കരുത്: ഹൈക്കോടതി
കൊച്ചി: ബാങ്കുകള്‍ വായ്പാ കുടിശ്ശിക ഈടാക്കാന്‍ പണയഭൂമി അന്യായമായി വിലകുറച്ചു വില്‍ക്കരുതെന്നും ഭൂ ഉടമയെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി. മറ്റൊരു വ്യക്തിക്ക് വായ്പയെടുക്കാനാണ് ഹരജിക്കാരന്‍ തന്റെ ഭൂമി ഈട് നല്‍കിയിരുന്നത്.
വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഭൂമി ബാങ്ക് അധികൃതര്‍ ഏറ്റെടുത്ത് കഴിഞ്ഞ നവംബറില്‍ 85.60 ലക്ഷം രൂപക്ക് അരൂക്കുറ്റി സ്വദേശികള്‍ക്ക് വിറ്റു. വായ്പാ കുടിശ്ശിക ഒരു കോടി രൂപക്ക് മുകളിലായതിനാല്‍ ഹരജിക്കാരന്റെ മറ്റ് സ്വത്തുക്കളും ജപ്തി ചെയ്ത് പണം ഈടാക്കാനായിരുന്നു ബാങ്കിന്റെ നീക്കം. ഇതിനെ ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ബാങ്കിന് ഈട് നല്‍കിയ സ്ഥലം ദേശീയപാതയോരത്താണെന്നും മൂന്ന് കോടി രൂപ മതിപ്പ് വിലയുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല ഈ ഭൂമി 1.57 കോടി രൂപക്ക് വാങ്ങാന്‍ തന്റെ പക്കല്‍ ആളുണ്ടെന്നും കോടതി ഇടപെട്ട് ബാങ്കിന്റെ വില്‍പന റദ്ദാക്കി ഭൂമി വില്‍ക്കാന്‍ തന്നെ അനുവദിച്ചാല്‍ ബാങ്കിന് ലഭിക്കേണ്ട 1.44 കോടി രൂപ തിരിച്ചു നല്‍കാനാവുമെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ ഭൂമി ബാങ്കില്‍നിന്ന് വാങ്ങിയവര്‍ ഇതിനെ എതിര്‍ത്തു.
ജനുവരി പത്തിന് ഹരജി പരിഗണിച്ചപ്പോള്‍ വായ്പാകുടിശ്ശിക തുക ഡി.ഡിയായി കെട്ടിവയ്ക്കാമോയെന്ന് ഹരജിക്കാരനോട് കോടതി ആരാഞ്ഞു. ഇതനുസരിച്ച് ഫെബ്രുവരി എട്ടിന് ഹരജിക്കാരന്‍ ഡി.ഡി ഹാജരാക്കി. എന്നാല്‍ തുക മുഴുവന്‍ കിട്ടിയാലും വില്‍പന റദ്ദാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബാങ്കിന്റെ അഭിഭാഷകന്‍ സ്വീകരിച്ചത്.
തുടര്‍ന്ന് ബാങ്ക് മാനേജരെ കോടതി വിളിപ്പിച്ചു. കുറഞ്ഞ തുകക്ക് ഭൂമി വിറ്റവരെ ബാങ്ക് സംരക്ഷിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഹൈക്കോടതി മാനേജരെ വിളിപ്പിച്ചത്. എന്നാല്‍ തുക മുഴുവന്‍ ലഭിച്ചാല്‍ വില്‍പന റദ്ദാക്കുന്നതില്‍ തടസമില്ലെന്ന് ബാങ്ക് മാനേജര്‍ ഹാജരായി മറുപടി നല്‍കി.
തുടര്‍ന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പണയഭൂമിയുടെ ഉടമസ്ഥനെ ചൂഷണം ചെയ്യുന്ന നിലപാട് ബാങ്കുകള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ബാങ്ക് ഭൂമി വിറ്റ നടപടി റദ്ദാക്കി.
ബാങ്കിന്റെ പക്കല്‍നിന്ന് ഭൂമി വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശയടക്കം തുക തിരികെ കൊടുക്കണമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."