ജാനകി ടീച്ചര്‍ വധം: യുവാക്കളുടെ ക്രൂരതയറിഞ്ഞു പുലിയന്നൂര്‍ ഗ്രാമം വീണ്ടും നടുങ്ങി
ചെറുവത്തൂര്‍: തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറമ്മയെ കൊന്നതാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോള്‍ പുലിയന്നൂര്‍ ഗ്രാമം വീണ്ടും നടുങ്ങി. പ്രഫഷണല്‍ കൊലപാതക സംഘത്തെ വെല്ലുന്ന രീതിയില്‍ കവര്‍ച്ചയും കൊലയും നടത്തിയതു നാട്ടിലെ മൂന്നു യുവാക്കളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. നാട്ടില്‍ കൂലിത്തൊഴിലാളികളാണ് വിശാഖ്, റിനീഷ് എന്നിവര്‍. സംഭവം നടന്നു രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിലാണു ക്രൂരതയ്ക്കു പിന്നിലെ പ്രതികള്‍ കസ്റ്റഡിയിലായത്.
ജാനകി ടീച്ചറുടെ കളത്തേര വീടിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലാണു പ്രതികള്‍ മൂന്നുപേരുടെയും വീട്. മോഷണത്തിനായാണ് ഇവര്‍ ജാനകിയുടെ വീട്ടിലെത്തിയത്. വീടിനെ കുറിച്ചും പ്രദേശത്തെ കുറിച്ചും കൃത്യമായി ധാരണ ഇവര്‍ക്കുണ്ട്. രാത്രി പത്തിനണ്ടണ്ടു മുമ്പാണു കൃത്യം നടന്നത്. ഈ സമയത്ത് തൊട്ടടുത്ത പ്രദേശമായ ചീര്‍ക്കുളത്തെ ധര്‍മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് നടക്കുകയായിരുന്നു.
പ്രദേശവാസികള്‍ അയ്യപ്പന്‍ വിളക്കിനു പോയ സമയം തിരഞ്ഞെടുത്താണ് കൊലയും കവര്‍ച്ചയും നടത്തിയത്. മുഖം മൂടി ഒഴിച്ചു തെളിവുകള്‍ ഒന്നും ബാക്കിവെക്കാതെ ഇവര്‍ കടന്നു കളഞ്ഞു. അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും പ്രദേശത്തെ മറ്റു ചിലരെ സംശയിച്ചും അന്വേഷണം മുന്നോട്ടു നീങ്ങി. ഒടുവില്‍ പൂര്‍ണമായും പ്രാദേശികമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ സംഭവം എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ പ്രദേശവാസികളാകെ ഞെട്ടലിലാണ്.
'നല്ല നടപ്പുകാരായി' നാട്ടില്‍ തന്നെ കഴിഞ്ഞു
ചെറുവത്തൂര്‍: ക്രൂരകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊലിസ് മുക്കും മൂലയും അരിച്ചു പെറുക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു 'നല്ല നടപ്പുകാരായി' പ്രതികളും. ടീച്ചറെ കൊലപ്പെടുത്തിയ കത്തി കണ്ടെടുക്കാന്‍ വീട്ടു പരിസരം മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പലതവണ പരിശോധിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം തിരിച്ചില്‍ സംഘത്തില്‍ റനീഷും വിശാഖും ഉണ്ടായിരുന്നു. നമ്മുടെ ടീച്ചറെ കൊലചെയ്തവരെ എങ്ങനെയായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇവര്‍ പറയുകയും ചെയ്തു. കൊലക്കുപയോഗിച്ച കത്തി തേജസ്വിനി പുഴയില്‍ ഉപേക്ഷിച്ചതായാണ് ഇവര്‍ അന്വേഷണ സംഘത്തോടു പറഞ്ഞിരിക്കുന്നത്. മുഖംമൂടി വാങ്ങിയത് നീലേശ്വരത്തെ കടയില്‍ നിന്നാണെന്നും പ്രതികള്‍ മൊഴി നല്‍കി. തങ്ങളെ തിരിച്ചറിഞ്ഞതിനാലാണു കൊലപ്പെടുത്തിയത് എന്നാണു ഇവര്‍ പറയുന്നത്. വായയും മുഖവും പ്ലാസ്റ്റര്‍ കൊണ്ടു ബന്ധിച്ച നിലയിലാണ് ജാനകി ടീച്ചറുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് ആദ്യഘട്ടം മുതല്‍ അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.
നീലേശ്വരം സ്റ്റേഷനു മുന്നില്‍ ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍
നീലേശ്വരം: ആകാംക്ഷ നിറഞ്ഞ നിറഞ്ഞ മണിക്കൂറുകളായിരുന്നു ഇന്നലെ നീലേശ്വരം പോലിസ് സ്റ്റേഷനു മുന്നില്‍ കടന്നു പോയത്. ഉച്ചയോടെ സ്റ്റേഷന്‍ പരിസരത്ത് കൂടുതല്‍ പൊലിസ് വാഹനങ്ങളും പൊലിസുകാരും എത്തിത്തുടങ്ങി. അപ്പോഴേക്കും ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി.ഐ ഓഫിസില്‍ എത്തിച്ചിരുന്നു.
ഓഫിസിനു മുന്നില്‍ എസ്.പി കെ.ജി സൈമണ്‍ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി തുടങ്ങിയതോടെ പ്രതികളെ കാസര്‍കോട്ടേക്കു മാറ്റാനുള്ള ശ്രമമായി. വ്യാഴാഴ്ച വൈകീട്ട് കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനം വിളിക്കുമെന്നറിയിച്ച പൊലിസ് പ്രതികളുടെ ഫോട്ടോ എടുക്കുന്നതും വിലക്കി. ഇതിനിടയില്‍ സി.ഐ ഓഫിസിന്റെ മുന്നിലേക്ക് എത്തിയ വാഹനത്തിലേക്ക് തുണി കൊണ്ടും കടലാസുകൊണ്ടും മുഖം മൂടിയ നിലയില്‍ പ്രതികളെ കയറ്റി. ഉടനെ വാഹനം പുറപ്പെടുകയും ചെയ്തു.
'മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം സര്‍...'
ചെറുവത്തൂര്‍: കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഒരു പിതാവിന്റെ ഈ ഉറച്ച നിലപാടാണ് ജാനകി ടീച്ചറുടെ കൊലപാതകികളെ കുടുക്കിയത്. പ്രതികളില്‍ ഒരാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു വീട്ടുകാര്‍ക്കു സ്വര്‍ണം വില്‍പന നടത്തിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ ബില്ല് ലഭിച്ചതാണു സംശയത്തിനു കാരണമായത്.
ഇത്രയും സ്വര്‍ണം എങ്ങനെ കിട്ടി എന്ന സംശയത്തില്‍ നിന്നാണു പുലിയന്നൂര്‍ കൊലയില്‍ പങ്കുണ്ടോ എന്ന സംശയത്തിലേക്കു പ്രതികളില്‍ ഒരാളുടെ പിതാവ് എത്തുന്നത്. അതിനാല്‍ സ്വര്‍ണം വില്‍പന നടത്തിയ ബില്ല് പൊലിസിനു കൈമാറി.
വില്‍പന നടത്തിയതില്‍ ടീച്ചറുടെ കൈയിലെ പയ്യന്നൂര്‍ പവിത്ര മോതിരവും ഉണ്ടായിരുന്നു. ഈ വഴിയില്‍ നടത്തിയ അന്വേഷണത്തിലാണു നാടിനെ നടുക്കിയ കൊലയുടെ ചുരുളഴിയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണമിടപാട് സ്ഥാപനങ്ങള്‍ക്കും ജ്വല്ലറികള്‍ക്കും സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും സ്വര്‍ണം വില്‍പന നടത്തിയിട്ടുണ്ടെങ്കില്‍ വിവരം നല്‍കണമെന്ന് അറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ രണ്ടുമാസത്തോളം വില്‍പന നടത്താതെ വെച്ച സ്വര്‍ണം മുഖ്യപ്രതി അരുണ്‍ വിദേശത്തേക്കു പോകുന്നതിനു തൊട്ടുമുന്‍പാണ് വില്‍പന നടത്തിയതെന്നു കരുതുന്നു.
അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ മാസം നാലിനാണു ഇയാള്‍ വിദേശത്തേക്കു തിരിച്ചു പോയത്.
അന്വേഷണം നീണ്ടത് സാംഗ്ലി മുതല്‍ തിരുട്ടുഗ്രാമം വരെ
ചെറുവത്തൂര്‍: കണ്‍മുന്നില്‍ വിലസുന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പൊലിസ് അന്വേഷണം നീണ്ടത് സാംഗ്ലി മുതല്‍ തിരുട്ടുഗ്രാമം വരെ. കൊലനടന്നതിന്റെ ആദ്യദിവസങ്ങളില്‍ അന്വേഷണം നീങ്ങിയത് സാംഗ്ലിയില്‍ നിന്നെത്തിയ അനാര്‍ കച്ചവടക്കാരെ കേന്ദ്രീകരിച്ച്.
ഒരാളെ ചീമേനിയില്‍ എത്തിച്ചു ചോദ്യം ചെയ്തുവെങ്കിലും നിരപരാധി എന്നു കണ്ടു വിട്ടയച്ചു. പിന്നീട് അന്വേഷണം അടുത്ത ബന്ധുവിലേക്കും പ്രദേശവാസികളില്‍ ചിലരിലേക്കും നീങ്ങി. എന്നാല്‍ അവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നു കണ്ട് ആ വഴിയുള്ള അന്വേഷണം ഉപേക്ഷിച്ചു.
ആയിരക്കണക്കിനു ഫോണ്‍ കോളുകള്‍ പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടയില്‍ മുഖം മൂടി വാങ്ങിയത് പറശിനിക്കടവില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അവിടുത്തെ സി.സി.ടി വി ദൃശ്യങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കാത്തതു തിരിച്ചടിയായി. സുബൈദ കേസ് അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുട്ടുഗ്രാമത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. ആ നീക്കവും പരാജയപ്പെട്ടു. ഇതിനിടയില്‍ സംഭവ ദിവസം പ്രദേശത്ത് കണ്ട ആക്രി കച്ചവടക്കാരെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് സ്വര്‍ണം വില്‍പന നടത്തിയ നിര്‍ണായക വിവരം ലഭിക്കുന്നതും പ്രതികളില്‍ രണ്ടുപേര്‍ പിടിയിലാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."