കൂലി കൂട്ടണമെന്നാവശ്യപ്പെട്ട് കടത്ത് നിര്‍ത്തിവച്ചു; ദുരിതംപേറി കടലോര ജനത
തൃക്കരിപ്പൂര്‍: വലിയപറമ്പ തെക്കന്‍ മേഖലയിലെ കടലോര ജനത യാത്രാദുരിതത്തില്‍. കടത്തുകൂലി കൂട്ടണമെന്നാവശ്യപ്പെട്ട് കടത്തുകാരന്‍ കടത്തു നിര്‍ത്തിവച്ചതോടെയാണു ജനം ദുരിതത്തിലായത്. തൃക്കരിപ്പൂര്‍ കടപ്പുറം മാടക്കാലില്‍ ഇരുഭാഗങ്ങളിലായി പുഴകടത്താന്‍ 10 രൂപയാണു കഴിഞ്ഞ ദിവസം വരെ കടത്തുകാരന്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ ആരെയും അറിയിക്കാതെ 15 രൂപയാക്കുകയായിരുന്നു. ഇതു വഴി സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ഇതു ചോദ്യം ചെയ്തപ്പോള്‍ കടത്തുകാരന്‍ കടത്ത് നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ മംഗളൂരു ആശുപത്രിയിലടക്കം പോകേണ്ടവര്‍ മറുകര കടക്കാനാവാതെ ബുദ്ധിമുട്ടി. സ്‌കൂളില്‍ പ്ലസ് വണ്‍ മോഡല്‍ പരീക്ഷയ്ക്കു പോകേണ്ട വിദ്യാര്‍ഥികളും സ്‌കൂളുകളിലേക്കു പോകാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
കടത്തു തോണിയുടെ എന്‍ജിന്‍ നല്‍കിയതും തോണിയുടെ വാടക വഹിക്കുന്നതും വലിയപറമ്പ ഗ്രാമപഞ്ചായത്താണ്. കടത്തുകാരനു കടത്തിന് ആവശ്യമായ ഇന്ധനം മാത്രമാണു ചെലവുവരുന്നതെന്നും ആയതിനാല്‍ 10 രൂപ തന്നെ അധികമാണെന്നുമാണ് നാട്ടുകാരുടെ പക്ഷം.
നിലവിലെ അവസ്ഥയില്‍ കടത്തുകാരനു സര്‍വിസ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റൊരു കടത്തുകാരനെ കണ്ടെത്തണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
നിരവധി വിദ്യാര്‍ഥികളാണ് ഈ കടത്തു കടന്നു മറുകരയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടലോരവാസികളുടെ നിരന്തര ആവശ്യമായിരുന്നു പാലം. എന്നാല്‍, പാലം നിര്‍മിച്ചു തുറന്നുകൊടുത്ത് 58 ദിവസം കൊണ്ട് തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ സൗജന്യ കടത്താണ് അന്നു ജില്ലാകലക്ടറും പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്ലും നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയത്. തൂക്കുപാലത്തിനു പകരം റോഡ് പാലമെന്ന നാട്ടുകാരുടെ ആവശ്യം ഇന്നും കായലിന് അക്കരെ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."