കൊല, 'പാതക'ത്തിനപ്പുറം ദുരന്തമാകുന്നത്
ജീവന്‍ അല്ലാഹുവിന്റെ ദാനമാണ്. അതിന്റെ അപഹരണം ദൈവത്തോടുള്ള കൊലവിളിയാണ്. അല്ലാഹു ആദരിച്ചവയെ അനാദരിക്കുന്ന ധിക്കാരമാണ്. അത് അഭിശപ്തമായ അഹങ്കാരവും തെമ്മാടിത്തവുമാണ്. മനുഷ്യശരീരത്തെ അല്ലാഹു സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നതും ജീവന്‍, ബുദ്ധി, വിവേകം തുടങ്ങിയവ നല്‍കി അനുഗ്രഹിച്ചിരിക്കുന്നതും മികച്ച അന്തസ്സോടെയാണ്.
'നിശ്ചയം, നാം ആദമിന്റെ സന്തതികളെ കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയും അപേക്ഷിച്ച് അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു'(അല്‍ ഇസ്‌റാഅ്: 70).
ആകാരസൗഷ്ടവം, അറിവ്, ബുദ്ധി, ഗ്രാഹ്യശേഷി തുടങ്ങി അനേക സവിശേഷതകളാല്‍ പരസഹസ്രം സൃഷ്ടിജാലങ്ങളേക്കാള്‍ മനുഷ്യനു മികവു നല്‍കിയിരിക്കുന്നു. മനുഷ്യരക്തത്തിന് അല്ലാഹു നല്‍കിയ പവിത്രതയും ശരീരത്തിനു നല്‍കിയ സംരക്ഷണവും മനുഷ്യന്റെ മഹത്വം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ രക്തം ചിന്തുന്ന, അവനു ദേഹോപദ്രവമേല്‍പ്പിക്കുന്ന പ്രവണതകളെ ഇസ്‌ലാം തടഞ്ഞു.
അല്ലാഹു പറഞ്ഞു: 'അല്ലാഹു ആദരിച്ച ജീവന്‍ ന്യായപ്രകാരമല്ലാതെ കൊല്ലരുത്. ചിന്തിച്ചു ഗ്രഹിക്കാനായി അവന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.' (അല്‍ അന്‍ആം: 151)
കൊലപാതകി മഹാനഷ്ടത്തിലാണ്. കേവല ഇഹലോകത്തിനു പകരം പാരത്രികലോകം തുലച്ചവനാണവന്‍. സ്വന്തം സഹോദരനെ കൊലക്കിരയാക്കി മനുഷ്യകുലം കണ്ട ആദ്യകൊലപാതകിയുടെ ദുരന്തകഥ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്.
താങ്കളവര്‍ക്ക് ആദംനബിയുടെ പുത്രന്മാര്‍ ബലിയര്‍പ്പിച്ചതിന്റെ വിവരം സത്യസമേതം പ്രതിപാദിച്ചു കൊടുക്കുക. എന്നിട്ട് അവരിലൊരാളില്‍ നിന്ന് അതു സ്വീകരിക്കപ്പെടുകയും അപരന്റേത് അസ്വീകാര്യമാവുകയും ചെയ്തു.
'ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യുമെ'ന്ന് അപരന്‍ ആക്രോശിച്ചു.
സഹോദരന്‍ മറുപടി നല്‍കി. 'ദൈവഭയമുള്ള എന്നെ കൊല്ലാനായി നീ കൈ നീട്ടിയാല്‍ തന്നെയും നിന്നെ വധിക്കാന്‍ ഞാന്‍ ധൃഷ്ടനാകില്ല. സര്‍വലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയക്കുന്നു. എന്നെ കൊന്നതിന്റെയും നീ അനുവര്‍ത്തിച്ചതിന്റെയും കുറ്റങ്ങള്‍ നീ പേറിപ്പോകണമെന്നാണു ഞാനുദ്ദേശിക്കുന്നത്. അപ്പോള്‍ നീ നരകാവകാശിയായിത്തീരും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണ്.'
അങ്ങനെ സഹോദരഹത്യക്ക് അവന്റെ മനസ്സനുവദിക്കുകയും അവനയാളെ കൊന്നുകളയുകയും തന്മൂലം പരാജിതരില്‍ ഉള്‍പ്പെടുകയുമുണ്ടായി.(അല്‍ മാഇദ: 27-30)
ആദംനബി(അ)ന്റെ പുത്രനായ ഖാബീല്‍ സഹോദരനായ ഹാബീലിനെ വധിച്ചുകളഞ്ഞ സംഭവത്തിലേക്കാണു ഖുര്‍ആന്‍ ഇവിടെ ശ്രദ്ധക്ഷണിക്കുന്നത്. മനുഷ്യലോകത്തിന് അപരിചിതമായിരുന്നു കൊലപാതകമെന്ന ക്രൂരകൃത്യം. അത് ആദ്യമായി ചെയ്യുക വഴി തിന്മയുടെ വിത്തു പാകുകയായിരുന്നു ഖാബീല്‍. അതിനാല്‍ ലോകത്തു നടക്കുന്ന ഓരോ കൊലപാതകത്തിന്റെയും ശിക്ഷാംശം ഖാബീലിനും അര്‍ഹമായിരിക്കുന്നതാണ്.
പ്രവാചകന്‍(സ)പഠിപ്പിച്ചു: 'അന്യായമായി കൊലചെയ്യപ്പെടുന്ന ഏതൊരു മനുഷ്യന്റെയും രക്തത്തില്‍ ആദമിന്റെ ആദ്യസന്തതിക്കു പങ്കുണ്ടായിരിക്കുന്നതാണ്. കാരണം, അവനാണ് ആദ്യമായി കൊല നടപ്പില്‍വരുത്തിയത്.' (ബുഖാരി, മുസ്‌ലിം)
മനുഷ്യനെ കൊലപ്പെടുത്തിയാലുള്ള ശിക്ഷയുടെ ഗൗരവം അല്ലാഹു പഠിപ്പിച്ചു: 'പ്രതിക്രിയയായോ നാട്ടില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍ മര്‍ത്യകുലത്തെ ഒന്നടങ്കം അവന്‍ കൊന്നതുപോലെയാണ്. ഒരാളെ കൊലയില്‍നിന്നു വിമുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍നിന്നു രക്ഷിച്ചതുപോലെയായി.'
ഭാഷയോ ദേശമോ ഏതുമാവട്ടെ ഒരാള്‍ അന്യായമായി വധിക്കപ്പെടുന്നത് മനുഷ്യനെ ഒന്നടങ്കം കൊല്ലുന്ന വിധം കടുത്ത പാതകമാണെന്നും ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന വിധം മഹത്തായ കര്‍മമാണെന്നും അല്ലാഹു പഠിപ്പിക്കുന്നു.
'സത്യവിശ്വാസിയെ കരുതിക്കൂട്ടി ഒരാള്‍ കൊല്ലുന്നപക്ഷം നരകമാണവന്റെ പ്രതിഫലം. അവനതില്‍ ശാശ്വതവാസിയായിരിക്കും. അല്ലാഹു അവനോടു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യും. കഠോരശിക്ഷയാണ് അല്ലാഹു അവനു തയാറാക്കിവച്ചിട്ടുള്ളത്.' (അന്നിസാഅ്: 93).
'ഈ ലോകം തന്നെ നശിച്ചുപോകുന്നതു സത്യവിശ്വാസിയെ വധിക്കുന്നതിനേക്കാള്‍ നിസ്സാരമാകുന്നുവെന്നാണു നബി(സ) പഠിപ്പിക്കുന്നത്.' (തിര്‍മുദി)
കരാറിലേര്‍പ്പെട്ട അവിശ്വാസിയെ ഒരാള്‍ കൊന്നാല്‍ സ്വര്‍ഗീയ മണംപോലും അവനു ലഭിക്കുകയില്ല. സ്വര്‍ഗത്തിന്റെ സുഗന്ധം 40 വര്‍ഷത്തെ വഴിദൂരം അന്യമാണുതാനും. (ബുഖാരി)
'അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ ആരാധിക്കാത്തവരും അവന്‍ വിശുദ്ധി കല്‍പ്പിച്ച ജീവനെ അന്യായമായി വധിക്കാത്തവരും വ്യഭിചരിക്കാത്തവരുമാണവര്‍. ആരൊരാള്‍ അവ അനുവര്‍ത്തിക്കുന്നുവോ അവന്‍ കഠോരശിക്ഷ കണ്ടെത്തുന്നതും അന്ത്യനാളില്‍ ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതും ഹീനമായി അവനതില്‍ ശാശ്വതവാസം നയിക്കുന്നതുമാണ്.' (അല്‍ ഫുര്‍ഖാന്‍: 68,69)
മനുഷ്യന്‍ കുടുംബത്തിന്റെ വിത്താണ്. കുടുംബം സമൂഹത്തിന്റെ വിത്തും. ജീവന്‍ ഒരുപാടു തലമുറകളെ ഗര്‍ഭം പേറുന്നു. ജീവന്‍ ഹനിക്കപ്പെടുന്നതിലൂടെ ഒരു വ്യക്തിയല്ല ഇല്ലാതാവുന്നത്, ഒരു കുടുംബമോ സമൂഹമോ തലമുറകളോ ആണ്. അതുകൊണ്ടു കൊലപാതകത്തെ നിസ്സാരവത്കരിക്കുന്ന അവസ്ഥ തുടച്ചുമാറ്റാന്‍ അല്ലാഹു കര്‍ക്കശമായ നിയമം നടപ്പില്‍ വരുത്തി. കൈകള്‍ രക്തപങ്കിലമാവാത്തിടത്തോളം എല്ലാവിധ മാപ്പുകളും അവനു വകവച്ചുകൊടുത്തു.
നബി (സ) പറഞ്ഞു: 'നിഷിദ്ധരക്തത്തില്‍ പങ്കുചേരാത്തിടത്തോളം മനുഷ്യന് അവന്റെ മതത്തില്‍ വിശാലത ലഭ്യമാവുന്നതാണ്.' (ബുഖാരി)
'ജീവന്റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും അല്ലാഹു നിയമം വിശദീകരിച്ചു. പ്രതിക്രിയാ നടപടിയിലാണു ബുദ്ധിയുള്ളവരേ നിങ്ങളുടെ ജീവിതത്തിന്റെ ഭദ്രത. ഈ നിയമം നിങ്ങള്‍ സൂക്ഷ്മാലുക്കളാവാന്‍ വേണ്ടിയത്രെ.' (അല്‍ ബഖറ: 179)
'അവര്‍ക്കു നാം ഇപ്രകാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മറ്റു മുറിവുകള്‍ക്കു തത്തുല്യ പ്രതിക്രിയ. എന്നാല്‍, ഒരാള്‍ മാപ്പാക്കുന്നുവെങ്കില്‍ അതവനു പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആരു വിധി കല്‍പ്പിക്കുന്നില്ലയോ അവര്‍ തന്നെയാണ് അതിക്രമകാരികള്‍.' (അല്‍ മാഇദ: 45)
നിരപരാധിയുടെ രക്തം ചൊരിയാന്‍ ഇസ്‌ലാം ഒരിക്കലും കൂട്ടുനില്‍ക്കില്ല. സര്‍വലോകത്തിനും കാരുണ്യമായി വന്ന മുത്തുനബി ചെറുജീവിയെപ്പോലും അന്യായമായി നോവിക്കാന്‍ അനുവദിച്ചില്ല.
ഭൂമിയിലുള്ളവരോടു കരുണ കാണിച്ചെങ്കിലേ ആകാശത്തുള്ളവന്‍ കരുണ കാണിക്കൂവെന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ക്കു ഭീകരവാദിയോ തീവ്രവാദിയോ ആകാനാവില്ല. ഈ മതത്തിന്റെ കാരുണ്യമുഖം വികൃതമായി കാണാന്‍ കൊതിക്കുന്ന തമസ്സിന്റെ ശക്തികളുടെ മുഖംമൂടികള്‍ ലോകം തിരിച്ചറിയുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."