കിഴക്കന്‍ ഗൗഥ: 'ഭൂമിയിലെ നരകത്തില്‍' ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം വിമത പ്രദേശമായ കിഴക്കന്‍ ഗൗഥയില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉപരോധമേര്‍പ്പെടുത്തിയ പ്രദേശമായ കിഴക്കന്‍ ഗൗഥ ഭൂമിയിലെ നരകമായി മാറിയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളും ഉടന്‍ പിന്മാറണം. നമുക്ക് കാണാന്‍ സാധ്യമാവുന്ന മനുഷ്യ ദുരന്തമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ദുരന്തം തുടരാന്‍ അനുവദിക്കാനാവില്ലെന്ന് അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് നിരവധി രാഷ്ട്രങ്ങള്‍ ഇന്നലെ രംഗത്തെത്തി. ആക്രമണ പ്രദേശങ്ങളില്‍ 30 ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യു.എന്‍ രക്ഷാസമതി കരട് നിര്‍ദേശം അവതരിപ്പിച്ചേക്കും. എന്നാല്‍ വെടിനിര്‍ത്തലിനായി രക്ഷാസമിതി ആവശ്യപ്പെടുകയാണെങ്കില്‍ കരട് തീരുമാനം പരിഗണിക്കാമെന്ന് സിറിയക്ക് പിന്തുണ നല്‍കുന്ന റഷ്യ പറഞ്ഞു. വെടിനിര്‍ത്തലിന് ഒരുങ്ങുകയാണെങ്കില്‍ ഐ.എസിനെ സംരക്ഷിക്കുന്നതിന് സഹായകമാവുന്ന പ്രവര്‍ത്തികള്‍ക്കില്ലെന്നും റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ക്കെതിരേയുള്ള പോരാട്ടമാണ് കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നതെന്നാണ് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യത്തിന്റെ വാദം.
സിറിയന്‍ സൈന്യത്തിന്റെ ഏകപക്ഷീയ ആക്രമണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. രാവിലെ മുതല്‍ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് തുടര്‍ച്ചയായ ആക്രമണങ്ങളാണ് കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക സംഘം അറിയിച്ചു.
ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഈ മാസം 18 മുതല്‍ ആരംഭിച്ച കിഴക്കന്‍ ഗൗഥയിലെ ആക്രമണത്തില്‍ ഇതുവരെ 335 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിറിയന്‍ നിരീക്ഷക സംഘം അറിയിച്ചു.
400,000 പേര്‍ ജീവിക്കുന്ന കിഴക്കന്‍ ഗൗഥ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഉപരോധത്തിലാണ്. ഇതിന്നിടെയാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."