അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പാലക്കാട് ജില്ലാ കളക്ടറോടും എസ്.പിയോടും കമ്മിഷന്‍ വിശദീകരണം തേടി. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ഒരു സംഘം മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന് പിടികൂടി മര്‍ദിച്ചത്. വനത്തില്‍ 10 കിലോമീറ്റര്‍ ഉള്ളിലേക്കു മാറി ഗുഹയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മധു. കൈയിലെ ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്ന് വിശക്കുമ്പോള്‍ മാത്രമാണ് മധു കാടിറങ്ങാറ്. ടോര്‍ച്ച്, ബാറ്ററി എന്നിവയും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാര്‍ പിടികൂടുമ്പോള്‍ കൈയില്‍ അരി മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയതിനെ തുടര്‍ന്നു പൊലിസെത്തി മധുവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."