ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമം: 16 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 260 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 16 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 260 കേസുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016 ജൂണ്‍ മുതല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്.
ഈ കാലയളവില്‍ ഒരു കൊലപാതകമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിലാണ് അത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വയനാട് ജില്ലയില്‍ നിന്നാണ്. 92 കേസുകള്‍. 33 കേസുകളുമായി ഇടുക്കിയാണ് രണ്ടാമത്. കാസര്‍കോട്‌നിന്ന് 30 കേസുകളും പാലക്കാട്‌നിന്ന് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആറു കേസുകള്‍ മാരകമായി പരുക്കേല്‍പ്പിച്ചതും 51 കേസുകള്‍ ബലാത്സംഗവുമാണ്.
മര്‍ദനം, അധിക്ഷേപം, ജാതിപ്പേര് വിളിക്കല്‍ തുടങ്ങിയ സംഭവങ്ങളിലായി 202 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയുള്ള അക്രമം ഓരോ വര്‍ഷവും കൂടിവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണവും മറ്റും കാര്യക്ഷമമാണെന്നാണ് പട്ടികവര്‍ഗ വകുപ്പ് അധികൃതരുടെ അവകാശവാദം.
ഊരുക്കൂട്ടങ്ങളില്‍ ആദിവാസികള്‍ക്കായി നിയമ ബോധവല്‍ക്കരണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും അതുകൊണ്ട് പീഡനങ്ങള്‍ക്കെതിരേ നിയമസഹായം തേടാന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുണ്ടെന്നും വകുപ്പ് അധികൃതര്‍ പറയുന്നു.
എന്നാല്‍, ഭീഷണിയെയും പ്രലോഭനത്തെയും തുടര്‍ന്ന് പരാതി നല്‍കുന്നവര്‍ പിന്നീട് കേസ് പിന്‍വലിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."