എന്‍.സി.ഇ.ആര്‍.ടി സിലബസ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പകുതിയാക്കും: പ്രകാശ് ജാവ്‌ദേക്കര്‍
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി സിലബസ് പകുതിയാക്കി കുറക്കാന്‍ തീരുമാനിച്ചതായി മനുഷ്യവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.
വിദ്യാര്‍ഥികളുടെ അവബോധം വര്‍ധിപ്പിക്കല്‍, പഠന രംഗത്ത് അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം എന്നിവ ലക്ഷ്യം വച്ചാണ് സിലബസ് കുറക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സിലബസിന്റെ പകുതിയാക്കി കുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 2019 അക്കാദമിക് വര്‍ഷത്തില്‍ ഇത് നടപ്പിലാക്കുമെന്ന് രാജ്യസഭാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബി.എ, ബി.കോം പഠനത്തിനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ സ്‌കൂള്‍ സിലബസ്. കുട്ടികള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങളിലേക്കു കൂടി സമയം കണ്ടെത്താന്‍ സിലബസ് പകുതിയായി കുറക്കുകയെന്നതാണ് ലക്ഷ്യം.
രാജ്യത്ത് നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് അവസാനം സര്‍ക്കാരിന് മുന്‍പാകെ വയ്ക്കും. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇതുസംബന്ധിച്ച ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരും.
മാര്‍ച്ച് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് മെയ് മാസത്തില്‍ വീണ്ടും പരീക്ഷ നടത്തും. കാര്യമായ പരിശീലനമില്ലാത്ത അധ്യാപകരുടെ പഠനം വിദ്യാഭ്യാസ രംഗത്ത് വലിയ തിരിച്ചടിക്ക് കാരണമാകുന്നുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് പഠന നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."