മാന്‍ഹോള്‍ വൃത്തിയാക്കാന്‍ യന്തിരന്: പ്രവര്‍ത്തന ഉദ്ഘാടനം നാളെ
തിരുവനന്തപുരം: മനുഷ്യപ്രയത്നമില്ലാതെ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന യന്ത്രമനുഷ്യന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ നടക്കും. വാട്ടര്‍ അതോറിറ്റിയും ജെന്റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനവും ചേര്‍ന്നാണ് ബന്ഡിക്കൂട്ടെന്നെ യന്ത്രസംവിധാനം യാഥാര്‍ഥ്യമാക്കിയത്. വെള്ളയമ്പലം ജലഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. അഴുക്കുചാല്‍ ശുചീകരണത്തിലെ ആപല്‍ സാധ്യതകളും ബുദ്ധിമുട്ടുകളും വിലയിരുത്തി മുഖ്യമന്ത്രി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു യന്ത്രത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിയതെന്ന് മന്ത്രി മാത്യു ടി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച യന്ത്രത്തിന്റെ പ്രവര്‍ത്തനമാണ് തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ യന്ത്രങ്ങള്‍ നിര്‍മിച്ച് വ്യാപകമാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."