മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍: പരിശോധന തുടങ്ങി
തൊടുപുഴ: മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് പരിശോധനകള്‍ തുടങ്ങി. ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികള്‍ തുടങ്ങിയത്. എട്ടു വില്ലേജുകളിലായി നൂറോളം അനധിക്യത കൈയ്യേറ്റങ്ങള്‍ കണ്ടെത്തിയ ഇദ്യോഗസ്ഥ സംഘം കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതികള്‍ ക്യാമറകളില്‍ പകര്‍ത്തുന്നുണ്ട്.
മൂന്നാര്‍ ടൗണിലെ ഇക്കാ നഗറില്‍ 20 അനധിക്യത വന്‍കിട കൈയ്യേറ്റങ്ങള്‍ കണ്ടെത്തുകയും എട്ടു കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. പള്ളിവാസലില്‍ 14 വന്‍കിട കൈയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടികള്‍ ആരംഭിച്ചതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ദേവികുളം താലൂക്കിലെ എട്ടു വില്ലേജുകളില്‍ കലക്ടറുടെ എന്‍ഒസി വാങ്ങാതെ തഹസില്‍ദാരുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന മോഡിഫിക്കേഷന്‍ പെര്‍മിറ്റും ഉപയോഗിച്ച് നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി ആര്‍ഡിഒ സബിന്‍ സമീദ് കണ്ടെത്തിയിരുന്നു.
ചോലവനങ്ങള്‍ വെട്ടിതെളിച്ചും മലകള്‍ ഇടിച്ചുനിരത്തിയും ഭൂമാഫിയകള്‍ വന്‍കിടകെട്ടിടങ്ങള്‍ പണിയുന്നത് തടയുവാന്‍ കലക്ടറുടെ എന്‍ഒസി അനിവാര്യമാക്കണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് 2010 ജനുവരിയില്‍ ഉത്തരവിട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ചെവികൊണ്ടിരുന്നില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ താലൂക്കില്‍ ആയിരക്കണക്കിനു കൈയ്യേറ്റങ്ങള്‍ നടന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. പല വില്ലേജുകളിലും കൈയ്യേറ്റം സംബന്ധിച്ച ഫയലുകള്‍ കാണാനില്ല.
വര്‍ഷങ്ങളായി താലൂക്കിലെ കൈയ്യേറ്റങ്ങള്‍ അധിക്യതരുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയിരുന്ന പല കെട്ടിടങ്ങളും പണിപൂര്‍ത്തിയാക്കി ഹോട്ടലുകളും ഹോംസ്‌റ്റേകളുമായി മാറുകയും ചെയ്തു. സ്വന്തം ഭൂമിയെന്ന് അവകാശപ്പെടാന്‍ രേഖകള്‍ ഇല്ലാത്ത പല കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പറുകളും പെര്‍മിറ്റും നല്‍കി. പഞ്ചായത്തിലും റവന്യു ഓഫീസുകളിലും എത്തുന്ന ഇടനിലക്കാരുടെ സഹായത്തോടെ നടത്തിയ ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരും മൗനാനുവാദം നല്‍കി.
മൂന്നാറിന്റെ ആവാസ വ്യവസ്ഥയ്ക്കു കോട്ടംതട്ടുന്ന രീതിയില്‍ നടക്കുന്ന നിര്‍മാണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അനധികൃതമായി നിര്‍മാണം നടത്തുന്നവരെ കണ്ടെത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശമുള്ളത്.
മൂന്നാര്‍ ഉള്‍പ്പെടുന്ന കെഡിഎച്ച്, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി തുടങ്ങിയ എട്ടു വില്ലേജുകളിലാണ് കെട്ടിട നിര്‍മാണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."